Varadyam

ഒരു ‘തൃശൂർ 9 ന്റെ’ ഓർമ

1975 ഫെബ്രുവരിയില്‍ കേരളത്തിന്റെ സംഘ ചരിത്രത്തിലെ മഹത്തായ നാഴികക്കല്ലെന്നു പറയാവുന്ന ഒരു പരിപാടി തൃശൂരില്‍ നടന്നു. മണ്ഡല്‍ കാര്യവാഹ് ഉപരിയുള്ള കാര്യകര്‍ത്താക്കളുടെ സംസ്ഥാന ശിബിരം. ശിബിരം നടന്നത് തൃശൂര്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തിനോട് ചേര്‍ന്ന മൈതാനത്ത്. ശാരീരിക പരിപാടികള്‍ നടന്നത് സ്റ്റേഡിയത്തിനുള്ളില്‍. താമസിക്കാന്‍ ഓല മേഞ്ഞ വിശാലമായ പന്തല്‍. ക്ഷണിക്കപ്പെട്ട അനുബന്ധ പ്രസ്ഥാന നേതാക്കള്‍ ഉള്‍പ്പെടെ 2500 പേര്‍

Published by
ടി. സതീശന്‍

1975 ഫെബ്രുവരിയില്‍ കേരളത്തിന്റെ സംഘ ചരിത്രത്തിലെ മഹത്തായ നാഴികക്കല്ലെന്നു പറയാവുന്ന ഒരു പരിപാടി തൃശൂരില്‍ നടന്നു. മണ്ഡല്‍ കാര്യവാഹ് ഉപരിയുള്ള കാര്യകര്‍ത്താക്കളുടെ സംസ്ഥാന ശിബിരം. ശിബിരം നടന്നത് തൃശൂര്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തിനോട് ചേര്‍ന്ന മൈതാനത്ത്. ശാരീരിക പരിപാടികള്‍ നടന്നത് സ്റ്റേഡിയത്തിനുള്ളില്‍. താമസിക്കാന്‍ ഓല മേഞ്ഞ വിശാലമായ പന്തല്‍. ക്ഷണിക്കപ്പെട്ട അനുബന്ധ പ്രസ്ഥാന നേതാക്കള്‍ ഉള്‍പ്പെടെ 2500 പേര്‍.

ജനസംഘ നേതാക്കളായ പി. പരമേശ്വര്‍ജി, ടി.എന്‍. ഭരതന്‍, ഒ. രാജഗോപാല്‍, കെ. രാമന്‍ പിള്ള, പി. നാരായാണ്‍ജി, കെ.ജി. മാരാര്‍, കെ.ജി. വാധ്യാര്‍, കെ.വി. ശ്രീധരന്‍ മാസ്റ്റര്‍, ബിഎംഎസ് സംസ്ഥാന സംഘടനാ കാര്യദര്‍ശി ആര്‍. വേണുഗോപാല്‍, വിഎച്ച്പി സംസ്ഥാന സംഘടനാ കാര്യദര്‍ശി വി.പി. ജനേട്ടന്‍, അദ്ദേഹത്തിന്റെ മുന്‍ഗാമി ഇരവി രവി നമ്പൂതിരിപ്പാട്, എബിവിപി സംഘടനാ കാര്യദര്‍ശി കെ.ജി. വേണുഗോപാല്‍, ക്ഷേത്ര സംരക്ഷണ സമിതി സംഘടനാ കാര്യദര്‍ശിമാരായിരുന്ന പി. രാമചന്ദ്രന്‍ (ചോട്ടാജി), പദ്മനാഭന്‍ (പിന്നീട് ഞാനനിഷ്ഠാനന്ദ. 1997ല്‍ അദ്ദേഹം അഗ്‌നിസമാധിയായി) എന്നിവരുടെ സജീവ സാന്നിധ്യം ശിബിരത്തില്‍ ദൃശ്യമായിരുന്നു. വി.പി. ദാസേട്ടനായിരുന്നു ശിബിര മുഖ്യശിക്ഷക്.

ഫെബ്രുവരി 7, 8, 9 തീയതികളില്‍ നടന്ന ശിബിരത്തില്‍ ആദ്യാവസാനം പരമ പൂജനീയ സര്‍സംഘചാലക് ആദരണീയ ബാലാസാഹേബ് ദേവറസ്ജി ശിബിരത്തിനുള്ളില്‍ ഒരു കുടിലില്‍ താമസിച്ചത് പുളകം കൊള്ളിക്കുന്ന ഓര്‍മ്മയാണ്. അന്നത്തെ അഖില ഭാരതീയ ശാരീരിക് പ്രമുഖ് ആദരണീയ കെ.എസ്. സുദര്‍ശന്‍ജിയും ഉണ്ടായിരുന്നു. അദ്ദേഹം അന്നത്തെ മധ്യപ്രദേശ് പ്രാന്ത പ്രചരക് കൂടിയായിരുന്നു. കൂടാതെ ദക്ഷിണ ക്ഷേത്രീയ പ്രചാരക് ആദരണീയ യാദവ് റാവു ജോഷിജിയും. സര്‍സംഘചാലകന്റെ സെക്രെട്ടറി ഡോ. ആബാജി താട്ടെയുടെ സാന്നിധ്യം പറയേണ്ടതില്ലല്ലോ.

മണ്ണില്‍ സ്വന്തം വിരി വിരിച്ച് ശിബിരാര്‍ഥികള്‍ താമസിച്ചു. ജില്ല അനുസരിച്ച് ഓല കൊണ്ട് മുറികള്‍ തിരിച്ചിരുന്നു. തൃശൂര്‍ ജില്ലയിലെ പ്രബന്ധകന്മാര്‍ (സഹായികള്‍) സമയാസമയം മുറികളില്‍ ഭക്ഷണം എത്തിച്ചു. ശിബിരത്തില്‍ വലിയ അടുക്കള പ്രവര്‍ത്തിച്ചു. പുറത്തു പോകാന്‍ അനുവാദമില്ല. ക്ലാസ്‌മേറ്റുകളും അയല്‍ക്കാരുമായ സ്വയംസേവകര്‍ എന്നെ കാണാന്‍ വന്നത് ഏറെ സന്തോഷം ഉളവാക്കി. പ്രത്യേക അനുവാദം വാങ്ങി ഗേറ്റിനു പുറത്തു നിന്ന് വേണമായിരുന്നു അവരോട് സംസാരിക്കാന്‍.

വിശ്രമവേളകള്‍ ജോളിയായി ചിലവാക്കി. പാട്ടും സംഘം ചേര്‍ന്ന് പരസ്പ്പരം കളിയാക്കലും പോലെ പതിവായ നിര്‍ദോഷ നേരമ്പോക്കുകള്‍. ഇടയ്‌ക്കിടെ മൈക്കിലൂടെ നിര്‍ദ്ദേശങ്ങള്‍ വരുമ്പോള്‍ ശിബിരമാകെ സമ്പൂര്‍ണ നിശ്ശബ്ദത പടര്‍ന്നു. രാവിലെ അഞ്ചു മണിക്ക് എഴുന്നേല്‍ക്കണം. പിന്നെ പ്രാതല്‍ വരെ ശാരീരിക പരിശീലനമാണ്.
ശിബിരാര്‍ഥികള്‍ക്ക് കുളിക്കാനും മറ്റും വെള്ളവും നിറച്ചു വെച്ചത് കൂറ്റന്‍ വള്ളങ്ങളില്‍ ആയിരുന്നു. അതെല്ലാം കൊണ്ടുവന്നത് തീര പ്രദേശങ്ങളായ വാടാനപ്പിള്ളിയിലും തൃപ്രയാറിലും നിന്നായിരുന്നു എന്ന് ആ പ്രവര്‍ത്തനത്തിന്റെ ചുമതലക്കാരനായിരുന്ന മുന്‍ പ്രചാരക് എം. ഗോപാല്‍ജി (തിരുവനന്തപുരം) പറഞ്ഞിട്ടുണ്ട്. ശിബിരാര്‍ഥികള്‍ മുഴുവന്‍ ഫെബ്രുവരി ആറിനു വൈകുന്നേരം എത്തി, അതായിരുന്നു നിര്‍ദേശം. ജനിച്ചു വളര്‍ന്ന സ്ഥലവും നാടും വിദ്യാലയങ്ങളും കാണാം എന്ന സന്തോഷം ഈ ലേഖകന് ഏറെ ആവേശം പകര്‍ന്നു. 1970ല്‍ തൃശൂര്‍ വിട്ടു പോന്ന ശേഷം ആ സ്ഥലം ആദ്യമായി കാണുകയായിരുന്നു.

