ചെന്നൈ: രജനീകാന്ത് സ്വന്തം ആരോഗ്യത്തില്‍ മാത്രം ശ്രദ്ധിച്ചാല്‍ മതിയെന്നും മറ്റൊന്നുമോര്‍ത്ത് അദ്ദേഹം തല്ക്കാലം ആശങ്കപ്പെടേണ്ടതില്ലെന്നും ഡിഎംകെ അധ്യക്ഷന്‍ കരുണാനിധി പറഞ്ഞു.
ജയലളിത നയിക്കുന്ന അണ്ണാ ഡിഎംകെ സര്‍ക്കാര്‍ അധികാരത്തിലെത്തിയതുമൂലം തമിഴ്നാട് രക്ഷപ്പെടുമെന്നുള്ള രജനീകാന്തിന്റെ പ്രതികരണം പുറത്തുവന്ന് മണിക്കൂറുകള്‍ക്കകം അദ്ദേഹവുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ് കരുണാനിധി ഇക്കാര്യം വ്യക്തമാക്കിയത്. സിംഗപ്പൂരിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന താരം ഡിസ്ചാര്‍ജായ ഉടന്‍ തന്നെ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയെ ഫോണില്‍ വിളിച്ചുവെന്നും അണ്ണാ ഡിഎംകെ അധികാരത്തിലെത്തിയത് തമിഴ്നാടിനെ രക്ഷിച്ചുവെന്ന് അഭിപ്രായ പ്രകടനം നടത്തിയെന്നും കഴിഞ്ഞ ദിവസം സര്‍ക്കാര്‍ പുറത്തിറക്കിയ പത്രക്കുറിപ്പ് വ്യക്തമാക്കിയിരുന്നു. ഡിഎംകെയുടെ മേല്‍ അണ്ണാ ഡിഎംകെ നേടിയ ഗംഭീര വിജയം തന്നെ സന്തോഷിപ്പിക്കുന്നുവെന്നും രജനി അഭിപ്രായപ്പെട്ടിരുന്നു. ഇത്തരമൊരു അഭിപ്രായ പ്രകടനത്തിന്റെ പശ്ചാത്തലത്തില്‍ ഇരുവരും നടത്തിയ ഫോണ്‍ സംഭാഷണം അത്യന്തം രാഷ്ട്രീയ പ്രാധാന്യമുള്ള ഒന്നായി വിലയിരുത്തപ്പെടുന്നു.
ഇതോടൊപ്പം രജനീകാന്ത് ആശുപത്രി വിട്ടതില്‍ അതിയായ സന്തോഷമുണ്ടെന്നും എത്രയും പെട്ടെന്ന് അദ്ദേഹം സിനിമയിലേക്ക് മടങ്ങിയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കരുണാനിധി രജനീകാന്തിനോട് പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ കനത്ത പരാജയമേറ്റു വാങ്ങേണ്ടിവന്ന ഡിഎംകെ നേതൃത്വത്തിന് രജനിയുടെ അഭിപ്രായ പ്രകടനം വന്‍ ക്ഷീണമുണ്ടാക്കിയെന്നും വേണം കരുതാന്‍.
പുതിയ ചിത്രമായ റാണയുടെ ഷൂട്ടിംഗിനിടെ ആരോഗ്യസ്ഥിതി മോശമായതിനെത്തുടര്‍ന്ന് ചെന്നൈയിലെ ശ്രീരാമചന്ദ്ര ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടിരുന്ന സൂപ്പര്‍താരം വിദഗ്ദ്ധ ചികിത്സക്കായാണ് സിംഗപ്പൂര്‍ മൗണ്ട് എലിസബത്ത് ഹോസ്പിറ്റലിലെത്തിയത്. കഴിഞ്ഞ ദിവസം ഇവിടെനിന്നും ഡിസ്ചാര്‍ജായ രജനി പൂര്‍ണ ആരോഗ്യവാനാണെന്നും കുടുംബത്തോടൊപ്പം ഏതാനും ദിവസംകൂടി സിംഗപ്പൂരില്‍ തങ്ങിയതിനുശേഷം അദ്ദേഹം ചെന്നൈയിലേക്ക് തിരികെയെത്തുമെന്നും കുടുംബാംഗങ്ങള്‍ അറിയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: