
ആലപ്പുഴ: മാവേലിക്കര പുന്നമൂട്ടില്‍ റെയില്‍പാളത്തിന് സമീപം ട്രെയിന്‍ ഇടിച്ച് രണ്ടുവയസുകാരന്‍ മരിച്ചതില്‍ അമ്മയ്‌ക്കെതിരെ പൊലീസ് കൊലക്കുറ്റം ചുമത്തി. പുന്നമൂട് താനിപ്പള്ളില്‍ സിജുവിന്റെ മകന്‍ അക്ഷിതാണ് മരിച്ചത്. കുട്ടിയുടെ അമ്മ അഖില (31) യ്‌ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. ശനിയാഴ്ച വൈകിട്ട് 6:45-ഓടെ ളാഹ റെയില്‍വേ ഗേറ്റിന് സമീപത്തായിരുന്നു ദുരന്തം.
കോട്ടയം ഭാഗത്തേക്ക് പോകുകയായിരുന്ന ട്രെയിനാണ് അമ്മയെയും കുഞ്ഞിനെയും ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ഇരുവരും തെറിച്ചുവീണു. ഉടന്‍തന്നെ മാവേലിക്കര ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഗുരുതര പരിക്കേറ്റ കുട്ടിയുടെ ജീവന്‍ രക്ഷിക്കാനായില്ല.അഖില ജീവനൊടുക്കാനായി കുട്ടിയെയുമെടുത്ത് ട്രാക്കിന് നടുവില്‍ നില്‍ക്കുകയായിരുന്നുവെന്നും അടുത്തുവരുന്ന ട്രെയിന്‍ കണ്ട് മാറാന്‍ ശ്രമിച്ചപ്പോഴാണ് അപകടം സംഭവിച്ചതെന്നും ആര്‍പിഎഫ് അറിയിച്ചു.
നിലവില്‍ പരിക്കുകളോടെ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ മാനസികാരോഗ്യ വിഭാഗത്തില്‍ നിരീക്ഷണത്തിലാണ് അഖില. യുവതിയുടെ മാനസികാരോഗ്യം മെച്ചപ്പെടുന്ന മുറയ്‌ക്ക് തുടര്‍ന്നുള്ള നിയമനടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.