ശിബിരത്തില്‍ ആദരണീയ ദേവറസ്ജിയുടെ ബൈഠക്കുകളും പ്രഭാഷണങ്ങളും ഓര്‍മ്മയില്‍ പച്ച പിടിച്ചു നില്‍ക്കുന്നു. രണ്ടാം ദിവസത്തെ (ഫെബ്രുവരി 8) പഥസഞ്ചലനം തൃശൂര്‍ നഗരത്തെ അക്ഷരാര്‍ഥത്തില്‍ ഇളക്കി മറിച്ചു. തൃശൂര്‍ റൗണ്ടില്‍ ആയിരുന്നു ശിബിരാര്‍ഥികളായ 2500ല്‍പരം സ്വയംസേവകര്‍ പങ്കെടുത്ത പഥസഞ്ചലനം. അന്ന് കേരളത്തില്‍ ആദ്യമായി ഒരു പരീക്ഷണം നടത്തി. ഉച്ചക്ക് മുന്‍പ് ഒരു ചെറു ലഘുലേഖ നഗരത്തില്‍ വിതരണം ചെയ്യപ്പെട്ടു. പഥസഞ്ചലനം ഓരോ പോയിന്റിലും എത്തുന്ന സമയം മിനിറ്റിന്റെ അടിസ്ഥാനത്തില്‍ അതില്‍ രേഖപ്പെടുത്തിയിരുന്നു. അത് കൃത്യമായി നടപ്പാവുകയും ചെയ്തു. കാണികള്‍ വാച്ച് നോക്കി അദ്ഭുദപ്പെട്ടിരുന്നു എന്ന് പിറ്റേന്ന് മുഖ്യധാരാ പത്രങ്ങള്‍ എഴുതി. (ഈ സമ്പ്രദായം ഞങ്ങള്‍ എറണാകുളം നഗരത്തില്‍ വിജയകരമായി നടപ്പാക്കിയിട്ടുണ്ട്. 1978 മാര്‍ച്ചില്‍ മറൈന്‍ ഡ്രൈവില്‍ സംഘടിപ്പിച്ച വാര്‍ഷികോത്സവത്തിനോട് അനുബന്ധിച്ചായിരുന്നു ആ പഥസഞ്ചലനം).

‘പതിവ് തെറ്റിച്ച്’ മുഖ്യധാരാ പത്രങ്ങള്‍ അതിഗംഭീരമായാണ് തൃശൂര്‍ പദസഞ്ചലനത്തെ കുറിച്ച് ഫെബ്രുവരി 9നു എഴുതിയത്. അന്ന് രാവിലെ ആ പത്രവാര്‍ത്തകള്‍ എസ്. സേതുവേട്ടന്‍ ശിബിരത്തിന്റെ മുക്കിലും മൂലയിലും കേള്‍ക്കാന്‍ പാകത്തില്‍ സ്ഥാപിച്ചിരുന്ന ഉച്ചഭാഷിണിയിലൂടെ വായിച്ചു.

ഇനിയാണ് ‘തൃശ്ശൂര്‍ 9.’ പരിപാടിയുടെ വിജയത്തിനായി മാസങ്ങള്‍ക്കു മുന്‍പേ പ്രവര്‍ത്തനം ആരംഭിച്ചപ്പോള്‍ യശ്ശ:ശരീരനായ വി. രാധാകൃഷ്ണ ഭട്ട്ജി പറഞ്ഞിരുന്നത് 1975 ഫെബ്രുവരിയില്‍ 9 എന്ന തീയതി ഇല്ല, മറിച്ച് നമുക്കുള്ളത് ‘തൃശ്ശൂര്‍ 9’ ആണെന്നാണ്. അതായത് ഫെബ്രുവരി 9നു നടക്കുന്ന സംസ്ഥാനതല മഹാസമ്മേളനം. സ്ഥലം തേക്കിന്‍കാട് മൈതാനം. കേരളത്തിന്റെ മുക്കിലും മൂലയിലും നിന്ന് അസംഖ്യം വാഹനങ്ങളില്‍ ആയിരങ്ങള്‍ തൃശ്ശൂരിലേക്കു പ്രവഹിച്ചു. അന്നത്തെ കണക്കനുസരിച്ചു 50,000 ത്തിനും 60,000 രത്തിനും ഇടയില്‍ ജനങ്ങളും അനുഭാവികളും പങ്കെടുത്തു. വലിയൊരു സംഖ്യ വനിതകളായിരുന്നു. സ്വയംസേവകരുടെ വ്യായാം യോഗ് അതിമനോഹരമായി. ഒന്നര മാസത്തെ കഠിനപരിശ്രമത്തിന്റെ സദ്ഫലം! ‘ശക്തിയുണര്‍ന്നു’ എന്ന ശിബിര ഗണഗീതം ഗംഭീരമായി പാടിക്കൊടുത്തത് വി. രാധാകൃഷ്ണ ഭട്ട്ജി ആയിരുന്നു.

പരിപാടിയില്‍ പങ്കെടുത്ത ആയിരങ്ങളെ അഭിസംബോധന ചെയ്തു പൂജനീയ സര്‍സംഘചാലക് ബാലസാഹേബ് ദേവറസ്ജി ചെയ്ത ഉജ്ജ്വല പ്രസംഗം കേരളത്തിലെ പ്രവര്‍ത്തകര്‍ക്കുള്ള അനുയോജ്യ മാര്‍ഗദര്‍ശനമായിരുന്നു. ആ വാക്കുകളില്‍ നിന്നുള്ള ഊര്‍ജപ്രവാഹമായിരുന്നു നാല് മാസങ്ങള്‍ക്കു ശേഷം ഇടിത്തീ പോലെ വന്നു ഭവിച്ച അടിയന്തരാവസ്ഥക്കെതിരെ ശക്തമായ പോരാട്ടം നടത്താന്‍ കേരളത്തിലെ സംഘപ്രവര്‍ത്തകരെ പ്രാപ്തരാക്കിയത്.

മൊത്തം ശിബിരത്തിന്റെയും പഥസഞ്ചലനത്തിന്റെയും സംഘാടനത്തിന് പിന്നില്‍ അന്നത്തെ തൃശൂര്‍ ജില്ലാ പ്രചാരക് പി.പി. മുകുന്ദേട്ടന്റെയും ജില്ലയിലെ സമുന്നത പ്രവര്‍ത്തകരായ ജി. മഹാദേവ്ജി, അമ്മാത്ത് ഉണ്ണിക്കൃഷ്ണന്‍ചേട്ടന്‍, പി.പി. ഗോപാലക്കൃഷ്ണന്‍ചേട്ടന്‍, സി.പി. സുബ്രഹ്മണ്യന്‍ചേട്ടന്‍, ചെന്താമരാക്ഷന്‍ചേട്ടന്‍, അമ്മാത്ത് പ്രഭാകരന്‍ചേട്ടന്‍ തുടങ്ങി ഒട്ടേറെ പേരുടെ വിയര്‍പ്പും ഊര്‍ജവും ഉണ്ടായിരുന്നു. ഭാസ്‌ക്കര്‍ റാവുജിയുടെയും മാധവ്ജിയുടെയും ഹരിയേട്ടന്റെയും അത്യപൂര്‍വ്വ നേതൃത്വപാടവത്തിന്റെ പത്തരമാറ്റ് തെളിയിക്കപ്പെട്ട ആ ശിബിരവും ‘തൃശ്ശൂര്‍ 9’ഉം അതനുഭവിച്ചവര്‍ക്ക് ഒരു നിത്യഹരിത സ്മരണയാണ്. ആ ശിബിരത്തിന്റെ ഓര്‍മ്മക്കായി പൂജനീയരായ ഡോക്ടര്‍ജി-ഗുരുജി-ദേവറസ്ജിമാരെ ചേര്‍ത്ത ഒരു ഒറ്റ ചിത്രം എല്ലാ ശിബിരാര്‍ഥികള്‍ക്കും നല്‍കി. എനിക്ക് കിട്ടിയ ആ ചിത്രം അടിയന്തിരാവസ്ഥയുടെ ‘പ്രത്യേക’ ജീവിതചര്യയില്‍ നഷ്ട്ടപ്പെട്ടുപോയി.

Recent Posts