
കോഴിക്കോട് :മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ശസ്ത്രക്രിയയ്‌ക്ക് വിധേയയായ വീട്ടമ്മ മരിച്ചെന്ന് കുടുംബത്തിന്റെ പരാതി.വടകര സ്വദേശിനി തങ്കമണിയുടെ മരണത്തിലാണ് കുടുംബത്തിന്റെ ആരോപണം. ബന്ധുക്കളുടെ പരാതിയില്‍ മെഡിക്കല്‍ കോളേജ് പൊലീസ് കേസെടുത്തു.
വടകര മന്ദരത്തൂര്‍ സ്വദേശിനി തങ്കമണി(49) കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ചുമണിയോടെയാണ് മരിച്ചത്.ഈ മാസം അഞ്ചിനാണ് ഗര്‍ഭാശയം നീക്കം ചെയ്യുന്നതിനുള്ള ശസ്ത്രക്രിയയ്‌ക്കായി തങ്കമണിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.എട്ടാം തീയതി ശസ്ത്രക്രിയ പൂര്‍ത്തിയാക്കി തൊട്ടടുത്ത ദിവസം വാര്‍ഡിലേക്ക് മാറ്റി.എന്നാല്‍, അന്ന് രാത്രിയോടെ തങ്കമണിക്ക് കടുത്ത രക്തസ്രാവവും ഛര്‍ദ്ദിയും വയറിളക്കവും അനുഭവപ്പെട്ടു.
ആരോഗ്യനില വഷളായതിനാല്‍ പത്താം തീയതി വീണ്ടും തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. അടിയന്തരമായി രണ്ടാമതൊരു ശസ്ത്രക്രിയ കൂടി നടത്തിയെങ്കിലും മരണപ്പെട്ടു.
കുടുംബം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ കോളജ് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. മെഡിക്കല്‍ കോളജ് എസിപിയുടെ നേതൃത്വത്തിലാണ് അന്വേഷണം.