Kerala

കൊച്ചിയിലെ ജൂതപ്പള്ളിക്കു നേരെ ആസൂത്രിത ആക്രമണം; പാക് ഭീകരസംഘടനയുമായി ബന്ധമെന്ന് സൂചന, ക്രിപ്‌റ്റോ വഴി പണമിടപാടും

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കൊച്ചി: എറണാകുളം മാര്‍ക്കറ്റ് റോഡിലെ കടവുംഭാഗം ജൂതപ്പള്ളിക്ക് നേരെ തിങ്കളാഴ്ച പുലര്‍ച്ചെയുണ്ടായ ആക്രമണത്തിന് പിന്നില്‍ പാക്കിസ്ഥാന്‍ ഭീകര സംഘടനയെന്ന് സൂചന. ഭീകരര്‍ക്ക് ലൈവായി കാണുന്ന തരത്തില്‍ വീഡിയോ പകര്‍ത്തിയായിരുന്നു കുന്നത്തുനാട് സ്വദേശിയായ യുവാവ് ആക്രമണം നടത്തിയത്. പ്രതിയുടെ ഫോണില്‍ നിന്ന് ഇത് സംബന്ധിച്ച നിര്‍ണായക വിവരങ്ങള്‍ പോലീസിന് ലഭിച്ചെന്നാണ് പുറത്തുവരുന്ന വിവരം. തിങ്കളാഴ്ച പുലര്‍ച്ചെ 2.40ന് ആണ് സംഭവം.

പള്ളിയുടെ ഗേറ്റിന് മുന്നിലെ ബാനറുകളും ഫ്ലെക്സും പെട്രോളൊഴിച്ചാണ് അക്രമി കത്തിച്ചത്. എന്നാല്‍ പള്ളിയുടെ സുരക്ഷക്കായി നിയമിച്ചിരുന്ന പോലീസുകാര്‍ ഈ സംഭവം അറിഞ്ഞില്ല. ജൂതപ്പള്ളിയുടെ മാനേജിങ് ട്രസ്റ്റി ഏലിയാസ് ജോസഫ് നടത്തുന്ന ഹോര്‍ട്ടികള്‍ച്ചര്‍, മത്സ്യ നഴ്‌സറിയുടെ ബാനറാണ് കത്തിനശിച്ചത്. വയറിങ്ങിന് തീപ്പിടിക്കാത്തത് വലിയ അപകടം ഒഴിവാക്കി.

പള്ളിയുടെ സിസിടിവിയില്‍ അക്രമി സ്ഥലത്തെത്തിയ കാറിന്റെ നമ്പര്‍ ലഭിച്ചിരുന്നു. ഇത് പിന്തുടര്‍ന്നാണ് പ്രതിയെ പിടികൂടിയത്. എന്നാല്‍ ഇയാളുടെ പേര് വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. മറ്റൊരാള്‍ നല്‍കിയ നിര്‍ദേശ പ്രകാരമാണ് ആക്രമണമെന്നും ഇയാളെ നേരിട്ട് കണ്ടിട്ടില്ലെന്നുമാണ് യുവാവ് ആദ്യം നല്‍കിയ മൊഴി. വിശദമായ ചോദ്യം ചെയ്യലിലാണ് നിര്‍ണായക വിവരങ്ങള്‍ പുറത്തുവന്നത്.

സംഭവത്തിന് മുമ്പ് പ്രതി മൂവാറ്റുപുഴയിലെ ഒരു കടയില്‍ ഇതിന്റെ റിഹേഴ്‌സല്‍ നടത്തിയിരുന്നതായും ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി ഭീകരര്‍ക്ക് നല്‍കിയതായും വിവരമുണ്ട്. തന്റെ വിശ്വാസ്യത ഉറപ്പിച്ച ഇയാള്‍ക്ക് ക്രിപ്‌റ്റോ കറന്‍സിയായി പണം അയച്ചും നല്‍കി. 24 മണിക്കൂറും പോലീസ് കാവലുള്ള കടവുംഭാഗം ജൂതപ്പള്ളിക്ക് നേരെയുണ്ടായ ആക്രമണം ആസൂത്രിതമാണെന്ന് വ്യക്തമായതോടെ കേന്ദ്ര ഇന്റലിജന്‍സ് വിഭാഗമടക്കം അന്വേഷണം വ്യാപകമാക്കിയിട്ടുണ്ട്. എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനിലെ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്കാണ് കേസിന്റെ അന്വേഷണ ചുമതല. സംഭവത്തില്‍ പോലീസ് ഇന്ന് കൂടുതല്‍ വ്യക്തത വരുത്തുമെന്നാണ് വിവരം.

Recent Posts