വാഷിംഗ്ടണ്‍: പാക് സൈന്യത്തിനുള്ളിലെ ഭീകരവാദികളുടെ സാന്നിധ്യത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിച്ച മാധ്യമപ്രവര്‍ത്തകനായ സലിം ഷഹ്സാദിന്റെ കൊലപാതകത്തിനുപിന്നില്‍ പാക് ചാര സംഘടനയായ ഐഎസ്ഐയാണെന്ന് അമേരിക്കന്‍ അധികൃതര്‍ വെളിപ്പെടുത്തിയതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഐഎസ്ഐയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തന്നെയാണ് ഷഹ്സാദിനെ കൊല്ലാന്‍ ഉത്തരവിട്ടതെന്നും സൈന്യത്തിനുള്ളിലെ തിരിമറികള്‍ ഇദ്ദേഹം ഇനിയും പുറത്തുകൊണ്ടുവരുമെന്നുള്ള ഭയം മൂലമാണ് സംഘടന ഇത്തരമൊരു കൃത്യം നടത്തിയതെന്നും അമേരിക്കന്‍ സുരക്ഷാ വിഭാഗത്തിലെ രണ്ട് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അറിയിച്ചതായി റിപ്പോര്‍ട്ടിലുണ്ട്. അഫ്ഗാനിസ്ഥാനിലും കാശ്മിരിലുമുള്ള ഭീകരവാദികളുമായി അവിശുദ്ധ ബന്ധം തുടരുന്ന സംഘടനയാണ് ഐഎസ്ഐ. ഇവരുടെ പല പ്രവര്‍ത്തനങ്ങളും അത്യന്തം പൈശാചികമാണ് ഉദ്യോഗസ്ഥര്‍ അഭിപ്രായപ്പെട്ടു. ഷഹ്സാദിന്റെ വധം പാക്കിസ്ഥാനിലെ മാധ്യമപ്രവര്‍ത്തകരെയൊന്നടങ്കം ഞെട്ടിച്ചിരിക്കുകയാണെന്നും ഭീകരന്മാരുമായി ചേര്‍ന്ന് ഐഎസ്ഐ നടപ്പാക്കുന്ന കിരാത വ്യവസ്ഥയെ ന്യായീകരിക്കാനാവില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
മെയ് രണ്ടിന് അബോട്ടാബാദിലെ വസതിയില്‍ വെച്ച് അല്‍ഖ്വയ്ദ തലവന്‍ ഒസാമ ബിന്‍ലാദനെ അമേരിക്കന്‍ സൈന്യം വധിച്ചതു മുതല്‍ ഇരു രാജ്യങ്ങളും തമ്മില്‍ നിലവിലുള്ള അസ്വാരസ്യങ്ങള്‍ക്ക് ആക്കം കൂട്ടുന്നതാണ് അമേരിക്കയുടെ പുതിയ വെളിപ്പെടുത്തലുകള്‍. പാക്കിസ്ഥാന്റെ മൗനാനുവാദം കൂടാതെ ഒസാമക്ക് രാജ്യത്ത് തുടരാനാകുമായിരുന്നില്ലെന്ന് ചില മുതിര്‍ന്ന അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ അഭിപ്രായപ്പെട്ടത് പാക് രഹസ്യാന്വേഷണ ഏജന്‍സിയായ ഐഎസ്ഐയുടെ പ്രതിഛായയ്ക്ക് കോട്ടം വരുത്തിയിരുന്നു. എന്നാല്‍ മാധ്യമപ്രവര്‍ത്തകന്റെ വധത്തില്‍ പങ്കുണ്ടെന്ന വിധത്തില്‍ പ്രചരിക്കുന്ന റിപ്പോര്‍ട്ടുകള്‍ അടിസ്ഥാനരഹിതമാണെന്നും സംഭവത്തെക്കുറിച്ച് സര്‍ക്കാര്‍ വിശദമായ അന്വേഷണം നടത്തിവരികയാണെന്നും ഐഎസ്ഐ വക്താക്കള്‍ അവകാശപ്പെട്ടു. ഷഹ്സാദിന്റെ കൊലപാതകം അത്യന്തം ദൗര്‍ഭാഗ്യകരമായിപ്പോയെന്നും എന്നാല്‍ ഈ കൊലപാതകത്തെ ഐഎസ്ഐക്കെതിരായ ആയുധമായി ഉപയോഗിക്കുന്നതിനോട് വിയോജിപ്പുണ്ടെന്നും സംഘടനാ വൃത്തങ്ങള്‍ അറിയിച്ചു.
ഇറ്റാലിയന്‍ ന്യൂസ് ഏജന്‍സിക്ക് വേണ്ടി പ്രവര്‍ത്തിച്ചു വരികയായിരുന്ന ഷഹ്സാദിനെ ഒരുടെലിവിഷന്‍ പരിപാടിയില്‍ പങ്കെടുക്കാനായി പോകുന്ന വഴിയില്‍ കാണാതാവുകയായിരുന്നു. അല്‍ഖ്വയ്ദയേയും പാക്സൈന്യത്തേയും സംബന്ധിച്ച ഒരു വാര്‍ത്ത തന്റേതായി പ്രസിദ്ധീകരിച്ചതിന് ശേഷമാണ് ഇദ്ദേഹത്തെ കാണാതായത്. എന്നാല്‍ രണ്ടുദിവസങ്ങള്‍ക്കുശേഷം ഇദ്ദേഹത്തിന്റെ മൃതശരീരം കണ്ടുകിട്ടിയെങ്കിലും ക്രൂരമായ പീഡനത്തിനിരയായാണ് ഷഹ്സാദ് കൊല്ലപ്പെട്ടതെന്ന് പരിശോധനയില്‍ തെളിഞ്ഞിരുന്നു. ഇതോടൊപ്പം തനിക്ക് ഐഎസ്ഐ അധികൃതരില്‍നിന്ന് നിരന്തരം ഭീഷണിയുണ്ടായിരുന്നുവെന്ന് ഷഹ്സാദ് തന്നോട് വെളിപ്പെടുത്തിയിരുന്നതായി മനുഷ്യാവകാശ പ്രവര്‍ത്തകനായ അലി ദയാന് ഹസന് പത്രക്കുറിപ്പിറക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: