
മലബാറില്‍ പോര്‍ളാതിരിയെ തോല്‍പ്പിച്ച് മാനവിക്കിരനും മാനവിയതനും കോഴിക്കോട് പിടിച്ചടക്കി. സാമൂതിരിനാട് എന്ന സാമ്രാജ്യരൂപീകരണത്തിന്റെ തുടക്കം അങ്ങനെയായിരുന്നു എന്ന് ചരിത്രം രേഖപ്പെടുത്തുന്നു. നെടിയിരുപ്പ് എന്ന കൊച്ചുരാജ്യത്തില്‍ നിന്നും തിരുവിതാംകൂറിന്റെ അതിര്‍ത്തിയോളം എത്തിനിന്നിരുന്ന അധികാര സ്വാധീനമായിരുന്നു സാമൂതിരി. എന്നാല്‍ ഹൈദറിന്റെയും ടിപ്പുവിന്റെയും ആക്രമണത്തോടുകൂടി സാമൂതിരിയുടെ പ്രതാപം തകര്‍ന്നു തുടങ്ങുകയും, ബ്രിട്ടീഷ് ഇന്ത്യയില്‍ അത് സ്ഥായിയാവുകയും ചെയ്തു. ഒരു രാജവംശത്തിന്റെ ഓര്‍മ്മയെക്കുറിക്കുന്ന കൂറ്റന്‍ കെട്ടിടങ്ങള്‍ ഒന്നും കോഴിക്കോട് ഇല്ലെങ്കിലും സാമൂതിരിയെന്ന ഓര്‍മ്മയെ മറ്റെന്തിനേക്കാളും നെഞ്ചേറ്റാന്‍ പോന്ന ഒരു സ്മാരകം മാനാഞ്ചിറ പോലെ മറ്റൊന്നില്ല. മാനാഞ്ചിറ കേവലം ഒരു സ്മാരകമല്ല, മറിച്ച് കോഴിക്കോട് നഗരത്തിന് തണ്ണീര്‍ നല്‍കുന്ന, നഗരത്തിന്റെ വീര്‍പ്പുമുട്ടലില്‍ നിന്ന് സ്വാസ്ഥ്യം കണ്ടെത്താന്‍ കഴിയുന്ന ഇടം എന്ന നിലയില്‍ ഉള്ള പദമാണ് മാനാഞ്ചിറ.
ഒട്ടേറെ ചരിത്രഘട്ടങ്ങള്‍ക്ക് നിശ്ശബ്ദമായി സാക്ഷ്യം വഹിച്ച ഒരിടമാണ് മാനാഞ്ചിറ മൈതാനം അഥവാ മാനാഞ്ചിറ സ്‌ക്വയറും മാനാഞ്ചിറ എന്ന വലിയ കുളവും. സാമൂതിരിയാല്‍ നിര്‍മ്മിക്കപ്പെട്ട കുളം എന്ന് പ്രസിദ്ധമായ മാനാഞ്ചിറ ഇന്ന് ടിപ്പുവിന്റെ നിര്‍ദ്ദേശപ്രകാരം നിര്‍മ്മിച്ച കുളം എന്ന വ്യാജചരിത്രനിര്‍മിതി ശക്തമായിത്തീര്‍ന്നിരിക്കുന്നു. കോഴിക്കോട് ജിഫ്രി തങ്ങളുടെ ആഗ്രഹപ്രകാരം ടിപ്പുവിനാല്‍ നിര്‍മ്മിതമായ കുളമാണ് മാനാഞ്ചിറ എന്ന വ്യാഖ്യാനം ഇന്റര്‍നെറ്റില്‍ വന്നിരിക്കുന്നു. ചരിത്രത്തില്‍ ഒരുകാലത്തും ചോദ്യം ചെയ്യപ്പെടാതിരുന്ന കോഴിക്കോടിന്റെ സ്മാരകശിലകള്‍ ടിപ്പുവിനാല്‍ നിര്‍മിതമെന്ന വ്യാജചരിത്രനിര്‍മ്മിതി സജീവമായ ഒരു സാഹചര്യം ഇപ്പോള്‍ നിലനില്‍ക്കുന്നു. എന്നാല്‍ ഇത് കേവലം ഇന്റര്‍നെറ്റില്‍ വന്ന ഒരു കൈയബദ്ധമല്ല, മറിച്ച് ബോധപൂര്‍വ്വമായ പ്രവര്‍ത്തനത്തിന്റെ ഭാഗമാണ്.
വിക്കിപീഡിയയിലെ ഇടപെടല്‍
ഒരു നാട്ടിലെ ചരിത്ര സ്മാരകങ്ങളെക്കുറിച്ച്, വിശേഷപ്പെട്ട കാര്യങ്ങളെക്കുറിച്ച് അറിയാന്‍ ഇന്റര്‍നെറ്റിന്റെ യുഗത്തില്‍ നാം ഏറ്റവും കൂടുതല്‍ ഉപയോഗിച്ചിരുന്നത് വിക്കിപീഡിയ എന്ന സൈറ്റാണ്. ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് സജീവമായ സമയത്ത് നാം അതിനോട് സംശയങ്ങള്‍ ചോദിക്കുകയും, സംശയദൂരീകരണം വരുത്തുകയും ചെയ്യുന്നുണ്ടെങ്കിലും എ.ഐ അഥവാ നിര്‍മ്മിത ബുദ്ധി നമ്മള്‍ ചോദിക്കുന്ന ഏതൊരു സംശയത്തിനും ആദ്യം റഫര്‍ ചെയ്യുന്നത് വിക്കിപീഡിയയെ ആണ് എന്നുള്ളത് അതിന്റെ ആധികാരികതയെ വിളിച്ചോതുന്നുണ്ട്. ഈയൊരു സാഹചര്യത്തിലാണ് വിക്കിപീഡിയയില്‍ വന്ന മാനാഞ്ചിറയുടെ വിവരണവും അതിന്റെ പിന്നിലുള്ള ഇസ്ലാമികവ്യാജചരിത്രനിര്‍മിതിയുടെ രാഷ്‌ട്രീയവും നാം അന്വേഷിക്കേണ്ടത്.
വിക്കിപീഡിയയുടെ സജീവകാലത്ത് മാനാഞ്ചിറയെ കുറിച്ച് സത്യസന്ധമായ വിവരണമാണ് നല്‍കിയിരുന്നത്. വിക്കിപീഡിയ തിരുത്താന്‍, കൂട്ടിച്ചേര്‍ക്കാന്‍, വിപുലപ്പെടുത്താന്‍ എഡിറ്റര്‍മാരെ അത് ക്ഷണിക്കുകയും, അവര്‍ കൂട്ടിച്ചേര്‍ക്കലുകളും തിരുത്തലുകളും വരുത്തുകയും ചെയ്തു എന്നുള്ളത് സത്യമാണ്. എന്നാല്‍ ചരിത്രത്തെ വളച്ചൊടിക്കുന്ന വിധത്തിലുള്ള, ചരിത്ര സത്യത്തെ നിരാകരിക്കുന്ന വിധത്തിലുള്ള വ്യാജ നിര്‍മ്മിതിക്ക് ആക്കം കൂട്ടുന്ന ഒരു പ്രവണത ഇന്റര്‍നെറ്റില്‍ ശക്തമായിരിക്കുന്നു എന്നുള്ളതിന്റെ തെളിവാണ് മാനാഞ്ചിറയെ കുറിച്ച് വിക്കിപീഡിയ ഇപ്പോള്‍ നല്‍കുന്ന വിവരണം. അത് ഇപ്രകാരമാണ്:
വ്യാജനിര്‍മിതി ഇപ്രകാരം
”കോഴിക്കോട്ട് നഗരമധ്യത്തിലുള്ള മനുഷ്യനിര്‍മ്മിതമായ മനോഹരമായ ഒരു കുളമാണ് മാനാഞ്ചിറ (ങമിമിരവശൃമ). 3.49 ഏക്കര്‍ വിസ്താരമുള്ള ചതുരാകൃതിയിലുള്ള ഈ കുളത്തിലേക്ക് പ്രകൃതിദത്തമായ ഒരു അരുവി ഒഴുകിയെത്തുന്നുണ്ട്. ടിപ്പു സുല്‍ത്താന്‍ 3000 സ്വര്‍ണ്ണ നാണയം കൊടുത്ത് ഉണ്ടാക്കിയതാണ് മാനാഞ്ചിറ കുളം. ടിപ്പു സുല്‍ത്താന്‍ മൈസൂര്‍ ഭരണാധികാരിയായ കാലത്ത് അദ്ദേഹം ഇത് കുടിവെള്ള സ്രോതസ്സായി സയ്യിദ് ജിഫ്രിക്ക് സമ്മാനമായി നല്‍കി. ഈ കുളം ഉണ്ടാക്കിയപ്പോള്‍ കിട്ടിയ വെട്ടുകല്ല് ഉപയോഗിച്ച് കിഴക്കും പടിഞ്ഞാറും ഒരോ കൊട്ടാരങ്ങള്‍ ഉണ്ടാക്കുകയുണ്ടായി.”
പതിനെട്ടാം നൂറ്റാണ്ടിലാണ് ടിപ്പു കോഴിക്കോട് ആക്രമിക്കുന്നത്. ടിപ്പുവിന്റെ പിതാവ് ഹൈദരലി കോഴിക്കോട് ആക്രമിച്ച സമയത്ത് അന്നത്തെ സാമൂതിരിയെ കോവിലകത്ത് തടവിലിടുകയും മതം മാറാന്‍ പ്രേരിപ്പിക്കുകയും ചെയ്തു. മതം മാറാന്‍ വിസമ്മതിച്ച സാമൂതിരി, കൊട്ടാരത്തിനകത്തെ വെടിമരുന്നു പുരയ്‌ക്ക് തീക്കൊളുത്തി വീരാഹൂതി വരിക്കുകയായിരുന്നു. ഹൈദറിന്റെയും ടിപ്പുവിന്റെയും ആക്രമണകാലത്ത് സാമൂതിരി രാജവംശ അംഗങ്ങള്‍ ബഹുഭൂരിപക്ഷവും തിരുവിതാംകൂറില്‍ അഭയം പ്രാപിക്കുകയായിരുന്നു. കോലത്തുനാട് മുതലുള്ള ചെറുതും വലുതുമായ നാട്ടുരാജ്യങ്ങള്‍ മുഴുവന്‍ ഇസ്ലാമികഭീകരാക്രമണത്തെ ചെറുത്തുതോല്‍പ്പിക്കാന്‍ ആവാതെ തെക്കോട്ടോടി തിരുവിതാംകൂറില്‍ അഭയം പ്രാപിച്ചു എന്നുള്ളത് ചരിത്ര വസ്തുതയാണ്.
കുറ്റിച്ചിറയിലെ ജിഫ്രി
കോഴിക്കോട് സാമൂതിരിയെ തങ്ങളുടെ ഷേയ്‌ക്ക് ആയാണ് അറേബ്യന്‍ വണിക്കുകളും അവരെ തുടര്‍ന്ന് രൂപപ്പെട്ട മാപ്പിളസമൂഹവും ആദരിച്ചിരുന്നത്. മലബാറിലെ മാപ്പിള സമൂഹത്തെ സംബന്ധിച്ചിടത്തോളം സാമൂതിരി അല്ലാതെ മറ്റൊരു രാജാവില്ല. സാമൂതിരിയും ആ സമൂഹത്തെ അകമഴിഞ്ഞു സഹായിച്ചിരുന്നു എന്നുള്ളത് ചരിത്ര വസ്തുതയാണ്. എന്നാല്‍ ഹൈദരലിയുടെ ആക്രമണത്തോടെ മാപ്പിളസമൂഹം വിശിഷ്യാ കോഴിക്കോട്ടെ ജിഫ്രി തങ്ങള്‍മാര്‍ ഹൈദരലിയേയും ടിപ്പുവിനെയും സ്വീകരിക്കുകയും സഹായിക്കുകയും, സാമൂതിരിക്കെതിരെ പട പൊരുതാന്‍ കൂട്ടുനില്‍ക്കുകയും ചെയ്തു. ടിപ്പുവിനെ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി നാമാവശേഷമാക്കിയതോടുകൂടി സാമൂതിരി തിരിച്ചെത്തുകയും, മറ്റൊരു അഭയം സാമൂതിരി അല്ലാതെ ഇല്ലെന്ന് തങ്ങള്‍മാര്‍ വീണ്ടുവിചാരപ്പെടുകയും ചെയ്തു. അവര്‍ സാമൂതിരിയുമായി രമ്യപ്പെടുകയും ചെയ്തു.
കേരളത്തിന്റെ വിശിഷ്യാ മലബാറിന്റെ സാംസ്‌കാരിക സാമൂഹിക ചരിത്രത്തില്‍ തങ്ങള്‍ക്ക് കാര്യമായ സ്ഥാനമില്ലെന്ന തിരിച്ചറിവ് ഇസ്ലാമിക ബുദ്ധിജീവികള്‍ക്ക് വന്നുതുടങ്ങിയിട്ട് കാലം കുറച്ചായി. ആ കുറവ് പരിഹരിക്കാന്‍ അവര്‍ ചരിത്രരചനയില്‍ ഇടപെടുകയും, വ്യാജ ചരിത്രനിര്‍മ്മിതി സജീവമാക്കുകയും ചെയ്തിട്ടുണ്ട്. അതിന് ഏറ്റവും വലിയ ദൃഷ്ടാന്തമാണ് ‘മാനാഞ്ചിറ ചരിത്രം.’
ചരിത്രം തിരുത്തല്‍ പുസ്തകത്തിലും
കേരളത്തിലെ ഇസ്ലാമിക സമൂഹത്തിന്റെ പൗരോഹിത്യം വഹിക്കുന്ന, നബിയുടെ പിന്തുടര്‍ച്ചക്കാര്‍ എന്നവകാശപ്പെടുന്ന വിഭാഗമത്രേ തങ്ങള്‍മാര്‍. അവരില്‍ പ്രധാനിയായിരുന്നു മമ്പുറം തങ്ങള്‍. ഇദ്ദേഹം അടക്കമുള്ള കേരളത്തിലെ തങ്ങള്‍ കുടുംബങ്ങളെ കുറിച്ചുള്ള വിവരണങ്ങള്‍ നല്‍കുന്ന പുസ്തകം എറണാകുളം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ജീലാനി ബുക്‌സ് 2013 ല്‍ പ്രസിദ്ധപ്പെടുത്തി. റഹ്മത്തുള്ള സഖാഫി എഴുതിയ ‘ഖുതുബുസ്സമാന്‍ മമ്പുറം തങ്ങളും കേരളത്തിലെ സയ്യിദ് കുടുംബങ്ങളും’ എന്ന പുസ്തകത്തില്‍ മാനാഞ്ചിറയുടെ സത്യസന്ധമായ ചരിത്രം തിരുത്തിയിട്ടുണ്ട്. കോഴിക്കോട് നഗരത്തിലെ പ്രധാനപ്പെട്ട ഒരു തങ്ങളായിരുന്ന കുറ്റിച്ചിറ ആസ്ഥാനമാക്കിയ സയ്യിദ് ശൈഖ് ജിഫ്‌രിയുടെ ആഗ്രഹപ്രകാരം ടിപ്പുസുല്‍ത്താന്‍ നിര്‍മിച്ചതാണ് എന്നും, സാമൂതിരിയെ കുളത്തിന്റെ നിര്‍മ്മാണ ചുമതല ഏല്‍പ്പിച്ചത് ടിപ്പുസുല്‍ത്താനാണ് എന്നും ഈ പുസ്തകത്തില്‍ പറയുന്നു.
റഹ്മത്തുള്ള സഖാഫി ഈ വിഷയത്തെക്കുറിച്ച് ദീര്‍ഘമായി പ്രതിപാദിക്കുന്നുണ്ട്. മൈസൂര്‍ സിംഹം ടിപ്പുസുല്‍ത്താനും സാമൂതിരി രാജാവും നല്ല സൗഹൃദത്തില്‍ ആയിരുന്നു എന്നും, സാമൂതിരിയെ സന്ദര്‍ശിക്കാന്‍ എത്തിയ ടിപ്പുസുല്‍ത്താന്‍ അക്കാലത്ത് അവിടെ താമസമാക്കിയ ഷെയ്‌ക്ക് ജിഫ്‌രിയെ കുറിച്ച് സാമൂതിരിയില്‍ നിന്ന് അറിയുകയും കുറ്റിച്ചിറക്ക് യാത്ര തിരിക്കുകയും ചെയ്തുവത്രേ. സുല്‍ത്താന്റെ ഘോഷയാത്ര വരുന്നത് ഗൗനിക്കാതെ നിസ്സംഗനായിരിക്കുന്ന ജിഫ്രിയുടെ സമീപത്തേക്ക് ഒരു സാധാരണ പടയാളി വരികയും അയാളെ ജിഫ്രി ആലിംഗനം ചെയ്യുകയും ഉണ്ടായത്രേ. രാജകീയ ഘോഷയാത്രയില്‍ കുതിരപ്പുറത്ത് ഇരിക്കുന്നത് ഒരു വ്യാജനായിരുന്നു. സാധാരണ പടയാളിയുടെ വേഷത്തില്‍ എത്തിയ ടിപ്പുസുല്‍ത്താനെ ജിഫ്രി തിരിച്ചറിഞ്ഞു. അതുകൊണ്ടാണ് ആലിംഗനം ഉണ്ടായത്. സന്തോഷത്താല്‍ പലവിധ സമ്മാനങ്ങള്‍ നല്‍കാന്‍ ടിപ്പു ഒരുങ്ങിയെങ്കിലും അതെല്ലാം സ്വീകരിക്കാന്‍ ജിഫ്‌രി വിസമ്മതിച്ചു. ”എങ്കിലും സുല്‍ത്താന്റെ ആവര്‍ത്തിത അഭ്യര്‍ത്ഥന മാനിച്ച് പൊതുജനാവശ്യാര്‍ത്ഥം നഗരമധ്യത്തില്‍ കുളം കുഴിച്ചു നല്‍കാന്‍ തങ്ങള്‍ നിര്‍ദ്ദേശിച്ചു. അങ്ങനെ സന്തോഷവാനായ ടിപ്പുസുല്‍ത്താന്‍ തന്റെ ചെലവിലും സാമൂതിരിയുടെ മേല്‍നോട്ടത്തിലുമായി ശൈഖ് ജിഫ്രിയ്‌ക്ക് സമ്മാനിച്ചതാണ് രാജാവ് മാനവിക്രമന്റെ പേരില്‍ അറിയപ്പെടുന്ന മാനാഞ്ചിറക്കുളം.”
ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ഏറ്റവും ശക്തമായ വ്യാജ ചരിത്ര നിര്‍മ്മാണ അജണ്ടയുടെ ഏറ്റവും ചെറിയ ദൃഷ്ടാന്തമാണ് മാനാഞ്ചിറയുമായി ബന്ധപ്പെട്ടിട്ടുള്ള ഇത്തരം വിവരണങ്ങള്‍.
സാമൂതിരി രചിച്ച കവിത – മാനാഞ്ചിറ
ശ്രീമതുസകലഗുണസമ്പന്നരാന സകലധര്‍മ്മ പരിപാലകരാന മിത്രജന മനോരഞ്ജിതരാന അഖണ്ഡലക്ഷ്മീ പ്രസന്നരാന കോഴിക്കോട് മാനവിക്രമ (വീരരായിര/ മാനവിയത) താമൂതിരി തിരുമുല്‍പ്പാട് തന്നെയാണ് മാനാഞ്ചിറ നിര്‍മ്മിച്ചത് എന്ന കാര്യത്തില്‍ യാതൊരുവിധ സംശയവും ഈ കാലമത്രയും ഉണ്ടായിട്ടില്ല. സാമൂതിരി നാട്ടിലെ കമ്മട്ടത്തെക്കുറിച്ചും, നാണയ വിനിമയ ക്രമത്തെക്കുറിച്ചും മറ്റും പ്രതിപാദിക്കുന്ന ഘട്ടത്തില്‍ ഡോ. എന്‍. എം. നമ്പൂതിരി കണ്ടെത്തുന്ന കാര്യങ്ങള്‍ ശ്രദ്ധേയമാണ്. ”സാമൂതിരിമാര്‍ക്ക് മാനവിക്രമന്‍ മാനവേദന്‍ (മാനവിയതന്‍) വീരരായന്‍ എന്നു മൂന്ന് സ്ഥാനപ്പേര്‍ ആവര്‍ത്തിച്ചു ഉപയോഗിക്കുന്ന രീതിയാണ് ഉള്ളത്. വ്യക്തിനാമം പരാമര്‍ശിക്കാറില്ല. പലപ്പോഴും ജന്മനക്ഷത്രം കൂടി പറയുന്നില്ല. അതിനാല്‍ ഏതുകാലത്തെ വീരരായനാണ് ഇത് (നാണയം) തുടങ്ങിയതെന്ന് പറയാന്‍ ആവില്ല. ഇവിടെ ഒരു കാര്യം കൂടി പറയാനുണ്ട്. നഗരനിര്‍മ്മിതിയും ആസ്ഥാനമുറപ്പിക്കലും മാനവിക്രമന്‍ ആകാം. കാരണം ത്രിവിക്രമപുരം, വിക്രമപുരം എന്നു രണ്ടു തരത്തിലും നഗരത്തിലെ ഒരു പരദേവതസ്ഥാനം പരാമര്‍ശിക്കുന്നു. നഗരത്തില്‍ കോട്ടയ്‌ക്ക് പുറമേ തീര്‍ത്ത വലിയ ചിറ മാനവേദന്‍ ചിറയാണ് – മാനാഞ്ചിറ. 16-ാം നൂറ്റാണ്ടില്‍ മാനവേദന്‍ചിറ എന്നുതന്നെ രേഖകളില്‍ പ്രയോഗിച്ചിട്ടുണ്ട്. ഈ നാമകരണ രീതി അടിസ്ഥാനമാക്കി വീരരായ നാമത്തില്‍ പണവും അടിച്ചതാവാം.”
പതിനാറാം നൂറ്റാണ്ടില്‍ തന്നെ നിര്‍മിതിയുടെ ഗുണമേന്മ കൊണ്ട് ചരിത്രപ്രസിദ്ധമായ ഒരു ചിറയാണ് മാനാഞ്ചിറ. 18 -ാം നൂറ്റാണ്ടില്‍ വന്ന ടിപ്പുസുല്‍ത്താന്‍ കുറ്റിച്ചിറയിലെ ഒരു മതപുരോഹിതന് വേണ്ടി നിര്‍മ്മിച്ചതെന്ന വ്യാജചരിത്രനിര്‍മ്മിതി കേവലം നിഷ്‌കളങ്കമായ കയ്യബദ്ധമല്ലെന്ന് തിരിച്ചറിയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. കേരളത്തില്‍ പലയിടങ്ങളിലും പുരാതനമായ ചരിത്ര സ്മാരകങ്ങളെ ഇല്ലാതാക്കുകയും ചരിത്ര പ്രധാനമായ സ്ഥലങ്ങളുടെ നാമധേയത്തില്‍ മാറ്റം വരുത്തുകയും ചെയ്യുന്ന പ്രവണത അടുത്തകാലം മുതല്‍ തുടങ്ങിയ ഒന്നല്ല. പതിറ്റാണ്ടുകളായി തുടര്‍ന്നുപോരുന്ന കൃത്യമായ ലക്ഷ്യബോധത്തോടെയുള്ള അക്കാദമിക പ്രവര്‍ത്തനമാണ്. അതിന് കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ഉള്ള സ്ഥാപനങ്ങളുടെ ശക്തമായ പിന്തുണയുണ്ട്; പരിശീലനമുണ്ട്.
വിക്കിപീഡിയ പോലുള്ള സൈറ്റുകള്‍, തങ്ങള്‍ വഹിക്കുന്ന വിവരണങ്ങളുടെ സത്യസന്ധത നിരന്തരം പരിശോധിക്കുകയും വ്യാജനിര്‍മ്മിതികളെ ഒഴിവാക്കുകയും വിലക്കുകയും ചെയ്യേണ്ടതുണ്ട്. അത്തരത്തില്‍ നയപരമായ അയവുകള്‍, അലസതകള്‍ എന്നിവ കൊണ്ട് നിലനില്‍ക്കുന്ന ഇത്തരം ഇന്റര്‍നെറ്റ് സൈറ്റുകളെ നിയന്ത്രിക്കാനുള്ള ശേഷി ഭരണകൂടം കാണിച്ചു കൊടുക്കേണ്ടതുമുണ്ട്.
സത്യസന്ധമായ ചരിത്രരചനയും ചരിത്ര സ്മാരകങ്ങളുടെ സംരക്ഷണവും ചരിത്രപഠന- പാഠന സമിതികളുടെ സജീവമായ സന്നിധ്യവും കാലം നമ്മോടാവശ്യപ്പെടുന്നു. ചരിത്രന്വേഷണം എന്നു പറയുന്നത് വര്‍ത്തമാനകാലത്തില്‍ നെഞ്ചുവിരിച്ച് നില്‍ക്കാനും ഭാവിയിലേക്ക് ആത്മാഭിമാനത്തോടെ പ്രയാണം ചെയ്യുവാനുമുള്ള പ്രേരകമാണ്. വ്യാജ ചരിത്ര നിര്‍മിതികളെ കണ്ടെത്തുകയും ചോദ്യം ചെയ്യുകയും തിരുത്താന്‍ ശ്രമിക്കുകയും ചെയ്യുന്ന വിധത്തില്‍ നാം നമ്മോടും നമ്മുടെ ചരിത്രത്തോടും സമര്‍പ്പണം ചെയ്യേണ്ട സാഹചര്യം സംജാതമായിരിക്കുകയാണ്.
റഫറന്‍സ് :
1. റഹ്മത്തുള്ള സഖാഫി: (2013) ഖുതുബുസ്സമാന്‍, മമ്പുറം തങ്ങളും കേരളത്തിലെ സയ്യിദ് കുടുംബങ്ങളും, ജീലാനി ബുക്‌സ്, എറണാകുളം
2. ഡോ. എന്‍. എം നമ്പൂതിരി: (2008, 2013)മലബാര്‍പഠനങ്ങള്‍ സാമൂതിരി നാട്, കേരള ഭാഷ ഇന്‍സ്റ്റിറ്റിയൂട്ട്, തിരുവനന്തപുരം