തിരുവനന്തപുരം: നിയമനിര്‍മാണമല്ല ആക്രോശങ്ങളും വെല്ലുവിളികളും കയ്യാങ്കളിയുടെ വക്കോളമെത്തിയ സംഘര്‍ഷങ്ങളുമാണ് സഭയില്‍ ഇന്നലെ ആധിപത്യം ഉറപ്പിച്ചത്. അനിയന്ത്രിതമായ സംഭവങ്ങളെത്തുടര്‍ന്ന് സഭ രണ്ടു മണിക്കൂറിലേറെ നിര്‍ത്തിവച്ചു. തുടര്‍ന്നു നടത്തിയ കൂടിയാലോചനകളും ഫലം കണ്ടില്ല. ഒടുവില്‍ പ്രതിപക്ഷത്തിന്റെ നിസ്സഹകരണവും ബഹളവും നിലനില്‍ക്കെ പേപ്പര്‍ ലോട്ടറികളിന്മേലുള്ള കേരള നികുതി ഭേദഗതി വിഷയ നിര്‍ണയ കമ്മറ്റിക്ക് വിട്ടു. ഓര്‍ഡിനന്‍സിന് പകരമുള്ളതായിരുന്നു ബില്‍. വളരെ സജീവമായി ചര്‍ച്ച ചെയ്യപ്പെടുമായിരുന്ന ബില്ലാണിത്.
സ്വാശ്രയ കോളേജ് പ്രശ്നം സംബന്ധിച്ച് സഭയ്ക്കു പുറത്ത് വിദ്യാര്‍ഥികളും യുവജന സംഘടനകളും നടത്തിയ സമരങ്ങളും സംഘര്‍ഷങ്ങളുമാണ് നിയമസഭയില്‍ ബഹളത്തിനും കടുത്ത സംഘര്‍ഷത്തിനും വഴിവച്ചത്. ചോദ്യം തുടങ്ങിയപ്പോള്‍ത്തന്നെ പ്രതിപക്ഷ ബഹളവും ആരംഭിച്ചു. വിദ്യാഭ്യാസക്കച്ചവടക്കാര്‍ക്ക് സര്‍ക്കാര്‍ കൂട്ടുനില്‍ക്കുകയാണെന്നും ഇതിനെതിരെ സമരം ചെയ്യുന്ന വിദ്യാര്‍ഥികളെ നിഷ്ഠുരമായി മര്‍ദിക്കുകയാണെന്നും കാണിച്ചു കൊണ്ടുള്ള പ്ലക്കാര്‍ഡുകളുമായാണ് പ്രതിപക്ഷ അംഗങ്ങള്‍ സഭയില്‍ സ്ഥാനം പിടിച്ചത്. ചോദ്യോത്തരത്തിലുടനീളം പ്രതിപക്ഷത്തിന്റെ നിസ്സഹകരണ സമീപനങ്ങളും ചിലപ്പോള്‍ ബഹളങ്ങളും കടന്നു വന്നു. ചോദ്യോത്തരം തീര്‍ന്ന ഉടനെ പ്രശ്നം സംബന്ധിച്ച് അടിയന്തര പ്രമേയത്തിന് അനുമതി തേടിയ കാര്യം സ്പീക്കര്‍ ജി.കാര്ത്തികേയന് സഭയെ അറിയിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആദ്യം മറുപടി നല്കിക്കൊണ്ടിരിക്കെതന്നെ പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദനും മുന്‍ വിദ്യാഭ്യാസ മന്ത്രി എം.എ.ബേബിയും ഇടപെട്ട് സംസാരിക്കുന്നുണ്ടായിരുന്നു.
സ്വാശ്രയ പ്രശ്നത്തിന്റെ പേരില്‍ നടത്തിയ സമരത്തിനിടയില്‍ ഉണ്ടായ സംഭവങ്ങളില്‍ ദുഃഖമുണ്ടെന്ന് അറിയിച്ച മുഖ്യമന്ത്രി, ഇതെല്ലാം ഒഴിവാക്കേണ്ടതായിരുന്നു എന്ന് അഭിപ്രായപ്പെട്ടു. സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സംബന്ധിച്ച് കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ച അതേ നയമാണ് ഈ സര്‍ക്കാരും സ്വീകരിക്കുന്നത്. അതില്‍നിന്ന് ഒരിഞ്ച് പുറകോട്ടു പോയിട്ടില്ല. സാമൂഹ്യ നീതിയില്‍ ഉറച്ചു നിന്ന് ആത്മാര്‍ഥമായി നയം നടപ്പാക്കാന്‍ ശ്രമിക്കുമ്പോള്‍ സഹകരിക്കാമെന്ന് പ്രതിപക്ഷ നേതാവ് ഉറപ്പു നല്‍കിയതാണ്. സാമൂഹ്യനീതി ഉപേക്ഷിച്ച് ഒരു മാനേജ്മെന്റിന്റെ മുന്നിലും സര്‍ക്കാര്‍ മുട്ടു മടക്കില്ല. ഇന്നത്തെ പ്രതിപക്ഷം അഞ്ചു കൊല്ലം ഭരിച്ചപ്പോള്‍ ഒരു തരത്തിലും സഹകരിക്കാത്തവരാണ് സംയുക്ത ക്രിസ്ത്യന്‍ മാനേജ്മെന്റ്. അവര്‍ക്കെന്തിനാണ് അവസാന നിമിഷം പിജി കോഴ്സ് തുടങ്ങാന്‍ അനുമതി നല്‍കിയതെന്ന് ഉമ്മന്‍ചാണ്ടി ചോദിച്ചു.
പിജി കോഴ്സ് നല്‍കിയതാണ് പ്രശ്നം. സാമൂഹ്യനീതി അട്ടിമറിക്കാന്‍ സാഹചര്യമൊരുക്കിയത് ഇടതുപക്ഷ സര്‍ക്കാരാണ്. ക്രിസ്ത്യന്‍ മാനേജ്മെന്റു മാത്രമല്ല സിപിഎം ഭരണം നടത്തുന്ന പരിയാരം സഹകരണ മെഡിക്കല്‍ കോളേജും സാമൂഹ്യ നീതി പാലിക്കാതെ പ്രവേശനം നല്കിയതും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
വിദ്യാര്‍ഥിസമരം കേരളത്തില്‍ പുതുതായി ഉണ്ടായതല്ല. എന്നാല്‍ പെട്രോള്‍ ബോംബ് ഉള്‍പ്പെടെ മാരകായുധങ്ങളുമായി സമരരംഗത്തിറങ്ങിയ കാഴ്ചയാണ് ഇന്നലെ കാണാനായത്. പതാക കൊണ്ട് മുഖം മറച്ച് ആയുധവുമായി പോലീസിനെ നേരിടുന്ന സമരമുറ വേണോ എന്ന് എല്ലാവരും ആലോചിക്കണം. എന്തിനാണീ സമരം? അതിനുള്ള സാഹചര്യമെന്താണ്? മുഖ്യമന്ത്രി ചോദിച്ചു.
തുടര്‍ന്ന് പ്രമേയത്തിന് അവതരണാനുമതി തേടി സംസാരിച്ച കോടിയേരി ബാലകൃഷ്ണന് സ്വാശ്രയ പ്രശ്നവും വിദ്യാര്‍ഥികളെയും യുവജന പ്രവര്‍ത്തകരെയും മര്‍ദിച്ചതും ഗൂഢാലോചനയുടെ ഫലമാണെന്ന് ആരോപിച്ചു. പ്രതിപക്ഷ വിദ്യാര്‍ഥി സംഘടനകള്‍ മാത്രമല്ല ഭരണപക്ഷത്തെ വിദ്യാര്‍ഥി സംഘടനകളും സമരത്തിനിറങ്ങിയതാണ്. രണ്ടു പക്ഷത്തെയും സമരത്തെ ഒരു പോലെയല്ല പോലീസ് കണ്ടത്. പ്രതിപക്ഷ പ്രവര്‍ത്തകരെ നിഷ്ഠുരം മര്‍ദിക്കുക, തല അടിച്ചു പൊട്ടിക്കുക, പല്ലു കൊഴിക്കുക, കൈ ഒടിക്കുക തുടങ്ങിയ മര്‍ദന രീതിയാണ് പോലീസ് സ്വീകരിച്ചത്. ലാത്തി, ജലപീരങ്കി, ഗ്രനേഡ് തുടങ്ങിയവ യഥേഷ്ടം ഉപയോഗിച്ചു. ഭീകരവാദികളെ നേരിടാന്‍ വാങ്ങിയ ആയുധങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക് നേരെ ഉപയോഗിച്ചു. എംഎല്‍എയെ പോലും വെറുതെ വിട്ടില്ല. മാവേലിക്കര എംഎല്‍എ രാജേഷിനെ എംഎല്‍എ ആണെന്നറിഞ്ഞിട്ടും മര്‍ദിച്ചു. മര്‍ദനത്തിന് പ്രത്യേക പോലീസിനെ നിയോഗിച്ചതായും കോടിയേരി ബാലകൃഷ്ണന് ആരോപിച്ചു.
