
തിരുവനന്തപുരം:നെടുമ്പാശേരിയില്‍ മൂന്ന് പേരുടെ മരണത്തിന് കാരണമായ വാഹനാപകടത്തില്‍ ബാറുകള്‍ക്കെതിരെ കേസെടുക്കും. പ്രതിയായ സുഹൈല്‍(19) വിവിധ ബാറുകളില്‍ നിന്നും മദ്യപിച്ചിരുന്നെന്ന് കണ്ടെത്തിയതോടെ എക്‌സൈസ് മന്ത്രി കേസെടുക്കാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു.
നിയമവിരുദ്ധമായി മദ്യം നല്‍കിയ ബാറുകള്‍ തിരിച്ചറിഞ്ഞ് അടിയന്തരമായി കേസെടുക്കണമെന്നാണ് എക്‌സൈസ് കമ്മീഷണര്‍ക്കും എറണാകുളം ജോയിന്റ് എക്‌സൈസ് കമ്മീഷണര്‍ക്കുമുളള നിര്‍ദേശം. കേരളത്തില്‍ മദ്യം വാങ്ങാനുള്ള കുറഞ്ഞ പ്രായം നിയമപ്രകാരം 23 വയസാണ് .
നെടുമ്പാശേരിയിലേക്കുള്ള യാത്രയ്‌ക്കിടെ സുഹൈല്‍ മൂന്ന് ബാറുകളില്‍ കയറി മദ്യപിച്ചിരുന്നെന്നാണ് കണ്ടെത്തിയത്.അതേസമയം, യുവാവ് ഓടിച്ച മിനി കൂപ്പര്‍ അപകടത്തില്‍ മരിച്ച വയനാട് മടക്കിമല സ്വദേശിനി ദേവിക(21), പാലക്കാട് സ്വദേശിനി ഗോപിക(22), സൗത്ത് കര്‍ണാടക സ്വദേശി ഇയാസ് (21) എന്നിവരുടെ മൃതദേഹം കളമശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. സംഭവത്തില്‍ കാര്‍ ഓടിച്ച യുവാവിനെതിരെ നരഹത്യയ്‌ക്ക് പൊലീസ് കേസെടുത്തിട്ടുണ്ട്.
ഓണ്‍ലൈന്‍ വസ്ത്ര വ്യാപാര സ്ഥാപനമായ ഇഹ ഡിസൈന്‍സിന്റെ ഉടമയാണ് സുഹൈലിന്റെ പിതാവ്. പിതാവിന്റെ ഉടമസ്ഥതയിലാണ് ഇയാള്‍ ഓടിച്ച മിനി കൂപ്പര്‍.