കൊച്ചി: ശതകോടികളുടെ സ്വത്തുവകകള്‍ കണ്ടെത്തിയതിനേ തുടര്‍ന്ന് തിരുവനന്തപുരം ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന് വന്‍ സുരക്ഷാഭീഷണിയെന്ന് സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം. ആയിരക്കണക്കിന് കിലോ സ്വര്‍ണ്ണാഭരണങ്ങളും അപൂര്‍വ്വയിനം രത്നങ്ങളും ക്ഷേത്രത്തിലുണ്ടെന്ന വിവരം പുറത്തുവന്നതോടെ ക്ഷേത്രത്തിന് നേരെ വന്‍ കവര്‍ച്ചാ സംഘങ്ങളുടെ ആക്രമണമുണ്ടാകാനുള്ള സാധ്യത വര്‍ദ്ധിച്ചിരിക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. രാജ്യത്തെ പ്രമുഖ ഹൈന്ദവ ക്ഷേത്രമെന്ന നിലയിലും ഏറ്റവുമധികം അമൂല്യനിധിശേഖരങ്ങള്‍ ക്ഷേത്രത്തിനുള്ളിലുണ്ടെന്ന വിവരം പുറത്തുവന്നതിനാലും സുരക്ഷാ ഭീഷണി അതീവ ഗൗരവകരമായെടുക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ഇന്റലിജന്‍സും കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.
ക്ഷേത്രത്തിന്റെ സുരക്ഷാ ചുമതലയുള്ള മതിലകം ഗാര്‍ഡിന്റെ പരിധിയില്‍ നില്ക്കുന്നതല്ല ഇപ്പോഴത്തെ സ്ഥിതിയെന്നും കേരളാ പോലീസിലെ സായുധ വിഭാഗമോ കേന്ദ്ര സുരക്ഷാ വിഭാഗങ്ങളിലെ ഏതെങ്കിലും വിങ്ങിനോ ക്ഷേത്രത്തിന്റെ സുരക്ഷാ ചുമതല കൈമാറണമെന്നാണ് സ്പെഷ്യല്‍ ബ്രാഞ്ചിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇരുപത്തിനാലു മണിക്കൂറും സായുധ സേനയുടെ സംരക്ഷണയിലേക്ക് ക്ഷേത്രത്തെ മാറ്റണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
എട്ടേക്കറോളം വരുന്ന ക്ഷേത്രത്തിനുള്ളില്‍ വെറും വടിയും കൊണ്ടു മാത്രമായി കാവല്‍ നില്ക്കുന്ന ഗാര്‍ഡുമാര്‍ക്ക് സായുധമായൊരു ആക്രമണത്തെ നേരിടാനാകില്ലെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിരീക്ഷണം. നിധികള്‍ ഇരിക്കുന്ന അറകളെല്ലാം പരിശോധനയ്ക്കായി തുറന്നിട്ടിരിക്കുന്ന നിലയിലുമാണ്. ക്ഷേത്രത്തിലെ മറ്റു ജീവനക്കാരടക്കം 208 പേരാണ് നിലവില്‍ ഇവിടെയുള്ളത്. ഇവരില്‍ ഗാര്‍ഡുമാര്‍ക്കാണ് ഇപ്പോള്‍ ക്ഷേത്രത്തിന്റെ സുരക്ഷാ ചുമതലയുള്ളത്. രാവും പകലും ക്ഷേത്രത്തിനകത്ത് ഗാര്‍ഡുമാര്‍ മാത്രമാണ് കാവല്‍ നില്‍ക്കുന്നത്.
27-ാം തീയതി ക്ഷേത്രത്തിലെ അറകള്‍ തുറന്നു പരിശോധന ആരംഭിച്ചതു മുതല്‍ പുറത്തുവന്നുകൊണ്ടിരിക്കുന്ന വിവരങ്ങള്‍ എല്ലാവരുടേയും ശ്രദ്ധ ആകര്‍ഷിച്ചിട്ടുണ്ട്. ഇന്നലെ തുറന്ന അഞ്ചാമത്തെ അറയില്‍ നിന്നുമാത്രം ചാക്കുകണക്കിന് സ്വര്‍ണ്ണാഭരണങ്ങളാണ് കണ്ടെടുത്തത്. അപൂര്‍വ്വയിനം രത്നങ്ങളും കിരീടങ്ങളും കണ്ടെടുത്തവയില്‍പെടുന്നു. ഇന്നലെ തുറന്ന കല്ലറ ഇടിഞ്ഞുപൊളിഞ്ഞ നിലയിലായിരുന്നു. അറയിലെ മണ്ണും കല്ലും മാറ്റിയ ശേഷമാണ് പരിശോധനാ സംഘത്തിന് അമൂല്യനിധിശേഖരം കണ്ടെത്താനായത്. നിരവധി ദിവസങ്ങളെടുത്താലും കണക്കെടുപ്പ് അവസാനിപ്പിക്കാനാവാത്ത വിധത്തില്‍ ഇനിയും അറകള്‍ക്കകത്ത് നിധിശേഖരമുണ്ടെന്നും സൂചനകളുണ്ട്. ഏകദേശം മൂവായിരം കോടിയുടെ നിധിശേഖരങ്ങളാണ് ഇവിടെയുള്ളതെന്നാണ് പരിശോധന നടത്തുന്ന സംഘത്തിന്റെ കണക്കുകൂട്ടല്‍.
തിങ്കളാഴ്ച മുതല്‍ ക്ഷേത്രത്തിനകത്തെ ശതകോടികളുടെ വിവരം പുറത്തു വന്നു തുടങ്ങിയെങ്കിലും സുരക്ഷ സംബന്ധിച്ച് കേരളാ പോലീസ് സ്വീകരിച്ച നിലപാടുകള്‍ ലാഘവബുദ്ധിയോടെയുള്ളതായിരുന്നു. അറകള്‍ തുറന്നു പരിശോധന നടക്കുന്ന സമയങ്ങളിലെല്ലാം വിരലിലെണ്ണാവുന്ന പോലീസ് സംഘമാണ് പുറത്ത് കാവലിനുണ്ടായിരുന്നത്. ബുധനാഴ്ച രാത്രിയില്‍ പോലീസ് കാവല്‍ ക്ഷേത്രത്തിന് പുറത്ത് ഇല്ലായിരുന്നു എന്നും വിവരമുണ്ട്. സംസ്ഥാന സര്‍ക്കാരും പോലീസ് മേധാവികളും പത്മനാഭ സ്വാമിക്ഷേത്രത്തിന്റെ സുരക്ഷയുടെ കാര്യത്തില്‍ യാതൊരു താല്‍പ്പര്യവും എടുക്കുന്നില്ല. ക്ഷേത്രത്തിന്റെ സ്വത്തില്‍ കണ്ണും നട്ട് എന്തെങ്കിലും ചെയ്യുകയാണെന്ന വിവാദമുയരുമെന്നാണ് സര്‍ക്കാരിന്റെ ഭയം. എന്നാല്‍ രാജ്യത്തെ പ്രമുഖ ഹൈന്ദവ ദേവാലയത്തിന്റെ നിലനില്‍പ്പിനെത്തന്നെ ഗുരുതരമായി ബാധിക്കുന്ന സുരക്ഷ സംബന്ധിച്ച ആശങ്കകള്‍ ഉയരുകയാണ്. രാജ്യത്തെ തന്നെ ഏറ്റവുമധികം സ്വത്ത് കണ്ടെത്തിയ ക്ഷേത്രമെന്ന നിലയില്‍ പത്മനാഭസ്വാമിക്ഷേത്രത്തിന്റെ സുരക്ഷ രാജ്യസുരക്ഷയ്ക്കു തന്നെ വെല്ലുവിളിയുയര്‍ത്തിയേക്കും.
-എസ്. സന്ദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: