Varadyam

സൃഷ്ടിസ്ഥിതിയിലെ ഏകാത്മകത

പ്രകൃതിയെ മറന്നുള്ള പുരോഗമനത്തിന്റെയും വികസനത്തിന്റെയും വിനാശകരമായ പാതയിലൂടെ സഞ്ചരിക്കുന്ന മനുഷ്യന്‍ സ്വന്തം നിലനില്‍പ്പ് തന്നെയാണ് അപകടപ്പെടുത്തുന്നതെന്ന് മുന്നറിയിപ്പ് നല്‍കുന്ന അക്കിത്തത്തിന്റെ 'പഞ്ചവര്‍ണ്ണക്കിളി' എന്ന കവിതയെക്കുറിച്ച്‌

Published by
ഡോ.വി.സുജാത

ഒക്ടോബര്‍ 15 മഹാകവി അക്കിത്തത്തിന്റെ സ്മൃതി ദിനം

മലയാളത്തില്‍ ശബളാഭമായ ഭാവരൂപങ്ങള്‍ കൊണ്ട് വൈവിധ്യത്തിന്റെ വിസ്മയം തീര്‍ത്ത കവിശ്രേഷ്ഠന്‍ അക്കിത്തം അച്യുതന്‍ നമ്പൂതിരി പാലക്കാട് ജില്ലയിലെ കുമാരനെല്ലൂരില്‍ 1926 മാര്‍ച്ച് 18 ന് ഭൂജാതനായി. 2020 ഒക്ടോബര്‍ 15 ന് ദിവംഗതനായ മഹാകവി ആറ് പതിറ്റാണ്ടിലേറെ മലയാള കവിതാ രംഗത്തെ നിറസാന്നിധ്യമായിരുന്നു. ജ്ഞാനപീഠജേതാവായ ഈ കവി അഞ്ച് ഖണ്ഡകാവ്യങ്ങളും ഏകദേശം 600 കവിതകളും ഭാഷക്ക് സംഭാവന ചെയ്തിട്ടുണ്ട്.

മനുഷ്യര്‍ തമ്മിലുള്ള സാഹോദര്യം മാത്രമല്ല, പ്രകൃതിയുടെയും സര്‍വ്വചരാചരങ്ങളുടെയും പാരസ്പര്യവും കവിഹൃദയം ആശിക്കുന്നു. കാര്‍ഷിക വൃത്തിയിലും സമൃദ്ധിയിലും വിളങ്ങിയിരുന്ന നമ്മുടെ നാടിന്റെ പഴയകാലം ഓര്‍മ്മിപ്പിക്കുന്നതാണ് ‘പഞ്ചവര്‍ണക്കിളികള്‍’ എന്ന കവിതയിലെ സരസവും താളലയമാര്‍ന്നതുമായ വരികള്‍. നെല്ലുവിളയുന്ന പാടത്തെ പൊന്നിന്‍നിറമാര്‍ന്ന കതിര്‍കുലകള്‍ കര്‍ഷകന്റെ ഉള്ളം കുളിര്‍പ്പിക്കുമായിരുന്നു. കിളികൂട്ടങ്ങള്‍ നെന്മണി കൊത്തിയെടുക്കാന്‍ പറന്നെത്തുമ്പോള്‍ ആ നെഞ്ചില്‍ തീപടരുമായിരുന്നത്രെ. അന്ന് കര്‍ഷകര്‍ ബഹളംവച്ചും കല്ലെറിഞ്ഞും അവയെ തുരത്തുമായിരുന്നു:

തൂവലിളക്കി കൊക്കും നീട്ടി-
ത്തൂനെല്‍കുലയെ മുറിക്കുമ്പോള്‍
തീനാമ്പുള്ളില്‍പ്പടരുകയാലേ
ഞാനൊന്നലറീ, ‘ഹോഹോയീ’
തത്തകളപ്പോള്‍പ്പേടിച്ചോടീ,
കുത്തിയിരുന്നൂ പേരാലില്‍

ഇന്നാവട്ടെ ആ തത്തകളെ കാണ്മാനില്ല. മനുഷ്യനെ അത്യാഗ്രഹങ്ങളുടെ പൂര്‍ത്തീകരണത്തിനുള്ള പുരോഗമന പാതയിലേക്ക് നയിച്ച അമിത വ്യവസായവല്‍ക്കരണം കൃഷിയിടങ്ങളെ തരിശാക്കി. കുന്നുകള്‍ നിരത്തിയും ഖനനം വഴി ഭൂമിയെ വെട്ടിമുറിച്ചും ഹരിതാഭയെല്ലാം കവര്‍ന്നതോടെ കിളിക്കൂട്ടങ്ങളും അപ്രത്യക്ഷരായി. ഇവിടെ ഗൗരവമേറിയ പരിസ്ഥിതി പ്രശ്നത്തിലേക്കാണ് കവി വിരല്‍ ചൂണ്ടുന്നത്:

ദൈവം നല്‍കിയ ഭൂമിയെ മര്‍ത്ത്യന്‍
കൈയ്വശമാക്കീ, കണ്ടില്ലേ?
ദൈവികമാമീ വിളവും മനുജന്‍
കൈവശമാക്കീ, കണ്ടില്ലേ
തത്തകള്‍ നെല്‍കുല കൊത്തരുതത്രേ
മര്‍ത്ത്യനിതിന്നെന്തവകാശം?
എന്തൊരു ഭീകരപര പുച്ഛം നര-
നെന്തൊരഹം ഭാവാവേശം?

മനുഷ്യ കേന്ദ്രീതമായ കാഴ്ചപ്പാടില്‍ നിന്ന് പുതിയൊരു പാരിസ്ഥിതികാവബോധത്തിലേക്ക് തിരിയാന്‍ മനുഷ്യരാശിയെ പ്രേരിപ്പിക്കുന്നതാണ് അക്കിത്തത്തിന്റെ ‘പഞ്ചവര്‍ണക്കിളികള്‍’ എന്ന മനോഹര കാവ്യം. മനുഷ്യനു വേണ്ടിയാണ് മറ്റ് ജീവജാലങ്ങള്‍ സൃഷ്ടിക്കപ്പെടുന്നതെന്ന പാശ്ചാത്യ യാഥാസ്ഥിതിക വീക്ഷണമായിരുന്ന ‘ഷാലോ ഇക്കോളജി’ അഥവാ നരവംശ കേന്ദ്രീകരണത്തെ ആര്‍നെ നെസ്സ് എന്ന പ്രസിദ്ധ നോര്‍വീജിയന്‍ തത്ത്വചിന്തകന്‍ ശക്തമായി അപലപിക്കുകയുണ്ടായി. പരിസ്ഥിതിയുടെ മൂല്യം മനുഷ്യവര്‍ഗ്ഗത്തെ മാത്രം ആശ്രയിക്കുന്നതല്ല. മനുഷ്യരുള്‍പ്പെടെ ലക്ഷക്കണക്കിന് ജീവിവര്‍ഗങ്ങളുടെ ആവാസകേന്ദ്രമാണ് ഭൂമി. ഈ ജീവിവര്‍ഗങ്ങള്‍ ആന്തരികമായി പരസ്പരബന്ധം പുലര്‍ത്തുന്നുവെന്ന ആര്‍നെ നെസ്സിന്റെ ഗാഢപരിസ്ഥിതി വാദത്തിന് (1973) അഥവാ ഡീപ്പ് ഇക്കോളജിക്ക് ഉപോല്‍ബലകമായത് റേച്ചല്‍ കാര്‍സന്റെ നിരീക്ഷണങ്ങളായിരുന്നു. കാര്‍സണ്‍ 1962 ല്‍ പ്രസിദ്ധീകരിച്ച വിഖ്യാത പരിസ്ഥിതിശാസ്ത്ര ഗ്രന്ഥമായ സൈലന്റ് സ്പ്രിംഗ് (നിശ്ശബ്ദവസന്തം), ഡിഡിടി പോലുള്ള മാരക കീടനാശിനികള്‍ പ്രകൃതിയിലും മനുഷ്യനിലും ഉണ്ടാക്കുന്ന വിനാശകരമായ പ്രത്യാഘാതങ്ങളെക്കുറിച്ച് ലോകത്തിന് മുന്നറിയിപ്പ് നല്‍കി. ഈ പുസ്തകം മനുഷ്യരാശിക്ക് ലഭിച്ച കനപ്പെട്ട സംഭാവനയാണ്. പക്ഷികളുടെ പാട്ടുകള്‍ കേള്‍ക്കാതെ വസന്തകാലം നിശ്ശബ്ദമായിപ്പോകുന്ന അവസ്ഥക്ക് കാരണം അനിയന്ത്രിത രാസപ്രയോഗം അന്തരീക്ഷത്തെ മലിനമാക്കുന്നതിനാലാണെന്ന് ശാസ്ത്രീയമായ അനേകം തെളിവുകള്‍ നിരത്തി സ്ഥാപിക്കുന്നതാണ് ഈ പുസ്തകം. ‘നിശ്ശബ്ദ വസന്തം’ തുടങ്ങുന്നതു തന്നെ അമേരിക്കയിലെ ഒരു പട്ടണത്തിലെ ഗ്രാമപ്രദേശത്തിന്റെ പഴയകാലത്തെ പ്രകൃതി വിഭവ സമൃദ്ധിയെക്കുറിച്ച് വിവരിച്ചുകൊണ്ടാണ്. വിവിധയിനം സസ്യങ്ങളും ഫലവൃക്ഷങ്ങളും നിറഞ്ഞ ഭൂപ്രകൃതിയായതിനാല്‍ ആ പട്ടണം അനേകായിരം പക്ഷികളുടെ ആവാസകേന്ദ്രമായിരുന്നു. വസന്തകാലത്ത് ഏറ്റവും കൂടുതല്‍ ദേശാടനക്കിളികള്‍ എത്തുന്ന സ്ഥലമെന്ന ഖ്യാതിയും നേടിയിരുന്നു. എന്നാല്‍ ഇരുപതാം നൂറ്റാണ്ടിന്റെ പകുതിയായപ്പോഴേക്ക് ഒരു വസന്തത്തില്‍ ദേശാടനക്കിളികള്‍ ഒന്നും തന്നെ എത്തിയില്ല. മറ്റ് പക്ഷികളുടെ ശബ്ദവും നിലച്ചുപോയിരുന്നു. ആ നിശ്ശബ്ദ വസന്തമാണ് റേച്ചലിനെ പരിസ്ഥിതി പ്രശ്നങ്ങള്‍ ഗൗരവത്തോടെ പഠിക്കാന്‍ പ്രേരിപ്പിച്ചത്. രാസപ്രയോഗം കാരണമാണ് കിളികള്‍ ആ ഗ്രാമമുപേക്ഷിച്ചു പോയത്.

ഈ സത്യം തിരിച്ചറിഞ്ഞ കവിയുടെ ദര്‍ശനം വെളിപ്പെടുത്തുന്നതാണ് ‘പഞ്ചവര്‍ണക്കിളികള്‍.’ യുഗാന്തരങ്ങളിലൂടെ കടന്നുവന്ന മനുഷ്യന്‍ കൃഷി ചെയ്യാന്‍ തുടങ്ങവെയാണ് ഭൂമിയെ വെട്ടിനിരത്താനും അവകാശം പങ്കിടാനും തുടങ്ങിയത്. തന്റെ അദ്ധ്വാനത്താല്‍ നേടിയ കൃഷിവിഭവങ്ങള്‍ക്കുമേല്‍ അന്യജീവികള്‍ക്ക് എന്തവകാശമെന്ന മനുഷ്യന്റെ ചിന്തയുടെ ക്ഷുദ്രതയെ ചൂണ്ടിക്കാട്ടുകയാണ് അക്കിത്തത്തിന്റെ കവിത:

കരിമല്ലന്മാരതികായന്മാര്‍
മരവുരി തറ്റ പഴഞ്ചന്മാര്‍
പേശി വിരിഞ്ഞ കഴുത്തില്‍ക്കന്മഴു
പേറി നടന്ന വിരിഞ്ചന്മാര്‍
വെറ്റി വരിച്ചാരവരീദ്ധരണിയെ
വെട്ടിയടക്കലിലുശിര ന്മാര്‍!
അവരാഹാ പുളകോല്‍ഗമകാരിക-
ളവനിയെ മരതക നിറമാക്കി !
……………….
എന്നിട്ടിന്നു വരുന്നൂ തത്തകള്‍
തിന്നുമുടിക്കാറായപ്പോള്‍
…………………
കുത്തിയിരുന്നു ചിലച്ചീടുന്നു
മര്‍ത്ത്യനിതിന്നെന്തവകാശം ?
കൊത്തിയെടുക്കാന്‍ വെമ്പീടുന്നു
മര്‍ത്ത്യമനസ്സിലെ വിഷബീജം

ഇരുതലമൂര്‍ച്ചയുള്ള വാളിന്റെ പ്രയോജനമാണ് ഈ വരികളില്‍ തെളിയുന്നത്. തന്റെ അദ്ധ്വാനത്തിന്റെ വിളവുണ്ണാന്‍ വരുന്ന മറ്റ് ജീവികളെ, പരിസ്ഥിതി വിഷമയമാക്കി നശിപ്പിക്കുന്ന മനുഷ്യന്റെ അവിവേകം മാത്രമല്ല ഇവിടെ സൂചിതമാകുന്നത്. മനുഷ്യന്‍ മനുഷ്യനെത്തന്നെ ചൂഷണം ചെയ്യുന്ന അത്യാഗ്രഹമാകുന്ന വിഷബീജത്തെക്കുറിച്ചും ധ്വനിപ്പിക്കുന്നതാണ് കവിത. കഠിനാദ്ധ്വാനം ചെയ്തവരുടെ കുടിലുകളില്‍ ഒരുകാലത്ത് തീപുകയാതിരുന്നതിന്റെയും, കയ്യൂക്കുള്ളവന്‍ കാര്യക്കാരനായിരുന്നതിന്റെയും വ്യവസ്ഥിതിയുടെ നിര്‍ദ്ദയത്വവും ദുരവസ്ഥയും വിളിച്ചു പറയുകയാണിവിടെ:

