Kerala

നവരാത്രിയെ വരവേൽക്കാൻ ബൊമ്മക്കൊലുകളാൽ സമ്പന്നമായി കന്യാകുമാരി വിപണികൾ; പാവകൾക്ക് വൻ ഡിമാൻഡ്

Published by
രാജേഷ് വടക്കുംകര

നാഗര്‍കോവില്‍: നവരാത്രി ആഘോഷങ്ങള്‍ക്ക് ദിനങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ, കന്യാകുമാരി ജില്ലയിലെ വിപണികള്‍ ബൊമ്മക്കൊലുകളാല്‍ സമ്പന്നമായി. നാഗര്‍കോവില്‍ വടിവീശ്വരം, മീനാക്ഷിപുരം തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിലെല്ലാം വൈവിധ്യമാര്‍ന്ന പാവകളുടെ വില്‍പ്പന സജീവമായിക്കഴിഞ്ഞു. മണ്ണിലും പേപ്പറിലും തീര്‍ത്ത ഭക്തിനിര്‍ഭരവും സാംസ്‌കാരികവുമായ രൂപങ്ങള്‍ വാങ്ങാന്‍ നിരവധി കുടുംബങ്ങളാണ് വിപണിയിലെത്തുന്നത്. കാഞ്ചീപുരം, കടലൂര്‍, പോണ്ടിച്ചേരി, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ നിന്നാണ് പ്രധാനമായും കൊലുപ്പാവകള്‍ എത്തിയത്.

ഇത്തവണത്തെ വിപണിയില്‍ ശൂരസംഹാരം, പുരി ജഗന്നാഥ സ്വാമി, തിരുനെല്‍വേലി നെല്ലെയപ്പര്‍, ഗാന്ധിമതി, പെരുമാള്‍ തേരോട്ടം, വിശ്വരൂപം എന്നീ പുതിയ കൊലു രൂപങ്ങള്‍ക്ക് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇതിനൊപ്പം മുന്‍ വര്‍ഷങ്ങളിലേതുപോലെ ദശാവതാരം, അഷ്ടലക്ഷ്മി, ആറുപടൈവീട്, കല്യാണസെറ്റ് എന്നിവയ്‌ക്കും ആവശ്യക്കാര്‍ ഏറെയുണ്ട്. നിര്‍മാണച്ചെലവ് ഉയര്‍ന്നതോടെ ഇത്തവണ പാവകളുടെ വിലയില്‍ വര്‍ധനയുണ്ടായിട്ടുണ്ട്. കൊലുപ്പടികള്‍ സജ്ജീകരിക്കുന്നതിനുള്ള മെറ്റല്‍, സ്റ്റീല്‍ തട്ടുകളുടെ വില്‍പ്പനയും സജീവമാണ്.

തിന്മയ്‌ക്കുമേല്‍ നന്മ നേടിയ വിജയത്തിന്റെ ഓര്‍മപ്പെടുത്തലായ നവരാത്രിയില്‍ ശക്തിപൂജയുടെ ഭാഗമായാണ് ബൊമ്മക്കൊലുകള്‍ ഒരുക്കുന്നത്. വെറുമൊരു അലങ്കാരത്തിനപ്പുറം വിശ്വാസത്തിന്റെയും തമിഴ്‌കേരള സാംസ്‌കാരിക പാരമ്പര്യത്തിന്റെയും പ്രതീകമാണ് ഈ ആചാരം. തലമുറകളായി കൈമാറിവന്ന പാവകള്‍ ഇന്നും വീടുകളിലെ കൊലുകളില്‍ പ്രധാന ഇടംപിടിക്കുന്നുണ്ട്. ചെറിയ കേടുപാടുകള്‍ വന്നാലും കുടുംബാംഗങ്ങളുടെ ഓര്‍മകള്‍ നിറഞ്ഞുനില്‍ക്കുന്ന ഇത്തരം പാവകള്‍ മാറ്റിവെക്കാറില്ല.

അയല്‍വാസികളും ബന്ധുക്കളും വീടുകള്‍ സന്ദര്‍ശിക്കുന്നതും സ്ത്രീകള്‍ മഞ്ഞളും കുങ്കുമവും വെറ്റിലയും കൈമാറി സൗഹൃദം പുതുക്കുന്നതുമെല്ലാം കന്യാകുമാരിയിലെ നവരാത്രി ആഘോഷങ്ങള്‍ക്ക് വേറിട്ട ഭംഗിയേകുന്നു.

Recent Posts