
ന്യൂഡൽഹി : സിജെപി പ്രതിഷേധത്തിലുള്ള വിശ്വാസം ജനങ്ങൾക്ക് നഷ്ടപ്പെട്ട് തുടങ്ങിയതായി സൂചന. CJP നേതാക്കളായ അഭിജിത് ദിപ്കെ, സൗരവ് ദാസ്, അശുതോഷ് രങ്ക എന്നിവരെ ഡൽഹിയിൽ എത്തിയ ഉടൻ തന്നെ കസ്റ്റഡിയിലെടുത്തതോടെ പ്രതിഷേധത്തിന്റെ ആവേശം ചോർന്നുപോയെന്നാണ് ഡൽഹി നിവാസികൾ പറയുന്നത് . തന്നെ അറസ്റ്റ് ചെയ്തപ്പോൾ സമരം നടത്താനുള്ള ചുമതല അജിങ്ക്യ ഷിൻഡെയ്‌ക്ക് ദീപ്കെ നൽകിയിരുന്നു. എന്നാൽ ജന്തർ മന്തറിൽ പ്രവർത്തകർക്ക് ഒത്തുകൂടാനുള്ള അവസരം പോലും അധികൃതർ നൽകിയില്ല.
എന്നിട്ടും പ്രതിഷേധം തുടരാനും ഓരോ സ്ഥലത്തെയും ‘ജന്തർ മന്തർ’ ആക്കി മാറ്റാനും അജിങ്ക്യ ഷിൻഡെ പ്രവർത്തകരോട് അഭ്യർത്ഥിച്ചു. എന്നാൽ, ഞായറാഴ്ചയോടെ CJP പ്രവർത്തകരുടെ ആവേശം കെട്ടടങ്ങി. തെരുവുകളിൽ പ്രതിഷേധക്കാരേക്കാൾ കൂടുതൽ പോലീസ് സാന്നിധ്യമുണ്ടായിരുന്നു. പ്രതിഷേധത്തിന്റെ രണ്ടാം ദിവസമായ ഞായറാഴ്ച തെരുവുകൾ വിജനമായിരുന്നു. കൊണാട്ട് പ്ലേസിന് ചുറ്റുമുള്ള പ്രദേശങ്ങളിൽ ആളുകൾ ഒത്തുകൂടിയെങ്കിലും പോലീസ് അവരെയും നീക്കം ചെയ്തു.
CJP-യുടെ മൂന്ന് പ്രധാന നേതാക്കളെയും മോചിപ്പിച്ചെങ്കിലും, ഒരു വർഷത്തേക്ക് യാതൊരുവിധ പ്രതിഷേധ പരിപാടികളും സംഘടിപ്പിക്കില്ലെന്ന വ്യവസ്ഥയോടെയായിരുന്നു മോചനം. ഇതോടെ സമരത്തിന്റെ ചൂടും കെട്ടടങ്ങി . വോട്ട് മോഷണം എന്ന വിഷയം പ്രതിപക്ഷ പാർട്ടികൾ ഇതിനകം തന്നെ ശക്തമായി ഉന്നയിച്ചുവരുന്നുണ്ട്. ഒരു സമ്മർദ്ദ ഗ്രൂപ്പ് എന്ന നിലയിൽ പ്രവർത്തിക്കുന്ന CJP, ഈ വിഷയത്തിൽ യുവാക്കളെ അണിനിരത്താനാണ് ശ്രമിച്ചത്.
ജന്തർ മന്തറിൽ തമ്പടിക്കാൻ സിജെപിക്ക് സാധിച്ചാൽ അവരെ അവിടെനിന്ന് നീക്കം ചെയ്യുക പ്രയാസകരമാകുമെന്ന് സർക്കാരിന് അറിയാമായിരുന്നു. എന്നാൽ പോലീസ് അത് പൂർണ്ണമായും തടഞ്ഞു.അതേസമയം അറസ്റ്റിലായ ചില സമരക്കാരാകട്ടെ ഡൽഹി പൊലീസുകാർ നൽകി ചായയും , സമൂസയും വാങ്ങി കഴിച്ചിട്ട് ഡൽഹി പോലീസിൽ പൂർണ്ണ വിശ്വാസമുണ്ട് എന്ന് പറയുന്ന ദൃശ്യങ്ങളും പുറത്ത് വന്നു.
പ്രതിഷേധക്കാർക്ക് ഭക്ഷണവും വെള്ളവും നൽകുന്നതിനും അവരുടെ മടക്കയാത്രയ്‌ക്ക് സഹായം നൽകുന്നതിനുമുള്ള ക്രമീകരണങ്ങൾ പൊലീസ് ചെയ്തിരുന്നു. വനിതാ പ്രതിഷേധക്കാർക്കും അവർക്കൊപ്പമുള്ളവർക്കും മെട്രോ സ്റ്റേഷനിലേക്ക് യാത്രാ സൗകര്യം ഒരുക്കി. ആൺകുട്ടികൾക്ക് അവരുടെ വീടുകളിലേക്ക് യാത്രാ സൗകര്യം ഒരുക്കുന്നതിനായി ഡിടിസി ബസുകളും നിർത്തിയിട്ടു. സ്ത്രീകളെ അവരുടെ വീടുകളിൽ ഇറക്കിവിടുന്നതിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട് . പ്രതിഷേധത്തിനിടെ കസ്റ്റഡിയിലെടുത്തവർക്ക് ചായ, സമൂസ, വെള്ളം എന്നിവ നൽകി .ഇതോടെ ഡൽഹി പൊലീസിന് ജയ് വിളിച്ച് തുടങ്ങിയിരിക്കുകയാണ് സമരക്കാർ.