
ന്യൂദല്‍ഹി: സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ദേശീയ തലസ്ഥാന മേഖലയിലുടനീളം പാലിക്കേണ്ട നിര്‍ബന്ധിത നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച്
സുപ്രീം കോടതി. അടുത്തിടെയുണ്ടായ ബലാത്സംഗ കേസുകളില്‍ കോടതി സ്വമേധയാ ആരംഭിച്ച നടപടികളുടെ ഭാഗമാണ് ഈ നിര്‍ദ്ദേശങ്ങള്‍.
പൊതു ഇടങ്ങള്‍ പരിപാലിക്കുന്ന രീതി, പോലീസ് പട്രോളിംഗിന്റെയും നിരീക്ഷണത്തിന്റെയും വിസിബിലിറ്റി, പോരായ്‌മകള്‍ പരിഹരിക്കുന്നതിലെ കൃത്യത എന്നിവ കുറ്റകൃത്യങ്ങള്‍ തടയുന്നതിന് പ്രസക്തമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.
സര്‍ക്കാര്‍/സ്വകാര്യ ബസുകള്‍, ഒല, ഉബര്‍, റാപ്പിഡോ ആപ്പ് അധിഷ്ഠിത സേവനങ്ങള്‍ , ഓട്ടോകള്‍ എന്നിവയിലെ ഡ്രൈവര്‍മാരുടെയും സഹായികളുടെയും കര്‍ശന പരിശോധനയാണ് ഇതില്‍ പ്രധാനം. ഡ്രൈവര്‍മാരുടെയും സഹായികളുടെയും പരിശോധിച്ചുറപ്പിച്ച പേരുകളും ഫോട്ടോഗ്രാഫുകളും വാഹനങ്ങള്‍ക്കുള്ളില്‍ യാത്രക്കാര്‍ക്ക് കാണാനാവും വിധം പ്രദര്‍ശിപ്പിക്കണം, ഇവര്‍ക്ക് യൂണിഫോമുകളും നിര്‍ബന്ധം.
കണ്‍ട്രോള്‍-റൂം കമാന്‍ഡ് സെന്ററുകളുടെതടക്കമുളള പ്രവര്‍ത്തനം, കവറേജ്, ലൈവ് റെസ്‌പോണ്‍സ് പ്രോട്ടോക്കോളുകള്‍ എന്നിവയെക്കുറിച്ച് പോലീസ് മേധാവിയും ചീഫ് സെക്രട്ടറിയും സംയുക്ത റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.
പൊതുഗതാഗതത്തിലെ വെഹിക്കിള്‍ ട്രാക്കിംഗ് ഉപകരണങ്ങളുടെ വിലയിരുത്തല്‍ നടത്തണം.
അനധികൃതമായി പാര്‍ക്ക് ചെയ്യുന്ന ഭാരവാഹനങ്ങള്‍ നീക്കാനും, അനധികൃത മദ്യ/ഭക്ഷണശാലകള്‍ പൊളിച്ചുമാറ്റാനും മദ്യശാലകള്‍ക്ക് സമീപം അലഞ്ഞുതിരിയുന്നവരെ പിരിച്ചുവിടാനും പോലീസിന് നിര്‍ദ്ദേശം നല്‍കി.
പരാതികള്‍ നേരിട്ട് സ്വീകരിക്കുന്നതിനായി, നിയുക്ത ഉദ്യോഗസ്ഥന്റെ കീഴില്‍ പതിവായി പൗര സംഗമ യോഗങ്ങള്‍ സ്ഥാപിക്കണം.
ആന്റി-ഇവ്-ടീസിംഗ് യൂണിറ്റുകള്‍, ലൈംഗിക പീഡനവും ദുരുപയോഗവും റിപ്പോര്‍ട്ട് ചെയ്യാന്‍ പ്രോത്സാഹിപ്പിക്കുന്നതിനു ലക്ഷ്യമിട്ടുള്ള ദല്‍ഹി പോലീസ് സംരംഭങ്ങള്‍ എന്നിവയെക്കുറിച്ചുള്ള സ്റ്റാറ്റസ് റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കണം എന്നിവയടക്കമുള്ള നിര്‍ദേശങ്ങളാണ് കോടതി മുന്നോട്ടുവച്ചിരിക്കുന്നത്.