
തിരുവനന്തപുരം: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ നടത്തിയ വിമർശനത്തിൽ ബിജെപി കൗൺസിലർ ആർ. ശ്രീലേഖയ്ക്കെതിരെ കേസെടുക്കാൻ നിർദേശം. ഭാരതീയ ന്യായ സംഹിതയിലെ (ബിഎൻഎസ്) 192-ാം വകുപ്പ് പ്രകാരം കേസെടുക്കാനാണ് പോലീസിന് നിർദേശം നൽകിയിരിക്കുന്നത്.
ശ്രീലേഖയ്ക്കെതിരെ കേസെടുക്കാനുള്ള പൊലീസ് നീക്കത്തിനെതിരെ സംസ്ഥാന പൊലീസ് മേധാവിയായിരുന്ന ടി.പി.സെൻകുമാറും രംഗത്തെത്തി . രാജു പി നായർ എന്ന കോൺഗ്രസ്കാരൻ ചാനലിൽ വന്നിരുന്ന് പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തരമന്ത്രിയും രാജ്യദ്രോഹികളാണ് എന്ന് പറഞ്ഞപ്പോൾ എന്താണ് കേസെടുക്കാത്തതെന്നും , ഇപ്പോൾ രാഹുൽ ഗാന്ധിക്കെതിരെ ഒരാൾക്ക് ഉണ്ടായ അഭിപ്രായം പറഞ്ഞപ്പോൾ എന്തുകൊണ്ട് കേസ് വരുന്നുവെന്നുമാണ് സെൻ കുമാറിന്റെ ചോദ്യം.
ബുധനാഴ്ച പുനലൂരിൽ നടന്ന ബിജെപിയുടെ പ്രതിഷേധ ജനസഭയിലാണ് ശ്രീലേഖ രാഹുൽ ഗാന്ധിക്കെതിരെ വിമർശനങ്ങൾ നടത്തിയത്. ഡൽഹിയിൽ നടക്കുന്നത് രാഹുൽ ഗാന്ധിയുടെ ‘താണ്ഡവം’ ആണെന്നും അമിതമായി മയക്കുമരുന്ന് ഉപയോഗിച്ച ഒരാളെപ്പോലെയാണ് അദ്ദേഹത്തിന്റെ പെരുമാറ്റമെന്നുമായിരുന്നു ശ്രീലേഖയുടെ വിമർശനം.