കൊത്തണമെങ്കില്‍ കൊത്തുക, കൊത്തുക
കൊയ്‌ത്തരിവാളിന്‍ ഹൃദയത്തില്‍
അങ്ങിനെ നിങ്ങടെ കൊക്കുകളെല്ലാ-
മൊന്നും കൂടി നിറന്നെങ്കില്‍ !

മനുഷ്യന്റെ സ്വാര്‍ത്ഥതയ്‌ക്കും അഹങ്കാരത്തിനുമെതിരെ പടപൊരുതാന്‍ തത്തകളെ ആഹ്വാനം ചെയ്യുകയാണ് കവി:

രാവി മിനുക്കുക കൊക്കുകളൊക്കെ-
പ്പോവുക ഭടരേ, തത്തകളേ
അഭിമാനികളുടെ പടഹമടിക്കാ-
നവകാശങ്ങളെ നേടാനും

പാടുക പാടുക ധീരന്മാരേ
പാവന സൈനിക സംഗീതം
കൊത്തിയെടുക്കും തത്തകളിന്നീ
മര്‍ത്ത്യമനസ്സിലെ വിഷബീജം!

ഇതില്‍ ധ്വനിക്കുന്നത് അടിമയാക്കപ്പെട്ട അദ്ധ്വാനവര്‍ഗ്ഗത്തിന്റെ മോചനം മാത്രമല്ല, പ്രകൃതിയെ ചൂഷണം ചെയ്യുന്ന മനുഷ്യന്റെ അവിവേകത്തിനെതിരെയുള്ള പ്രതിരോധം പ്രകൃതി തന്നെ തീര്‍ക്കുമെന്ന ദര്‍ശനവുമാണ്. മറ്റ് ജീവജാലങ്ങളുടെ നാശം പ്രകൃതിയുടെ സന്തുലിതാവസ്ഥ തകര്‍ക്കുന്നതോടെ പ്രകൃതിക്ഷോഭങ്ങള്‍ക്ക് മനുഷ്യന്‍ ഇരയാകുന്നു. ഇപ്രകാരം മനുഷ്യന്റെയുള്ളിലെ വിഷബീജം പ്രകൃതി തന്നെ കൊത്തിയെടുക്കുകയാണ്.
ബുദ്ധിസാമര്‍ത്ഥ്യവും അഹംഭാവവും വളര്‍ന്ന മനുഷ്യവര്‍ഗം പ്രകൃതിയില്‍ നിന്നു കുറെയൊക്കെ സ്വതന്ത്രമാണ്. പ്രകൃതിയെ കൈകാര്യം ചെയ്യാന്‍ പോന്ന അന്തരംഗമാണ് മനുഷ്യന്റേത്. എന്നാല്‍ പ്രകൃതി നിയമങ്ങള്‍ക്ക് പൂര്‍ണ്ണമായി വിധേയമാകുന്ന മറ്റ് ജീവജാലങ്ങള്‍ പ്രകൃതിയുമായി അഭേദ്യബന്ധം പുലര്‍ത്തുന്നവയാണ്. അതിനാല്‍ പ്രകൃതിയുടെ പ്രതികരണം അവയുടേതാണെന്നതില്‍ തര്‍ക്കമില്ല. എല്ലാത്തരം ജീവനുകളും പ്രകൃതിയും തമ്മിലുള്ള ഐക്യം സംരക്ഷിക്കുമ്പോഴാണ് സൃഷ്ടിയുടെ സമഞ്ജസഭാവം നിലനിര്‍ത്തപ്പെടുന്നത്.

ഭൂമി മുഴുവന്‍ വെട്ടിപ്പിടിച്ച് സ്വന്തമാക്കാന്‍ ശ്രമിക്കുന്ന നരാധമന്മാര്‍ മറ്റ് ജീവജാലങ്ങള്‍ക്ക് മാത്രമല്ല, സ്വന്തം വര്‍ഗത്തിനും ഭീഷണിയാകുന്നുവെന്ന യാഥാര്‍ത്ഥ്യം നിഴലിക്കുന്ന വരികള്‍ ‘ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസ’ത്തിലും കാണാവുന്നതാണ് :

നാല്‍ക്കാലികളെയും വെട്ടി-
വിറകായ മരത്തെയും
തന്റെ ഭൃത്യപ്പണിക്കായി
നിയോഗിക്കുന്ന മാനുഷന്‍

എന്നാലിവിടെ നില്‍ക്കുന്നീ
ലവന്‍ നേടുന്ന ദ്വിഗ്ജയം
നരനെത്തന്നെ മാടാക്കി –
പ്പണിയിപ്പു നരാധമന്‍

മനുഷ്യരാശിയെച്ചൊല്ലിയുള്ള ആശങ്കകളാണ് അക്കിത്തത്തെ ഒരു സാമൂഹികവിപ്ലവകാരിയാക്കിയത്. സാമൂഹിക സ്ഥിതിസമത്വമെന്ന കമ്യൂണിസ്റ്റ് ആശയത്തെ കവി വരവേറ്റത് വലിയ പ്രതീക്ഷയോടെയായിരുന്നു. എന്നാല്‍ അധികാരക്കൊതിയുടെയും സ്വാര്‍ത്ഥത്തിന്റെയും നിര്‍ദ്ദയ തേരോട്ടമല്ലാതെ പുതിയ രാഷ്‌ട്രീയ പ്രത്യയശാസ്ത്രമാര്‍ഗത്തില്‍ മാനവികതയുടെ ആശാകിരണങ്ങളൊന്നും കാണാന്‍ കഴിയാതെ നിരാശപൂണ്ട കവി ആര്‍ഷസംസ്‌കൃതിയുടെ ശീതളച്ഛായയിലേക്ക് മടങ്ങുന്ന ചിത്രമാണ് 1952 ല്‍ അക്കിത്തത്തിന്റെ പ്രസിദ്ധകൃതിയായ ‘ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം’ വരച്ചു ചേര്‍ത്തത്. ആത്മീയ പാതയിലേക്ക് തിരിഞ്ഞ കവി, ഒരേസമയം
ഭാരതീയ സംസ്‌കൃതിയുടെ ആഴവും പരപ്പും വെളിപ്പെടുത്തുന്നതും, ആത്മീയ ജ്ഞാനത്തിന്റെയും ഭക്തിയുടെയും പ്രകാശം പരത്തുന്നതുമായ ശ്രീമദ് ഭാഗവതം വിവര്‍ത്തനം ചെയ്യുക വഴി മലയാളത്തിന് വിലപ്പെട്ട സംഭാവനയും നല്‍കി.
അക്കിത്തത്തിന്റെ കവിഹൃദയത്തില്‍ വന്ന പരിവര്‍ത്തന സ്വഭാവത്തിന്റെ നിദര്‍ശനമാണ് ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസമെന്ന് ചൂണ്ടിക്കാട്ടുന്നതില്‍ അര്‍ത്ഥമില്ലെന്ന എം.ടി.വാസുദേവന്‍ നായരുടെ വാദം (അക്കിത്തം- തിരഞ്ഞെടുത്ത കവിതകള്‍, 2009, ഡി.സി. ബുക്സ്) തികച്ചും തെറ്റാണ്. തീസിസും ആന്റിതീസിസും സിന്തസിസുമടങ്ങുന്ന പ്രത്യയ ശാസ്ത്രത്തിന്റെ നിലപാടനുസരിച്ച് വര്‍ഗവിദ്വേഷമാണ് വിശ്വപ്രേമത്തിലേക്കുള്ള മാര്‍ഗമെന്ന വിരുദ്ധ ധാരണ നെഞ്ചിലേറ്റിയ വിപ്ലവകവി ഒടുവിലതോര്‍ത്ത് സ്വയം ലജ്ജിക്കുന്നത് ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസത്തിലെ അനേകം വരികളില്‍ വ്യക്തമാണ്:

വിഷവൃക്ഷത്തിന്റെ ബീജം
പാവിയാലും മുളച്ചിടും
സുധാഫലം തരും കല്‍പ-
വൃക്ഷമെന്നു നിനച്ചു ഞാന്‍

അസത്യം, ചതി, തീവെപ്പും
കൊള്ള, വഞ്ചന, ചോരണം
ചാരവൃത്തി, വധം പോലും
പാവനം ജനസേവനം !

സമത്വസുന്ദരം ലോകം
പടുക്കാനുള്ള ചെയ്തികള്‍
പഠിപ്പിച്ചേല്‍ സദാദര്‍ശ
ഭ്രമമുള്ള യുവാക്കളെ.

 

Recent Posts