Varadyam

പറക്കാത്ത തത്തകൾ നടന്നു വരുമ്പോൾ

ശാസ്ത്രവിചാരം - 404

Published by
ഡോ. അനിൽകുമാർ വടവാതൂർ

പറക്കുന്ന പനംതത്തകളെ നമുക്ക് നല്ല പരിചയമാണ്. പക്ഷേ പറക്കാത്ത തത്തകളെക്കുറിച്ച് ചിന്തിക്കുക അസാധ്യം. ഏതാണ്ട് നാലുകിലോഗ്രാം വരെ ഭാരം വരുന്ന തടിച്ചുകൊഴുത്ത തത്തകള്‍ ഭാരം മൂലം പറക്കാനാവാത്തവ. അള്ളിപ്പിടിച്ചു മാത്രം മരം കയറാന്‍ കഴിയുന്നവ. ഇരതേടി ശത്രു വരുമ്പോള്‍ കഴുത്ത് നീട്ടിക്കൊടുക്കാനും നേരമിരുണ്ടാല്‍ മാത്രം അലഞ്ഞ് തിരിഞ്ഞ് ഇരതേടാനും മാത്രമറിയുന്ന ആ പനംതത്തയുടെ പേരാണ് ‘കാകപോ.’ ഒരിക്കല്‍ ഈ തക്കുടു തത്തകള്‍ ഇന്ന് തിരിച്ചുവരവിന്റെ വഴിയിലാണ്.

പതിനായിരക്കണക്കിന് വര്‍ഷങ്ങളായി മണ്ണില്‍ ചവിട്ടിമെതിച്ച് മേഞ്ഞുനടക്കുന്നവരാണ് കാകപോകള്‍. ന്യൂസിലാന്റിന്റെ പരിസ്ഥിതി പൈതൃകത്തിന്റെ അവകാശികള്‍ ഏതാണ്ട് നൂറുവയസ്സുവരെ ജീവിക്കാന്‍ അനുഗ്രഹം നേടിയ പക്ഷികള്‍.

പക്ഷേ മനുഷ്യന്റെ ഇടപെടല്‍ കാകപോയെ പരലോകത്തിന്റെ പടിവാതില്‍ക്കലെത്തിച്ചു. ന്യൂസിലാന്റിലെ കാടുകളിലേക്ക് മനുഷ്യന്റെ കുടിയേറ്റം തുടങ്ങിയതു മുതല്‍ കാകപോയുടെ കഷ്ടകാലം തുടങ്ങിയെന്ന് കഥ. മൗറീഷ്യസിന്റെ അഭിമാനമായിരുന്ന ഡോഡോ പക്ഷികളെ കൊന്ന് കുലംമുടിച്ചത് ഡച്ചുകാരായിരുന്നെങ്കില്‍ കോകപോയുടെ വംശം മുടിച്ചത് കുടിയേറ്റക്കാരായ യൂറോപ്യന്മാര്‍ക്കൊപ്പം എത്തിയ ചെറുമൃഗങ്ങള്‍. കൃത്യമായി പറഞ്ഞാല്‍ എലി, പൂച്ച, സ്ലോത്ത് തുടങ്ങിയവ.

അള്ളിപ്പിടിച്ച് മാത്രം മരത്തില്‍ കയറാന്‍ കഴിഞ്ഞിരുന്ന കാകപോകള്‍ പൂച്ചകള്‍ക്ക് ഇരയാകാന്‍ അധികനാള്‍ വേണ്ടിവന്നില്ല. കാകപോയുടെ മുട്ടകളും കുഞ്ഞുങ്ങളും എലികള്‍ സമൃദ്ധമായി ശാപ്പിച്ചു. മരം കയറാനുള്ള ബുദ്ധിമുട്ടുകൊണ്ട് സാധാരണയായി നിലത്ത് കൂടുകെട്ടുന്ന നിഷ്‌കളങ്കരായ തടിയന്‍ തത്തകള്‍ കാട്ടുതീയുടെ വേഗത്തിലാണ് കുറ്റിയറ്റ വംശമായത്. അങ്ങനെയാണ് അന്താരാഷ്‌ട്ര ഏജന്‍സികള്‍ അവയെ അതീവ ഗുരുതരമായ വംശനാശ ഭീഷണി നേരിടുന്ന വംശമെന്ന പട്ടികയില്‍ പെടുത്തിയത്. ആയിരത്താണ്ടുകളായി ഇരപിടിയന്മാരുടെ ശല്യമില്ലാതെ കഴിഞ്ഞ വംശമായതിനാല്‍ കാകപോകള്‍ ആരെയും ഭയന്നില്ല. ശത്രുക്കളില്‍നിന്ന് ഒളിക്കാനും ശ്രമിച്ചില്ല. രാത്രിയില്‍ ഇരതേടാനിറങ്ങുന്ന കാകപോകളുടെ ശരീരത്തില്‍നിന്ന് പുറപ്പെടുന്ന പ്രത്യേക ഗന്ധം അവയെ തിരിച്ചറിയാന്‍ ശത്രുക്കളെ സഹായിക്കുകയും ചെയ്തു.

ഇണ ചേരുന്നതിലും മുട്ടയിടുന്നതിലുമൊക്കെ കുഴിമടിയന്മാരായിരുന്നു കാകപോകള്‍. രണ്ട്-നാല് വര്‍ഷം കൂടുമ്പോള്‍ മാത്രമാണ് അവ മുട്ടയിടുക. ഇടുന്ന മുട്ടയില്‍ വളരെ ചെറിയൊരു ശതമാനം മാത്രമേ വിരിയാറുള്ളൂ. അതില്‍ മുക്കാല്‍ ഭാഗം കുഞ്ഞുങ്ങളെയും എലിയും പൂച്ചയുമൊക്കെ ചേര്‍ന്ന് കശാപ്പു ചെയ്യുകയും ചെയ്യും. വംശനാശം വന്ന ‘ഡോഡോ’ പക്ഷികളുടെ ജീവിതം കാല്‍വേറിയ മരങ്ങളുമായി അഭേദ്യമായി ബന്ധപ്പെട്ടിരുന്നതുപോലെ കാകപോകളുടെ ജീവിതം ന്യൂസിലാന്റിലെ റിമു മരങ്ങളുമായി ഇഴ ചേര്‍ന്നിരിക്കുന്നു. രണ്ട്-നാല് വര്‍ഷം കൂടുമ്പോള്‍ മാത്രം പൂത്തുലഞ്ഞ് കായ്‌കളുണ്ടാകുന്നവയാണ് റിമുമരങ്ങള്‍. അതേകാലത്താണ് കാകപോകള്‍ ഇണചേരുന്നതും മുട്ടയിടുന്നതും. റിമു പഴങ്ങളിലെ പോഷകങ്ങളും വിറ്റാമിനുകളുമായി കാകപോയുടെ ആരോഗ്യവും മുട്ടകളുടെ കരുത്തും ബന്ധപ്പെട്ടിരിക്കുന്നതായി ശാസ്ത്രജ്ഞര്‍ പറയുന്നു.

1970 കളിലാണ് കാകപോകളെ പൂര്‍ണമായും കാണാതായതെന്ന കാര്യം വനശാസ്ത്രജ്ഞരുടെ ശ്രദ്ധയില്‍ വരുന്നത്. അതോടെ സര്‍ക്കാര്‍ ഉണര്‍ന്നു. ന്യൂസിലാന്‍ഡിലെ ഉള്‍ക്കാടുകളില്‍നിന്ന് അവര്‍ ഏതാനും കാകപോകളെ കണ്ടെടുത്തു. അവയെവെച്ച് പ്രജനനത്തിലൂടെ മുട്ടകള്‍ ഇടീക്കാനും എണ്ണം വര്‍ധിപ്പിക്കാനുമായിരുന്നു ആദ്യ ശ്രമം; അവയെ സ്വതന്ത്രമായ അന്തരീക്ഷത്തില്‍ ഭയമേതുമില്ലാതെ വളര്‍ത്തിയെടുക്കുകയെന്നതും. ന്യൂസിലാന്റിന്റെ അധീനതയിലുള്ള മൂന്ന് ചെറുദ്വീപുകള്‍ അതിനായി സജ്ജീകരിച്ചു. അവിടെയുള്ള സകല എലികളെയും പൂച്ചകളെയും സ്ലോത്തുകളെയും കൊന്നൊടുക്കി. ദ്വീപില്‍ നിറയെ റിമുമരങ്ങള്‍ നട്ടുവളര്‍ത്തി. തുടര്‍ന്ന് പരീക്ഷണാര്‍ത്ഥം കാകപോകളെ തുറന്നുവിട്ടു.

ഗവേഷകരുടെ നിരന്തര ശ്രദ്ധയിലായിരുന്നു മൂന്ന് ദ്വീപുകളും. അവര്‍ പക്ഷികള്‍ക്ക് പോഷണം കലര്‍ത്തിയ ഭക്ഷണം കൃത്യമായി നല്‍കി. ഇട്ടു വീഴുന്ന മുട്ടകള്‍ പൊട്ടാതെ സൂക്ഷിച്ചു. കൂടുകളില്‍ ചിതറി കിടന്ന മുട്ടകള്‍ പെറുക്കിയെടുത്ത് കൃത്രിമമായി വിരിയിച്ചു. ഒരൊറ്റ ഇരപിടിയനും ദ്വീപിന്റെ നാലയലത്ത് പ്രവേശിക്കാതെ കാവലിരുന്നു. പിറന്നു വീഴുന്ന ഓരോ പക്ഷിക്കും പേരു നല്‍കാനും അവയെ സൂക്ഷ്മമായ റേഡിയോകോളര്‍ കൊണ്ട് ബന്ധിക്കാനും ശാസ്ത്രജ്ഞര്‍ മറന്നില്ല. റിമോട്ട് നെസ്റ്റ് സാങ്കേതികവിദ്യയുടെ സഹായത്തോടെ പക്ഷിക്കൂടുകള്‍ പോലും നിരന്തരം ശ്രദ്ധിച്ചു.

ശാസ്ത്രജ്ഞരുടെ ആ തപസ്സിന്റെ ഫലം അത്ഭുതാവഹമായിരുന്നു. കൈവിരലിലെണ്ണാവുന്നത്ര കാകപോകളുടെ എണ്ണം ക്രമേണ വര്‍ധിച്ചു. അതിനിടെ റിമു മരങ്ങള്‍ സമൃദ്ധമായി പൂത്തു. അവയുടെ ചുവന്ന കായ്‌കള്‍ കാകപോകള്‍ ആവേശപൂര്‍വം അകത്താക്കിത്തുടങ്ങി. ഇണചേരല്‍ തകൃതിയായി നടന്നു. കൃത്യം 79 പെണ്‍കാകപോകള്‍ ചേര്‍ന്ന് ആ സീസണില്‍ 258 മുട്ടയിട്ടു. അതില്‍ വലിയൊരു പങ്കും വിരിഞ്ഞ് കുട്ടികാകപോകള്‍ പുറത്തുവന്നു. ഒടുവില്‍ കാകപോകളുടെ 2026 ലെ കണക്കെടുത്തപ്പോള്‍ കിട്ടിയത് ഏറെ നാളായി കാത്തിരുന്ന ഒരു സന്തോഷവാര്‍ത്ത. അതീവ വംശനാശ ഭീഷണി നേരിട്ട കാകപോകളുടെ ഇപ്പോഴത്തെ സംഖ്യ 325.

എണ്ണം കൂടിയതുകൊണ്ടു മാത്രം കാര്യമായില്ലെന്ന് ന്യൂസിലാന്റിലെ വനശാസ്ത്രജ്ഞര്‍ക്ക് നന്നായറിയാം. കൃത്രിമ ആഹാരം ഒഴിവാക്കി സ്വയം ഇര തേടാന്‍ നടക്കും തത്തകളെ പഠിപ്പിക്കണം. സുരക്ഷിത സ്ഥലങ്ങളിലെ വേലി ചാടി പുറത്തുപോകാനുള്ള ശ്രമം ചെറുക്കണം. ശത്രുക്കളെ തുരത്തി ഓടിക്കണം. പകര്‍ച്ചപ്പനികളില്‍നിന്നും ശ്വാസകോശ രോഗങ്ങളില്‍നിന്നും കാകപോകളെ കാത്തുരക്ഷിക്കണം. അതിലൊക്കെ ഉപരി പക്ഷികളുടെ പൈതൃക ആവാസ ഭൂമിയായ രാക്കുറ-സ്റ്റിവര്‍ട്ട് ദ്വീപുകൡലേക്ക് അവയെ സുരക്ഷിതമായി പുനരധിവസിപ്പിക്കുകയും വേണം. തങ്ങള്‍ക്ക് അതൊക്കെ സാധിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് അന്നാട്ടിലെ അധികാരികളും ഗവേഷകരും.

Recent Posts