Kerala

ടൂറിസം പദ്ധതികളിൽ കോടികളുടെ ക്രമക്കേട്; പാഴായത് പൊതുപണം, ഉപയോഗശൂന്യമായി ആസ്തികൾ: സിഎജി റിപ്പോർട്ട്

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തിരുവനന്തപുരം: ടൂറിസം വകുപ്പിലെ പദ്ധതി നടത്തിപ്പില്‍ കോടികളുടെ അഴിമതിയെന്ന് സിഎജിയുടെ കണ്ടെത്തല്‍. പദ്ധതികള്‍ നടപ്പിലാക്കുന്നതിന് കോടികള്‍ മുടക്കിയതല്ലാതെ വിനോദസഞ്ചാരികള്‍ക്ക് യാതൊരു പ്രയോജനവും ഉണ്ടായില്ല. ഒരു പഠനവുമില്ലാതെയും ആസൂത്രണമില്ലാതെയും പദ്ധതികള്‍ നടപ്പിലാക്കിയതിനാല്‍ വരുത്തിവച്ചത് കോടികളുടെ നഷ്ടം. 2023-24 കാലഘട്ടത്തിലെയും അതിനുമുമ്പുള്ള തുടര്‍ച്ചയായി നടത്തിവന്ന പദ്ധതികളെയും സംബന്ധിച്ച സിഎജി റിപ്പോര്‍ട്ടിലാണ് കെടുകാര്യസ്ഥത ചൂണ്ടിക്കാണിക്കുന്നത്.

മുന്‍മന്ത്രി മുഹമ്മദ് റിയാസായിരുന്നു ഈ കാലയളവില്‍ ടൂറിസം വകുപ്പ് കൈകാര്യം ചെയ്തിരുന്നത്. ടൂറിസം പദ്ധതികള്‍ നടപ്പിലാക്കുമ്പോള്‍ പരിസ്ഥിതി ഉള്‍പ്പെടെയുള്ളവ പരിശോധിക്കണമെന്ന് നിയമമുണ്ടെങ്കിലും ഇതൊന്നും പാലിച്ചിട്ടില്ല. മുസരിസ് പൈതൃക പദ്ധതി പ്രകാരം കൊടുങ്ങല്ലൂര്‍ ബൈപാസ് സൗന്ദര്യവത്കരണത്തിനായി 1.16 കോടി രൂപ ചെലവഴിച്ച് വൈദ്യുതോപകരണങ്ങള്‍ വാങ്ങി. ദേശീയപാത അതോറിറ്റിയുടെ അനുമതിയില്ലാതെ വാങ്ങിയതിനാല്‍ സ്ഥാപിക്കാനായില്ല, ഉപകരണങ്ങള്‍ കെട്ടിക്കിടന്ന് നശിക്കുന്നു.

കുന്നംകുളം കാക്കത്തുരുത്ത് കിളിപ്പാടം പക്ഷിനിരീക്ഷണ കേന്ദ്രത്തിനായി തെരഞ്ഞെടുത്ത പ്രദേശം വെള്ളക്കെട്ട് നിറഞ്ഞത്. പദ്ധതിയുടെ പ്രാഥമിക ഘട്ടത്തിനായി ചെലവഴിച്ച 1.25 കോടി രൂപ നഷ്ടമായി. ആമയിഴഞ്ചാന്‍ തോട് പുനരുദ്ധാരണ പദ്ധതിയില്‍ നെല്ലിക്കുഴി കാര്‍ട്ടബിള്‍ പാലം 2.10 കോടി രൂപ ചെലവഴിച്ച് പൂര്‍ത്തിയാക്കി. എന്നാല്‍ അപ്രോച്ച് റോഡ് ഇല്ലാത്തതിനാല്‍ പാലം ഉപയോഗിക്കാനായില്ല.

മലനാട് റിവര്‍ ക്രൂയിസ് പദ്ധതിക്കായി 3.74 കോടി രൂപ ചെലവില്‍ നാല് ബോട്ടുകള്‍ വാങ്ങി. പദ്ധതി നടപ്പിലാക്കത്തതിനാല്‍ ബോട്ടുകള്‍ തുരുമ്പെടുത്ത് നശിക്കുന്നു. കണ്ണൂരില്‍ പുല്ലപ്പി പ്രൊമെനേഡ് നദീതീരവും ഓഫ്‌ഷോര്‍ വികസനത്തിനായി പൈലിംഗ് പ്രവര്‍ത്തികള്‍ നടത്തിയതല്ലാതെ മൂന്നോട്ട് പോയില്ല. ഖജനാവിന് നഷ്ടം 4.02 കോടി രൂപ.

പള്ളിപ്പുറം, കോട്ട, വലിയപള്ളി, അഴീക്കോട്, തിരുവഞ്ചിക്കുളം, കുറ്റിച്ചിറ എന്നിവിടങ്ങളില്‍ ബോട്ട് ജെട്ടി നിര്‍മാണത്തില്‍ ഗുരുതര വീഴ്ച. ജലത്തിന്റെ ആഴവും സഞ്ചാരയോഗ്യതയും വിലയിരുത്താതെ നിര്‍മിച്ചതിനാല്‍ 2.25 കോടിയുടെ നഷ്ടം വരുത്തി വച്ചു. പള്ളിപ്പുറം ബോട്ട്‌ജെട്ടിയുടെ ഗേറ്റ് പൂട്ടി കാടു പിടിച്ചു കിടക്കുന്നു. ചീനവലകളുടെ പുനരുദ്ധാരണത്തിനായി വാങ്ങിക്കൂട്ടിയ തേക്കിന്‍ തടികള്‍ ഉപയോഗശൂന്യമായി നശിക്കുന്നു.

കേന്ദ്ര വിജിലന്‍സ് കമ്മിഷന്റെ നിര്‍ദ്ദേശങ്ങള്‍ എല്ലാം പാടെ അവഗണിച്ചാണ് കണ്‍സള്‍ട്ടന്‍സിനെ നിയമിച്ചത്. അയോഗ്യരാക്കിയവരെ പോലും കണ്‍സള്‍ട്ടന്‍സി ലിസ്റ്റില്‍ ഉള്‍പ്പെടുത്തി. ടെണ്ടര്‍ നടപടികളില്‍ മത്സരസ്വഭാവം ഉണ്ടായില്ലെന്നും സിഎജി കുറ്റപ്പെടുത്തുന്നു. കൃത്യമായി ജാഗ്രതയില്ലാതെ ടൂറിസം പദ്ധതികള്‍ നടപ്പിലാക്കിയതിനാല്‍ ഉദ്ദേശിച്ച ലക്ഷ്യങ്ങള്‍ കൈവരിക്കാതെ ആസ്തികള്‍ നിഷ്‌ക്രിയമായി. കൃത്യമായ കണക്കും രേഖകളും സൂക്ഷിക്കുന്നില്ല. പദ്ധതികള്‍ നടപ്പിലാക്കുന്നതിനു മുമ്പ് വ്യക്തമായ രൂപരേഖ തയ്യാറാക്കാന്‍ വിനോദസഞ്ചാര വകുപ്പില്‍ ജീവനക്കാരില്ലെന്നും സിഎജി ചൂണ്ടിക്കാട്ടുന്നു.

റീബില്‍ഡ് കേരളയിലും തട്ടിപ്പ്
മഹാപ്രളയത്തിനു ശേഷം രൂപീകരിച്ച റീബില്‍ഡ് കേരളയുമായി ബന്ധപ്പെട്ട് കേരള റോഡ്ഫണ്ടിന്റെ പദ്ധതി നിര്‍വ്വഹണത്തിലും കോടികളുടെ നഷ്ടമാണ് ഖജനാവിന് വരുത്തിവച്ചത്. കെഎസ്ടിപിഎ വഴി നിര്‍മിച്ച അഞ്ച് പദ്ധതികള്‍ക്കായി 21.33 കോടിരൂപ അധികം ചെലവായി. പദ്ധതികളില്‍ പലതും കരാറുകാരന് അധികം നേട്ടം ഉണ്ടാക്കുന്ന തരത്തിലായിരുന്നു. ആലപ്പുഴ, ചങ്ങനാശേരി റോഡിന്റെ നിലവാരം ഉയര്‍ത്തുന്ന പണിയില്‍ കരാറുകാരന് 39.27 കോടിയുടെ അനര്‍ഹമായ ആനുകൂല്യം ലഭിച്ചു. മറ്റ് കരാറുകളില്‍ ഗണ്യമായി വീഴ്ച സംഭവിച്ചതിനാല്‍ 21.33 കോടിയുടെ നഷ്ടവും ഖജനാവിന് വരുത്തിവച്ചു. ബിറ്റുമിന്‍ ഇന്‍വോയ്‌സുകളുടെ ആധികാരികത പരിശോധിക്കാത്തതില്‍ വീഴ്ച സംഭവിച്ചു. അസാധുവായ ഇന്‍വോയ്‌സുകള്‍ക്ക് 2.72 കോടിയും അസാധുവായ എട്ട് ഇന്‍വോയ്‌സുകളുടെ വില വ്യത്യാസത്തിന് 26 ലക്ഷവും അധികമായി നല്‍കേണ്ടി വന്നു.

Recent Posts