മാലിന്യക്കൂമ്പാരങ്ങള്‍ കൊച്ചിയുടെ ശാപമായി മാറുമ്പോഴും മാലിന്യ നിര്‍മാര്‍ജനം ഇന്നും ഒരു പ്രഹേളികയായി തുടരുന്നു. എറണാകുളം നഗരത്തിലെയും പരിസര പ്രദേശത്തെയും മാലിന്യങ്ങള്‍ ബ്രഹ്മപുരത്ത് നിക്ഷേപിക്കുകവഴി ബ്രഹ്മപുരം മാത്രമല്ല സമീപ പഞ്ചായത്തുകള്‍പോലും മലിനീകരണബാധ അനുഭവിക്കുകയാണ്. സംസ്ക്കരിക്കാത്ത നഗരമാലിന്യം ശേഖരിച്ച് തള്ളുന്നത് കോര്പ്പറേഷന് മാലിന്യസംസ്ക്കരണ പ്ലാന്റിന് ഏറ്റെടുത്ത ചതുപ്പുനിലം നികത്തിയ സ്ഥലത്തായതിനാല്‍ ഇതിലെ വിഷാംശം വടവുകോട്, കുന്നത്തുനാട്, അമ്പലമുകള്‍, ഇരുമ്പനം മുതലായ സമീപ പഞ്ചായത്തുകളിലെ ജലസ്രോതസ്സുകളും അന്തരീക്ഷവും മലിനീകരിക്കുകയാണ്.
ബ്രഹ്മപുരം മാലിന്യനിര്‍മാര്‍ജന പ്ലാന്റിനുവേണ്ടി സ്ഥലം ഏറ്റെടുത്തത് മുതല്‍ പ്ലാന്റ് പണിയുന്നതിലും മറ്റും വ്യാപകമായി കോടികള്‍ മതിക്കുന്ന അഴിമതി നടന്നുവെന്നാരോപണമുണ്ട്. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും കോടികള്‍ മുടക്കി പണിത പ്ലാന്റ് പ്രവര്‍ത്തനസജ്ജമാകാതെ നികത്തു ഭൂമിയില്‍ താണുകൊണ്ടിരിക്കുകയാണ്. പക്ഷേ മാലിന്യശേഖരണവും തള്ളലും നിര്‍ബാധം തുടരുന്നു.
ഇപ്പോള്‍ കോയമ്പത്തൂര്‍ മോഡലില്‍ പുതിയ മാലിന്യനിര്‍മാര്‍ജനപ്ലാന്റ് ഉണ്ടാക്കാനുള്ള നീക്കം അമ്പലമുകള്‍ വടവുകോട് പ്രദേശത്തുനിന്ന് മാത്രമല്ല, അയല്‍ പഞ്ചായത്തുകളില്‍നിന്നുപോലും കടുത്ത പ്രതിഷേധം ക്ഷണിച്ചുവരുത്തിക്കഴിഞ്ഞു. ഇപ്പോള്‍ അവിടെ തള്ളിയിരിക്കുന്ന മാലിന്യക്കൂമ്പാരങ്ങള്‍ ഉളവാക്കുന്ന മലിനീകരണത്തിന് അറുതിവരുത്താതെ മറ്റൊരു പ്ലാന്റ് ഉയരാന്‍ അനുവദിക്കില്ലെന്ന വാശിയിലാണ് പഞ്ചായത്തുകള്‍. ഇന്ന് മാലിന്യനിര്‍മാര്‍ജനം എന്നാല്‍ മാലിന്യം ശേഖരിച്ച് അടുത്ത പഞ്ചായത്തിലോ വിജന പ്രദേശത്തോ തള്ളുക എന്നാണ് സങ്കല്‍പ്പം. പെരിയാര്‍ കുടിവെള്ളമാണെന്നിരിക്കെ അതില്‍പ്പോലും കക്കൂസ് മാലിന്യം നിക്ഷേപിക്കാന്‍ കരാറുകാര്‍ തയ്യാറാകുന്നു. മാലിന്യം പേറി അയല്‍ പ്രദേശങ്ങളിലേക്ക് നീങ്ങുന്ന ലോറികള്‍ അത് തങ്ങളുടെ പ്രദേശത്ത് തള്ളാതെ കയ്യോടെ പിടികൂടുന്ന നിലയിലേക്ക് ജനം ജാഗരൂകരായിരിക്കുന്നു. മാലിന്യ സംസ്ക്കരണം വികേന്ദ്രീകരിക്കേണ്ട സമയം അതിക്രമിച്ചുവെന്നാണ് ഈ വ്യാപകപ്രതിഷേധം തെളിയിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: