ന്യൂദല്‍ഹി: അഴിമതിക്കാരെ തുറന്നുകാട്ടുന്നവരെ അഴിമതിവിരുദ്ധ ലോക്പാല്‍ ബില്ലിന്റെ മറവില്‍ അടിച്ചമര്‍ത്താനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ ടീം അണ്ണാ ഹസാരെ രംഗത്ത്. അഴിമതിക്കെതിരെയുള്ള പോരാട്ടത്തെ അട്ടിമറിക്കാന്‍ നിരന്തരം നടക്കുന്ന നീക്കങ്ങളുടെ പേരില്‍ കേന്ദ്രസര്‍ക്കാരും സാമൂഹ്യപ്രവര്‍ത്തകനായ അണ്ണാ ഹസാരെ നയിക്കുന്ന പൊതുസമൂഹ പ്രതിനിധികളും തമ്മിലുള്ള ഏറ്റുമുട്ടല്‍ രൂക്ഷമായി തുടരുന്നു.
അഴിമതിക്കും അഴിമതിക്കാര്‍ക്കുമെതിരെ പോരാടേണ്ടതിനുപകരം അഴിമതിക്കെതിരെ പരാതി നല്‍കുന്നവരെ തകര്‍ക്കാനാണ് നിര്‍ദ്ദിഷ്ട ലോക്പാല്‍ ബില്ലിലൂടെ സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് പൊതുസമൂഹ പ്രതിനിധികള്‍ പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.
ലോക്പാലിന്റെ പരിധിയില്‍ നിന്ന് ഒരു വലിയ വിഭാഗം ഉദ്യോഗസ്ഥ മേധാവികളെ മാറ്റിനിര്‍ത്താനും കേസിനും കുറ്റപത്രത്തിനും മുമ്പ് അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെ വാദം കേള്‍ക്കാനുമുള്ള വ്യവസ്ഥ അംഗീകരിക്കാനാവില്ല. വില്ലേജ്തലം വരെയുള്ള സര്‍ക്കാരിതര സംഘടനകളെ ലോക്പാല്‍ പരിധിയില്‍ കൊണ്ടുവരുമ്പോള്‍ ഭൂരിപക്ഷത്തോളം സര്‍ക്കാര്‍ ജീവനക്കാരെ അതില്‍ നിന്ന് എങ്ങിനെ ഒഴിച്ചുനിര്‍ത്താനാവുമെന്ന് അവര്‍ ചോദിച്ചു. ഒരു കോടി 20 ലക്ഷത്തോളം വരുന്ന കേന്ദ്ര-സംസ്ഥാന ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തിയാല്‍ കേസുകള്‍ കൊണ്ട് ലോക്പാല്‍ നിറഞ്ഞുകവിയുമെന്ന് അവകാശപ്പെട്ടാണ് ജോയിന്റ് സെക്രട്ടറി റാങ്കിന് മുകളിലുള്ള 65,000ത്തോളം ഉദ്യോഗസ്ഥരെ മാത്രം പരിഗണിച്ചാല്‍ മതിയെന്ന നിലപാട് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നതത്രെ. അതേസമയം, ചെറുതും വലുതുമായ എല്ലാ സര്‍ക്കാരിതര സംഘടനകളും ബില്‍ പരിധിയില്‍ വരികയും ചെയ്യും. “ഏതെങ്കിലും വിദൂര ഗ്രാമത്തില്‍ നടക്കുന്ന പഞ്ചായത്ത് ജോലികളില്‍ നടക്കുന്ന അഴിമതി ഒരു സംഘം യുവാക്കള്‍ ചൂണ്ടിക്കാട്ടിയാല്‍ അവരെ കുടുക്കാന്‍ ലോക്പാലിന് കഴിയും. എന്നാല്‍ അഴിമതിക്കാരായ സര്‍വാഞ്ചിനെയൊ ബിഡിഒയെയോ പിടികൂടാന്‍ ലോക്പാലിന് കഴിയുകയുമില്ല”, പ്രസ്താവന തുടര്‍ന്നു.
അന്വേഷണം യഥാര്‍ത്ഥത്തില്‍ ആരംഭിക്കുന്നതിന് മുമ്പുതന്നെ അഴിമതി ആരോപണ വിധേയനായ സര്‍ക്കാര്‍ ഉദ്യോഗസ്ഥന് പരാതിക്കാരനായ പൗരനെതിരെ നേരിട്ട് പ്രത്യേക കോടതിയെ സമീപിക്കാന്‍ കരട് ബില്ലില്‍ സര്‍ക്കാര്‍ സൗകര്യം ഒരുക്കിയിരിക്കയാണ്. പരാതി തെറ്റോ കെട്ടിച്ചമച്ചതോ ആകാമെന്ന് അയാള്‍ക്ക് വാദിക്കാന്‍ കഴിയും. ഇതിനായി ബന്ധപ്പെട്ട ഉദ്യോഗസ്ഥന് സര്‍ക്കാര്‍ സൗജന്യമായി അഭിഭാഷകനേയും ഏര്‍പ്പാടാക്കും.
എന്നാല്‍ പരാതിക്കാരന്‍ സ്വന്തമായി കേസ് വാദിക്കേണ്ടിവരും. ഒടുവില്‍ അഴിമതിക്കാരനായ ഉദ്യോഗസ്ഥനേക്കാള്‍ കടുത്ത ശിക്ഷ പരാതിക്കാരനായ പൗരന് ഏറ്റുവാങ്ങേണ്ട സ്ഥിതിവിശേഷമാണ് സംജാതമാവുക. പരാതി വ്യാജമോ കെട്ടിച്ചമച്ചതോ ആയി പ്രത്യേക കോടതി വിലയിരുത്തിയാല്‍ പരാതിക്കാരന്‍ ചുരുങ്ങിയത് രണ്ടുവര്‍ഷമെങ്കിലും ശിക്ഷ അനുഭവിക്കേണ്ടിവരും. അഴിമതി ആരോപണം തെളിഞ്ഞാല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനുള്ള ശിക്ഷ ചുരുങ്ങിയത് ആറുമാസം തടവുമാത്രം, പൊതുസമൂഹ പ്രതിനിധികള്‍ വ്യക്തമാക്കി.
അഴിമതി അവസാനിപ്പിക്കാനുള്ള ശ്രമങ്ങളെ നിരുല്‍സാഹപ്പെടുത്തുന്ന സമീപനം സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്നത് അപലപനീയമാണെന്നും അവര്‍ ചൂണ്ടിക്കാട്ടി. ഇതോടെ, നിര്‍ദ്ദിഷ്ട ലോക്പാല്‍ ബില്ലിന്റെ രൂപീകരണം അനുദിനം കൂടുതല്‍ ദുഷ്കരമായി വരികയാണ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: