Kerala

നെന്മാറ ഇരട്ടക്കൊലപാതകം: സുധാകരന്റെ മകൾക്ക് സർക്കാർ ജോലി ഉറപ്പാക്കും; കുടുംബത്തെ സന്ദർശിച്ച് രമേശ് ചെന്നിത്തല

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തിരുവനന്തപുരം: നെന്മാറ ഇരട്ടക്കൊലപാതകക്കേസിൽ കൊല്ലപ്പെട്ട സുധാകരന്റെയും ഭാര്യ സജിതയുടെയും മക്കളെ സന്ദർശിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. പാലക്കാട് ഡിസിസി പ്രസിഡന്റ് എ. തങ്കപ്പന്റെ വസതിയിലായിരുന്നു കൂടിക്കാഴ്ച. മക്കളായ അഖിലയെയും അതുല്യയെയും നേരിൽ കണ്ട ചെന്നിത്തല, കോടതി വിധിപ്രകാരം മൂത്തമകൾ അഖിലയ്‌ക്ക് സർക്കാർ ജോലി ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് അറിയിച്ചു.

ഇക്കാര്യം മുഖ്യമന്ത്രിയുമായി ചർച്ച ചെയ്ത് തീരുമാനിക്കുമെന്ന് ചെന്നിത്തല പറഞ്ഞു. മാതാപിതാക്കളുടെ സംരക്ഷണം നഷ്ടപ്പെട്ട കുട്ടികളുടെ ഭാവി പരിഗണിച്ച് എത്രയും വേഗം ജോലി ലഭ്യമാക്കുന്നതിനുള്ള നടപടികൾ സർക്കാർ തലത്തിൽ സ്വീകരിക്കും. കുട്ടികൾ സുരക്ഷിതരാണെന്ന് ഉറപ്പാക്കാൻ അവരുടെ കാര്യങ്ങൾ അന്വേഷിക്കണമെന്ന് പോലീസിന് നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

2025 ജനുവരി 27-നാണ് നെന്മാറ പോത്തുണ്ടി തിരുത്തംപാടത്ത് സുധാകരൻ (56), അമ്മ ലക്ഷ്മി (75) എന്നിവർ കൊല്ലപ്പെട്ടത്. കേസിലെ പ്രതിയായ ചെന്താമരയാണ് ഇരുവരെയും വെട്ടിക്കൊലപ്പെടുത്തിയത്. സുധാകരന്റെ ഭാര്യ സജിതയെ 2019-ൽ കൊലപ്പെടുത്തിയ കേസിലും ചെന്താമര പ്രതിയാണ്. ഈ കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷമാണ് ഇയാൾ സുധാകരനെയും അമ്മയെയും കൊലപ്പെടുത്തിയത്.

കേസിൽ ചെന്താമരയ്‌ക്ക് പാലക്കാട് അഡീഷണൽ സെഷൻസ് കോടതി വധശിക്ഷ വിധിച്ചിരുന്നു. മാതാപിതാക്കളെയും അമ്മൂമ്മയെയും നഷ്ടപ്പെട്ട് ഒറ്റപ്പെട്ടുപോയ കുട്ടികളുടെ സുരക്ഷയും പുനരധിവാസവും ഉറപ്പാക്കേണ്ടത് സർക്കാരിന്റെ കടമയാണെന്നും കോടതി നിരീക്ഷിച്ചിരുന്നു. പ്രായമായ അപ്പൂപ്പനും അമ്മൂമ്മയ്‌ക്കുമൊപ്പം കഴിയുന്ന തങ്ങൾക്ക് ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ വലിയ ബുദ്ധിമുട്ടുകൾ നേരിടേണ്ടിവരുന്നുണ്ടെന്നും സർക്കാർ ജോലി ഭാവി സുരക്ഷിതമാക്കാൻ അത്യാവശ്യമാണെന്നും അഖിലയും അതുല്യയും പറയുന്നു.

Recent Posts