ഇതിനു മറുപടിയായി എംഎല്‍എയെ മര്‍ദിക്കുകയല്ല സംരക്ഷിക്കുകയാണ് പോലീസ് ചെയ്തതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയപ്പോള്‍ കീറിയ ഷര്‍ട്ടുകളും മുണ്ടുകളും പൊക്കി പിടിച്ച് ഒരു വിഭാഗം പ്രതിപക്ഷ അംഗങ്ങള്‍ ബഹളം വച്ചു. ഇതിനിടയില്‍ ബാബു എം.പാലിശ്ശേരി മര്‍ദനമേറ്റെന്ന് പറയപ്പെടുന്ന ആര്.രാജേഷിന്റെ കയ്യും പിടിച്ച് മുഖ്യമന്ത്രിയുടെ ഇരിപ്പിടത്തിനു മുന്നിലെത്തി കയര്‍ക്കാന്‍ തുടങ്ങി. മറ്റ് പ്രതിപക്ഷാംഗങ്ങളും ഇവരോടൊപ്പമെത്തി. ഭരണ ബഞ്ചും പ്രകോപിതമായി. ഭരണകക്ഷി അംഗങ്ങള്‍ മുഖ്യമന്ത്രിയെ സംരക്ഷിക്കാനായി ഓടിയെത്തി. പരസ്പരം ആക്രോശങ്ങളും ഭീഷണികളും ഉയര്‍ത്തുന്നതിനിടയില്‍ വാച്ച് ആന്റ് വാര്‍ഡ് ഒരു മതില് തീര്‍ത്തതിനാല്‍ പുറത്തെ സംഘര്‍ഷത്തിന്റെ പേരില്‍ ഉടലെടുത്ത സംഭവം സഭാ തലത്തില്‍ ചോരയൊഴുകുന്നത് ഇല്ലാതാക്കി. തുടര്‍ന്ന് സ്പീക്കര്‍ ജി.കാര്ത്തികേയന് സഭാ നടപടികള്‍ നിര്‍ത്തി വച്ചു.
10.20ന് നിര്‍ത്തി വച്ച സഭ 12.30നാണ് വീണ്ടും ചേര്‍ന്നത്. ഇതിനിടെ ഇരുപക്ഷവുമായി സ്പീക്കര്‍ ചര്‍ച്ച നടത്തിയിരുന്നു. രണ്ടു മണിക്കൂറിലേറെ നിര്‍ത്തി വച്ച സഭയില്‍ ഇടയ്ക്കിടയ്ക്ക് മുദ്രാവാക്യം ഉയര്‍ന്നു കൊണ്ടിരുന്നു.
സഭ വീണ്ടും ചേര്‍ന്ന ഉടന്‍ ഉണ്ടായ സംഭവങ്ങള്‍ ഒരിക്കലും നടക്കാന്‍ പാടില്ലാത്തതാണെന്ന് സ്പീക്കര്‍ ഓര്‍മിപ്പിച്ചു. പോര്‍വിളിയും കയ്യാങ്കളിയും വരെ ഉണ്ടായ സംഭവം ദൗര്‍ഭാഗ്യകരമാണെന്ന് അറിയിച്ച സ്പീക്കര്‍ അതിനു നേതൃത്വം നല്കിയ ബാബു എം.പാലിശ്ശേരിയെ ശക്തമായി താക്കീതു ചെയ്തു. ഇത് ഇനി ആവര്‍ത്തിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പു നല്കി. സഭയില്‍ പ്രകോപനങ്ങളുണ്ടാകാറുണ്ട്. നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിക്കാറുണ്ട്. തിരിച്ചും മുദ്രാവാക്യങ്ങളുണ്ടായിട്ടുണ്ട്. എന്നാല്‍ എല്ലാ പരിധിയും ലംഘിച്ച് മുഖ്യമന്ത്രിക്ക് തൊട്ടു മുന്നില്‍ വന്ന് ആക്രോശിച്ച സംഭവം അസാധാരണമാണ്. അംഗങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണം. അതേ സമയം അംഗങ്ങള്‍ ജനാധിപത്യത്തിന്റെ ശ്രീകോവിലില്‍ ആക്രോശത്തിന്റെ ശൈലി അവലംബിക്കുന്നത് അപമാനകരമാണ്. എംഎല്‍എയ്ക്ക് എന്തുമാകാം എന്ന നില ഉണ്ടാകരുത്, കാര്ത്തികേയന് ഓര്‍മിപ്പിച്ചു.
മുഖ്യമന്ത്രിയുടെ നേരത്തെ പൂര്‍ത്തിയാകാത്ത മറുപടി മുഴുമിപ്പിച്ച ശേഷം എഴുന്നേറ്റ പ്രതിപക്ഷ നേതാവ് എംഎല്‍എയെ മര്‍ദിച്ച സംഭവം ഗൗരവമായി എടുക്കാത്തതില്‍ പ്രതിഷേധിച്ചു. ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്ത് അന്വേഷണം നടത്തണമെന്ന ആവശ്യവും അംഗീകരിക്കാത്ത സാഹചര്യത്തില്‍ സഭാ നടപടികളില്‍ പ്രതിപക്ഷം സഹകരിക്കില്ലെന്ന് വ്യക്തമാക്കി. പ്രകോപിതരായ പ്രതിപക്ഷാംഗങ്ങള്‍ വീണ്ടും നടുത്തളത്തിലിറങ്ങി മുദ്രാവാക്യം മുഴക്കി. ഇതിനിടയിലാണ് ലോട്ടറി നിയമഭേദഗതിക്കുള്ള ബില്‍ നിയമമന്ത്രി അവതരിപ്പിച്ചത്. ലോട്ടറി വിഷയം ചര്ച്ചയ്ക്കെടുക്കാതിരിക്കാനാണ് പ്രതിപക്ഷം ഈ പ്രകടനം നടത്തുന്നതെന്ന് കെ.എം.മാണി ആരോപിച്ചു. ഇനി ജൂലൈ 8നാണ് സഭ വീണ്ടും സമ്മേളിക്കുന്നത്.
-സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: