
ന്യൂദല്ഹി: ഹിന്ദുമതത്തില് നിന്ന് ഇസ്ലാം ഉള്പ്പടെയുള്ള മതങ്ങളിലേക്ക് പരിവര്ത്തനം ചെയ്യുന്ന വ്യക്തികള്ക്ക് പൂര്വ്വജാതിയുടെ പദവിയുടെ അടിസ്ഥാനത്തില് പിന്നാക്ക സംവരണം അവകാശപ്പെടാന് കഴിയില്ലെന്ന സുപ്രീം കോടതി വിധിക്കെതിരെ അപ്പീൽ പോകണമെന്ന് സർക്കാരിനോട് മുൻ മുഖ്യമന്ത്രി സ്റ്റാലിൻ. ഹിന്ദു, സിഖ്, ബുദ്ധ മതങ്ങളില് ഒഴികെയുള്ളവര്ക്ക് പട്ടിക ജാതി പദവി അവകാശപ്പെടാനാവില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. ഇതിനെതിരെയാണ് സ്റ്റാലിന്റെ പ്രതികരണം.
ഇസ്ലാം മതം സ്വീകരിച്ച പിന്നോക്ക വിഭാഗക്കാർക്ക് സംവരണ ആനുകൂല്യങ്ങൾ ഉറപ്പാക്കുന്നതിനായി സുപ്രീം കോടതിയിൽ സ്പെഷ്യൽ ലീവ് പെറ്റീഷൻ ഫയൽ ചെയ്യണമെന്ന് തമിഴ്നാട് സർക്കാരിനോട് ഡിഎംകെ പ്രസിഡന്ട് ആവശ്യപ്പെട്ടു. സാമൂഹിക പിന്നോക്കാവസ്ഥ എന്നത് ഒരു ദിവസമോ ഒരു തലമുറ കൊണ്ടോ ഉണ്ടാകുന്ന ഒന്നല്ല. ആയിരക്കണക്കിന് വർഷങ്ങളിലൂടെ കെട്ടിപ്പടുക്കപ്പെട്ട സാമൂഹിക വ്യവസ്ഥിതിയുടെ ഫലമാണത്. മറ്റൊരു മതത്തിലേക്ക് മാറിയതുകൊണ്ട് മാത്രം ആ പിന്നോക്കാവസ്ഥ ഇല്ലാതാകുന്നില്ല,” വ്യാഴാഴ്ച പുറപ്പെടുവിച്ച പ്രസ്താവനയിൽ അദ്ദേഹം പറഞ്ഞു.
ഹിന്ദു പിന്നോക്ക വിഭാഗങ്ങളിൽ നിന്ന് ഇസ്ലാം മതത്തിലേക്ക് മതംമാറിയവർക്ക് പിന്നോക്ക സംവരണം നിഷേധിച്ച മദ്രാസ് ഹൈക്കോടതി വിധി ശരിവെച്ച സുപ്രീം കോടതി ഉത്തരവ് സാമൂഹിക നീതിയുടെ തത്വങ്ങൾക്ക് വിരുദ്ധമാണെന്ന് സ്റ്റാലിൻ വാദിച്ചു. ‘ദ്രാവിഡ മോഡൽ’ സർക്കാരിന്റെ കാലത്ത്, ക്രിസ്തുമതത്തിലേക്ക് മാറിയ ആദി ദ്രാവിഡർക്ക് സംവരണം നൽകണമെന്ന് ആവശ്യപ്പെട്ട് നിയമസഭയിൽ പ്രമേയം പാസാക്കുകയും ഭരണഘടനാ ഭേദഗതി ആവശ്യപ്പെടുകയും ചെയ്തെന്നും സ്റ്റാലിൻ പറഞ്ഞു. ഇസ്ലാം മതത്തിലേക്ക് മാറുന്ന പിന്നാക്ക/പട്ടികജാതി വിഭാഗക്കാര്ക്ക് ബാക്ക്വേര്ഡ് ക്ലാസ് മുസ്ലീം സര്ട്ടിഫിക്കേറ്റ് നല്കാന് അനുമതി നല്കിയ തമിഴ്നാട് സര്ക്കാരിന്റെ 2024ലെ ഉത്തരവ് മദ്രാസ് ഹൈക്കോടതി റദ്ദാക്കിയിരുന്നു.
ഇതിനെ ചോദ്യം ചെയ്ത് തമിഴ്നാട് സര്ക്കാര് സുപ്രീംകോടതിയില് നല്കിയ ഹരജി തള്ളിക്കൊണ്ടാണ് സുപ്രീംകോടതിയുടെ സുപ്രധാനവിധി. ഇസ്ലാമിലേക്ക് മതം മാറിയതുകൊണ്ടു മാത്രം ഒരാള്ക്ക് സംസ്ഥാനത്ത് വിജ്ഞാപനം ചെയ്തിട്ടുള്ള ഏഴ് മുസ്ലീം പിന്നാക്ക വിഭാഗങ്ങളില് അംഗത്വം ലഭിക്കില്ലെന്നും കോടതി വ്യക്തമാക്കി.