Vicharam

ഭാരതത്തിന്റെ വസ്ത്ര മേഖലയ്‌ക്ക് ‘വെളുത്ത പൊന്നി’ന്റെ കരുത്ത്

Published by
ഗിരിരാജ് സിങ്

എല്ലാ വര്‍ഷവും ഒക്ടോബര്‍ 7-ന് ആചരിക്കുന്ന ലോക പരുത്തി ദിനം, ഒരു രാജ്യത്തിന്റെ ഭാവിയുടെ കരുത്തുറ്റ ഇഴകള്‍ നെയ്‌തെടുക്കപ്പെടുന്നത് അതിന്റെ ഭൂതകാലത്തിന്റെ കരുത്തില്‍ നിന്നാണെന്ന് നമ്മെ ഓര്‍മ്മിപ്പിക്കുന്നു. ആയിരക്കണക്കിന് വര്‍ഷങ്ങളായി ഭാരതം പരുത്തി നൂല്‍ക്കുകയും നെയ്യുകയും ചെയ്യുന്നുണ്ട്. ‘നെയ്‌തെടുത്ത കാറ്റ്’ എന്ന് ലോകം വിശേഷിപ്പിച്ച ഇന്ത്യന്‍ മസ്ലിന്‍ തുണിത്തരങ്ങള്‍ നമ്മുടെ പാരമ്പര്യത്തിന്റെ തെളിവാണ്. അതുകൊണ്ടുതന്നെ പരുത്തി നമ്മെ സംബന്ധിച്ച് കേവലം ഒരു ഉല്‍പ്പന്നമല്ല; നമ്മുടെ സംസ്‌കാരത്തിലും സമ്പദ്വ്യവസ്ഥയിലും ദേശീയ മുന്നേറ്റത്തിലും അലിഞ്ഞുചേര്‍ന്ന ഒന്നാണ്.

ഇന്ന് ആ പാരമ്പര്യം കൂടുതല്‍ കരുത്താര്‍ജ്ജിക്കുകയാണ്. ലോകത്തിലെ രണ്ടാമത്തെ വലിയ പരുത്തി ഉല്‍പ്പാദക രാജ്യവും ഏറ്റവും കൂടുതല്‍ പരുത്തി കൃഷി ചെയ്യുന്ന രാജ്യവുമാണ് ഭാരതം. ലോകത്തെ ആകെ പരുത്തി കൃഷിഭൂമിയുടെ മൂന്നിലൊന്നിലധികം വരുന്ന, ഏകദേശം 115.25 ലക്ഷം ഹെക്ടര്‍ സ്ഥലത്താണ് ഇവിടെ കൃഷി നടക്കുന്നത്. വാണിജ്യാടിസ്ഥാനത്തില്‍ നാല് ഇനം പരുത്തിയും കൃഷി ചെയ്യുന്ന ലോകത്തിലെ ഏക രാജ്യവും ഭാരതമാണ്. ഏകദേശം ആറ് ദശലക്ഷം കര്‍ഷകരാണ് ഈ വിളയെ നേരിട്ട് ആശ്രയിക്കുന്നത്. കൂടാതെ, ജിന്നിംഗ്, നൂല്‍നൂല്‍പ്പ്, നെയ്‌ത്ത്, വസ്ത്രനിര്‍മ്മാണം എന്നിവയിലൂടെ ദശലക്ഷക്കണക്കിന് ആളുകള്‍ ഉപജീവനം കണ്ടെത്തുന്നു.

പരുത്തി ഭാരതത്തിന്റെ ‘വെള്ളപ്പൊന്ന്’ ആയി തുടരുകയാണ്; ഗ്രാമീണ ഐശ്വര്യത്തിന്റെയും വ്യാവസായിക കരുത്തിന്റെയും ഉറവിടമാണത്. ആഗോളതലത്തില്‍ ടെക്‌സ്‌റ്റൈല്‍ ഉപഭോഗത്തില്‍ പരുത്തിയുടെ വിഹിതം 30 ശതമാനമാണെങ്കില്‍, ഇവിടെ അത് 60 ശതമാനത്തോളമാണ്. ഇത് നമ്മുടെ പരുത്തി അധിഷ്ഠിത വ്യവസായത്തിന്റെ വിസ്തൃതിയെയും പ്രാധാന്യത്തെയും കാട്ടുന്നു. അതോടൊപ്പം ഒരു വലിയ ഉത്തരവാദിത്തവും നമ്മെ ഏല്‍പ്പിക്കുന്നു: ഓരോ ഹെക്ടറിലും ഉല്‍പ്പാദനം കൂട്ടുക, ഓരോ ബെയ്ലിലും മികച്ച ഗുണനിലവാരം ഉറപ്പാക്കുക, ഓരോ കര്‍ഷകനും അര്‍ഹമായ പ്രതിഫലം ലഭ്യമാക്കുക എന്നിവയാണവ.

