
പ്രതി ബിജുവും കൊല്ലപ്പെട്ട വിനയനും
തലശ്ശേരി: പാനൂർ പന്ന്യന്നൂർ കുറിച്ചിക്കരയിലെ ബിഎംഎസ് പ്രവർത്തകൻ വിനയൻ വധക്കേസിൽ ഒന്നാം പ്രതി ജന്മിന്റെവിട രാഘവന്റെ മകന്‍ ബിജു(45)വിനെ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തി. തലശ്ശേരി മൂന്നാം അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്ജി റൂബി കെ. ജോസിന്റേതാണ് വിധി. കേസിലെ രണ്ട് മുതൽ എട്ട് വരെയുള്ള പ്രതികളെ തെളിവുകളുടെ അഭാവത്തിൽ വെറുതെവിട്ടു. കുറ്റക്കാരനെന്ന് കണ്ടെത്തിയ ബിജുവിനുള്ള ശിക്ഷ ഈ മാസം 12ന് വിധിക്കും.
2009 മാർച്ച് 12ന് വൈകിട്ട് 6.30ഓടെയാണ് കേസിനാസ്പദമായ സംഭവം. പന്ന്യന്നൂർ കുറിച്ചിക്കരയിലെ കടയിലേക്ക് നടന്നുപോവുകയായിരുന്ന വിനയനെ രാഷ്‌ട്രീയവിരോധത്തെത്തുടർന്ന് വാൾ, മഴു തുടങ്ങിയ മാരകായുധങ്ങൾ ഉപയോഗിച്ച് വെട്ടിയും കുത്തിയും കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷൻ കേസ്. വിനയന്റെ സുഹൃത്തുക്കളായ ദിലീപ്കുമാറിനെയും സതീശനെയും ഭീഷണിപ്പെടുത്തി ഓടിച്ചുവെന്നും പ്രോസിക്യൂഷൻ ആരോപിച്ചു.
കേസിൽ ഒന്നുമുതൽ അഞ്ചുവരെ പ്രതികളായ ജന്മിന്റെവിട ബിജു, ചെട്ടി ഷാജി, ടി.കെ. രജീഷ്, പി.എം. അരുണ്‍കുമാർ, റെനിൽ എന്നിവർ കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തുവെന്നും എട്ടാം പ്രതിയായ പി.വി. രജീന്ദ്രനാഥിന്റെ അറിവോടെയായിരുന്നു കൃത്യമെന്നുമാണ് പ്രോസിക്യൂഷൻ വാദം.
കേസിന്റെ അന്വേഷണത്തിനിടെ ആദ്യം പ്രതിചേർത്ത് അറസ്റ്റ് ചെയ്ത ആറുപേരെ പിന്നീട് ഒഴിവാക്കിയിരുന്നു. 2012ൽ ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ മൂന്നാം പ്രതിയായ ടി.കെ. രജീഷ് നൽകിയ കുറ്റസമ്മതമൊഴിയുടെ അടിസ്ഥാനത്തിലാണ് ഇവരെ ഒഴിവാക്കിയതെന്നാണ് കേസ് രേഖകൾ വ്യക്തമാക്കുന്നത്. തുടർന്ന് വിചാരണ നേരിട്ട പ്രതികളെ ഉൾപ്പെടുത്തി കുറ്റപത്രം സമർപ്പിക്കുകയായിരുന്നു.
പ്രോസിക്യൂഷനുവേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ കെ. രൂപേഷും കൊല്ലപ്പെട്ട വിനയന്റെ ഭാര്യ പ്രീതയ്‌ക്കുവേണ്ടി അഡ്വ. പി. പ്രേമരാജനും ഹാജരായി.