
ആലപ്പുഴ: സി.എസ്.ആർ ഫണ്ടുമായി ബന്ധപ്പെട്ട വിവാദം മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും നഗരസഭയിൽ ലക്ഷക്കണക്കിന് രൂപയുടെ അഴിമതികൾ നടക്കുന്നുണ്ടെന്നും ബിജെപി സോണൽ സെക്രട്ടറി ജി. വിനോദ് കുമാർ ആരോപിച്ചു. കോൺഗ്രസ് ഭരണത്തിൽ ആലപ്പുഴ നഗരസഭ അഴിമതിയുടെ കേന്ദ്രമായി മാറിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
നാലോ അഞ്ചോ പേർ അടങ്ങുന്ന ഒരു സംഘം സ്ഥിരമായി നഗരസഭയുടെ ഭരണം നിയന്ത്രിക്കുകയാണെന്നും വിനോദ് കുമാർ പറഞ്ഞു. നഗരസഭയിലെ അഴിമതികൾക്ക് സിപിഎം കോൺഗ്രസിന് ഒത്താശ ചെയ്യുകയാണെന്നും മുൻ സിപിഎം ഭരണകാലത്ത് നടന്ന അഴിമതികൾക്ക് കോൺഗ്രസ് നൽകിയ പിന്തുണയ്‌ക്കുള്ള പ്രത്യുപകാരമാണ് ഇപ്പോൾ നടക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
നെഹ്‌റു ട്രോഫി സാംസ്കാരിക സമിതിയുടെ കണക്കുകളുമായി ബന്ധപ്പെട്ട വിവാദത്തിലും വഴിയോരക്കച്ചവടക്കാരെ പുനരധിവസിപ്പിക്കുന്നതിന്റെ പേരിൽ റോഡുകൾ കൈയേറിയുള്ള കച്ചവടത്തിന് ഒത്താശ ചെയ്യുന്നതിലും കോൺഗ്രസും സിപിഎമ്മും തമ്മിൽ ഒത്തുകളിയുണ്ടെന്നും ഇതിലൂടെ ലക്ഷങ്ങളുടെ അഴിമതി നടക്കുകയാണെന്നും വിനോദ് കുമാർ പറഞ്ഞു. ഇത്തരം നടപടികൾക്കെതിരെ ബിജെപി ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ആലപ്പുഴ നഗരസഭയിലെ ബിജെപി പാർലമെന്ററി പാർട്ടി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപി പാർലമെന്ററി പാർട്ടി ലീഡർ ടി.ജി. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു.
ബിജെപി ജില്ലാ ജനറൽ സെക്രട്ടറിയും കൗൺസിലറുമായ ആർ. കണ്ണൻ, ജില്ലാ വൈസ് പ്രസിഡന്റ് കെ.പി. പരീക്ഷിത്, എസ്.ടി. മോർച്ച ജില്ലാ പ്രസിഡന്റ് കെ. മധു, കൗൺസിലർമാരായ ജിജി വി., പ്രേമ ഉദയകുമാർ, ദീപ്തി ഉണ്ണികൃഷ്ണൻ, മണ്ഡലം പ്രസിഡന്റുമാരായ ഡി.ജി. സാരഥി, എസ്. സുമേഷ്, മണ്ഡലം ജനറൽ സെക്രട്ടറി ടി.എം. സനീഷ് കുമാർ എന്നിവർ സംസാരിച്ചു.