
കൊച്ചി: പോപ്പുലര്‍ ഫിനാന്‍സ് ഗ്രൂപ്പുമായി ബന്ധമുള്ള 14 സ്ഥാപനങ്ങള്‍ പൂട്ടാന്‍ നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണല്‍ ഉത്തരവിട്ടു. പൊതുജനങ്ങളില്‍ നിന്ന് ശേഖരിച്ച പണവും അതുപയോഗിച്ച് സമ്പാദിച്ച ആസ്തികളും കണ്ടെത്താന്‍ ലിക്വിഡേറ്റര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
എസ്എഫ്‌ഐഒ വഴി കേന്ദ്ര സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജികളില്‍ ജുഡീഷ്യല്‍ അംഗം വിനയ് ഗോയലും ടെക്‌നിക്കല്‍ അംഗം രവിചന്ദ്രന്‍ രാമസാമിയും അടങ്ങുന്ന ബെഞ്ചാണ് ഉത്തരവു പുറപ്പെടുവിച്ചത്.
എസ്എഫ്ഐഒ, കമ്പനികളുടെ രജിസ്ട്രാര്‍, ബാങ്കുകള്‍, ധനകാര്യ സ്ഥാപനങ്ങള്‍, മറ്റ് അന്വേഷണ ഏജന്‍സികള്‍ എന്നിവയില്‍ നിന്ന് വിവരങ്ങളും സഹായവും തേടുന്നതിനൊപ്പം, കടക്കാര്‍, നിക്ഷേപകര്‍, മറ്റ് പങ്കാളികള്‍ എന്നിവരില്‍ നിന്ന് ക്ലെയിമുകള്‍ ക്ഷണിക്കാനും പരിശോധിക്കാനും തീര്‍പ്പുകല്‍പ്പിക്കാനും ലിക്വിഡേറ്റര്‍മാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
പോപ്പുലര്‍ ഫിനാന്‍സ് ഗ്രൂപ്പ് പൊതുജനങ്ങളില്‍ നിന്ന് ഏകദേശം 4,700 കോടി സമാഹരിച്ചതായി എസ്എഫ്ഐഒ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
നിക്ഷേപകരെ ആകര്‍ഷിക്കാനായി പോപ്പുലര്‍ ഫിനാന്‍സ് ഗ്രൂപ്പ് 9 ശതമാനം മുതല്‍ 18.18 ശതമാനം വരെ പലിശനിരക്ക് വാഗ്ദാനം ചെയ്തതായും സ്വര്‍ണ്ണ വായ്‌പയെ ബിസിനസിന്റെ മുഖമായി അവതരിപ്പിച്ചതായും അന്വേഷണത്തില്‍ വ്യക്തമായിരുന്നു.