വര്‍ഷങ്ങളായി പരുത്തി മേഖല നിരവധി വെല്ലുവിളികള്‍ നേരിട്ടിരുന്നുകുറഞ്ഞ ഉല്‍പ്പാദനക്ഷമത, മഴയെ മാത്രം ആശ്രയിച്ചുള്ള കൃഷി, കാലാവസ്ഥാ-കീട ഭീഷണികള്‍, ആധുനിക സാങ്കേതികവിദ്യയുടെ കുറവ്, ഗുണനിലവാരത്തിലെ ആശങ്കകള്‍ എന്നിവ ഇതില്‍ പ്രധാനമാണ്. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഈ രംഗത്ത് വലിയ മാറ്റങ്ങള്‍ വന്നിരിക്കുന്നു. വിത്തും കര്‍ഷകനും മുതല്‍ ജിന്നിംഗ്, സ്പിന്നിംഗ്, നിര്‍മ്മാണം, ആഗോള വിപണികള്‍ വരെയുള്ള സമ്പൂര്‍ണ്ണ മൂല്യശൃംഖലയെയാണ് ഇപ്പോള്‍ നാം മുന്‍നിര്‍ത്തുന്നത്.

5,000 കോടിയിലധികം രൂപ ചെലവഴിച്ചുള്ള ‘കപാസ് കാന്തി’ എന്ന പരുത്തി ഉല്‍പ്പാദനക്ഷമതാ ദൗത്യം ഈ മാറ്റത്തിന്റെ പ്രതിഫലനമാണ്. 2030-31ഓടെ പരുത്തിയുടെ ഉല്‍പ്പാദനക്ഷമത ഹെക്ടറിന് 440 കിലോഗ്രാമില്‍ നിന്ന് 755 കിലോഗ്രാമായി ഉയര്‍ത്തുക, ആകെ ഉല്‍പ്പാദനം 498 ലക്ഷം ബെയ്ലുകളാക്കുക എന്നിവയാണ് പ്രധാന ലക്ഷ്യങ്ങള്‍. അതിജീവന ശേഷിയുള്ള വിത്തിനങ്ങള്‍, ആധുനിക കൃഷിരീതികള്‍, ശാസ്ത്രീയ ഗവേഷണം, പരിശോധനാ സൗകര്യങ്ങള്‍, ഗുണനിലവാരം ഉറപ്പാക്കല്‍ എന്നിവയെല്ലാം ഇതില്‍ ഏകോപിപ്പിച്ചിരിക്കുന്നു.

കുറഞ്ഞ താങ്ങുവില വഴിയുള്ള സംഭരണം 571 കേന്ദ്രങ്ങളിലേക്ക് വ്യാപിപ്പിക്കുകയും നടപടികള്‍ ഡിജിറ്റല്‍ സംവിധാനങ്ങളിലൂടെ കൂടുതല്‍ സുതാര്യമാക്കുകയും ചെയ്തു. കോട്ബിസ് (ഇീആേശ്വ), ബിറ്റ്‌സ് (ആകഠട) എന്നീ ഡിജിറ്റല്‍ സംവിധാനങ്ങളിലൂടെ പരുത്തിയുടെ ഉല്‍പ്പാദനം മുതല്‍ വിപണനം വരെയുള്ള വിവരങ്ങള്‍ എളുപ്പത്തില്‍ അറിയാന്‍ കഴിയും. ഒപ്പം, ‘കസ്തൂരി കോട്ടണ്‍ ഭാരത്’ എന്ന ബ്രാന്‍ഡ് ഇന്ത്യന്‍ പരുത്തിക്ക് അന്താരാഷ്‌ട്രതലത്തില്‍ പ്രത്യേക മൂല്യവും അംഗീകാരവും നല്‍കുന്നു.

എന്നാല്‍ ഈ മാറ്റത്തിന്റെ പ്രധാന ഘടകം ഉല്‍പ്പാദനക്ഷമത തന്നെയാണ്. ഭാരതത്തിലെ പരുത്തി കൃഷിയുടെ 60 ശതമാനവും മഴയെ ആശ്രയിച്ചായതിനാല്‍, വിളവ് കൂട്ടുന്നതിനൊപ്പം കാലാവസ്ഥാ വ്യതിയാനങ്ങളെ അതിജീവിക്കാനുള്ള ശേഷിയും അത്യന്താപേക്ഷിതമാണ്. അതുകൊണ്ട് ആധുനിക സാങ്കേതികവിദ്യകള്‍, മെച്ചപ്പെടുത്തിയ വിത്തിനങ്ങള്‍, ഉയര്‍ന്ന സാന്ദ്രതയിലുള്ള നടീല്‍ രീതി എന്നിവ കര്‍ഷകരിലേക്ക് എത്തിക്കുകയാണ്. പരമ്പരാഗത രീതിയില്‍ ഒരേക്കറില്‍ നിന്ന് 5 മുതല്‍ 7 ക്വിന്റല്‍ വരെ പരുത്തി ലഭിച്ചിരുന്ന സ്ഥാനത്ത്, ഈ രീതിയിലൂടെ ഉല്‍പ്പാദനം 12 ക്വിന്റലായി ഉയര്‍ന്നു. കര്‍ഷകരുടെ പങ്കാളിത്തത്തോടെ ഇത് ഒരേക്കറിന് 18 ക്വിന്റലാക്കി ഉയര്‍ത്തുകയാണ് അടുത്ത ലക്ഷ്യം.

കൂടുതല്‍ പരുത്തി ഉല്‍പ്പാദിപ്പിക്കുന്നതിനൊപ്പം മികച്ച ഗുണനിലവാരവും ഉറപ്പാക്കേണ്ടതുണ്ട്. പരുത്തിനാരുകളുടെ ലഭ്യത നിലവില്‍ 32-33 ശതമാനം മാത്രമാണ്. ആധുനിക യന്ത്രസാമഗ്രികള്‍ ഉപയോഗിച്ച് ജിന്നിംഗ് മില്ലുകള്‍ നവീകരിക്കുന്നതിലൂടെ ഇത് 35 ശതമാനത്തോളമായി ഉയര്‍ത്താനും, കൂടുതല്‍ ശുദ്ധവും ഗുണമേന്മയുള്ളതുമായ ഇന്ത്യന്‍ പരുത്തി ആഗോള വിപണിയില്‍ എത്തിക്കാനും സാധിക്കും.

ഇന്ത്യന്‍ നാരുകളുടെ ആവശ്യകത നിലവിലുള്ള 15 എംഎംടിയില്‍ (മില്യണ്‍ മെട്രിക് ടണ്‍) നിന്ന് 2030-ഓടെ 23 എംഎംടി ആയി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ വര്‍ദ്ധിച്ച ആവശ്യം പരുത്തി കൊണ്ടുമാത്രം പൂര്‍ണ്ണമായി നിറവേറ്റാനാവില്ല. അതിനാല്‍ പുനരുപയോഗിക്കാവുന്നതും, മണ്ണില്‍ ലയിക്കുന്നതും, കുറഞ്ഞ കാര്‍ബണ്‍ പുറന്തള്ളുന്നതുമായ അസംസ്‌കൃത വസ്തുക്കള്‍ക്കായുള്ള തിരച്ചിലിലാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട്. വൈവിധ്യമാര്‍ന്ന പ്രകൃതിദത്ത നാരുകളാല്‍ സമ്പന്നമായ ഭാരതത്തിന് ഈ മാറ്റത്തില്‍ വലിയ നേട്ടം കൈവരിക്കാനാകും.

പുതുയുഗ നാരുകള്‍: അടുത്ത തലമുറ ഫൈബര്‍ സമ്പദ്വ്യവസ്ഥ
ഇവിടെയാണ് പുതിയ കാലഘട്ടത്തിലെ നാരുകളുടെ പ്രസക്തി. നൂറ്റാണ്ടുകളായി ഇവിടെ നിലവിലുള്ളതാണെങ്കിലും ഇത്തരം നാരുകളുടെ പൂര്‍ണ്ണ സാധ്യതകള്‍ നാം ഉപയോഗപ്പെടുത്തിയിരുന്നില്ല. ഇപ്പോള്‍ പരുത്തിക്കപ്പുറത്തേക്ക് ഫൈബര്‍ നയങ്ങള്‍ വ്യാപിപ്പിക്കുകയും, പുതിയ നാരുകളുടെ ഗവേഷണത്തിനും വാണിജ്യവത്കരണത്തിനും ഊന്നല്‍ നല്‍കുകയും ചെയ്യുന്നു. ‘മിഷന്‍ ഫോര്‍ കോട്ടണ്‍ പ്രൊഡക്റ്റിവിറ്റി’ക്ക് കീഴില്‍ വകയിരുത്തിയ 300 കോടി രൂപയുടെ പിന്തുണയോടെ കര്‍ഷകര്‍ക്കും ഗ്രാമീണ സംരംഭങ്ങള്‍ക്കും പുതിയ അവസരങ്ങള്‍ തുറന്നു നല്‍കുകയാണ്.

എരുക്ക് (മില്‍ക്ക് വീഡ്), ചണം, റാമി, സിസല്‍, കപ്പോക്ക്, ഹെംപ്, മുള, വാഴനാര്, നെറ്റില്‍, കൈതയോല തുടങ്ങിയ വൈവിധ്യമാര്‍ന്ന സ്രോതസ്സുകളിലാണ് നമ്മള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

പരമ്പരാഗതമായി ആക്ക് അല്ലെങ്കില്‍ മദാര്‍ എന്ന് വിളിക്കുന്ന എരുക്ക്, ഇന്ന് വാഗ്ദാനഭരിതമായ ഒരു പുതുയുഗ നാരായി മാറുകയാണ്. ഉത്തര്‍പ്രദേശ്, ഹരിയാന, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ ഇതിന്റെ കൃഷി വ്യാപിപ്പിച്ച് 10,000 കിലോഗ്രാം നാര് വേര്‍തിരിച്ചെടുത്തു കഴിഞ്ഞു. കൊടും തണുപ്പില്‍ ഉപയോഗിക്കുന്ന വസ്ത്രങ്ങള്‍ക്കും ഇന്‍സുലേഷന്‍ ആവശ്യങ്ങള്‍ക്കും ഇത് അനുയോജ്യമാണ്. വാഹനങ്ങളുടെ അകം അലങ്കരിക്കാനും സുസ്ഥിര പാക്കേജിംഗിനും ‘സിസാല്‍’ ഉപയോഗിക്കുമ്പോള്‍, വസ്ത്രങ്ങള്‍ക്കും സാങ്കേതിക തുണിത്തരങ്ങള്‍ക്കും ‘റാമി’ അനുയോജ്യമാണ്.

കൈതയോല നാരുകള്‍ ഉപയോഗിച്ച് ഫാഷന്‍ വസ്ത്രങ്ങളും കൃത്രിമ തുകലിന് പകരമുള്ള വസ്തുക്കളും നിര്‍മ്മിക്കാം. വാഴനാര് നൂല്‍, കടലാസ്, ഗൃഹ അലങ്കാര വസ്തുക്കള്‍ എന്നിവയ്‌ക്കായി ഉപയോഗിക്കുന്നു. മുള, ഫ്‌ലാക്‌സ്, ഹെംപ് തുടങ്ങിയവ ഇന്ത്യയുടെ സുസ്ഥിര ഫൈബര്‍ ശേഖരത്തെ കൂടുതല്‍ കരുത്തുറ്റതാക്കുന്നു.
ലോകം പരിസ്ഥിതി സൗഹൃദപരവും പുനരുപയോഗിക്കാന്‍ സാധിക്കുന്നതുമായ ഉല്‍പ്പന്നങ്ങളിലേക്ക് മാറുമ്പോള്‍, ഈ നാരുവൈവിധ്യം ഭാരതത്തിന്റെ വലിയൊരു സാമ്പത്തിക ആസ്തിയായി മാറും.

പരുത്തിയുടെ മാതൃരാജ്യമായ ഭാരതം, ആ പാരമ്പര്യം കാത്തുസൂക്ഷിക്കുന്നതിനൊപ്പം പുതുയുഗ നാരുകളും സാങ്കേതികവിദ്യയും സമന്വയിപ്പിച്ച് ‘രണ്ടാം ഫൈബര്‍ വിപ്ലവത്തിന്’ നേതൃത്വം നല്‍കാന്‍ സജ്ജമാണ്. പ്രധാനമന്ത്രിയുടെ ‘5എ’ ദര്‍ശനമായ ഫാമില്‍ നിന്ന് ഫൈബറിലേക്ക്, ഫൈബറില്‍ നിന്ന് ഫാക്ടറിയിലേക്ക്, ഫാക്ടറിയില്‍ നിന്ന് ഫാഷനിലേക്ക്, ഫാഷനില്‍ നിന്ന് വിദേശ വിപണികളിലേക്ക് എന്ന കാഴ്ചപ്പാടിലൂടെ ആഗോള ടെക്‌സ്‌റ്റൈല്‍ മേഖലയുടെ ഭാവി രൂപപ്പെടുത്താന്‍ ഭാരതം മുന്നില്‍ തന്നെയുണ്ടാകും.

Recent Posts