Thrissur

പണിതീര്‍ന്നു, വില്ലേജ് ഓഫീസ് റെഡി താമസം പക്ഷേ… നാടോടികള്‍

Published by
മുകുന്ദൻ തേർളി

 

ഉദ്ഘാടനം കഴിഞ്ഞിട്ടും പ്രവര്‍ത്തനരഹിതമായ ഏങ്ങണ്ടിയൂര്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടം

ചാവക്കാട്: ചേറ്റുവ കടവ് പുതിയ സ്മാര്‍ട്ട് ഏങ്ങണ്ടിയൂര്‍ വില്ലേജ് ഓഫീസ് കെട്ടിടം രാത്രി കാലങ്ങളില്‍ നാടോടികള്‍ തമ്പടിക്കുന്നത് നാട്ടുകാര്‍ക്കും പ്രദേശവാസികള്‍ക്കും ദുരിതമാകുന്നു. തിരക്കിട്ട് കൊട്ടിഘോഷിച്ച് തെരഞ്ഞെടുപ്പു വിജ്ഞാപനത്തിന്റെ തലേനാളായിരുന്നു കെട്ടിടത്തിന്റെ ഉദ്ഘാടനം.

ചേറ്റുവയില്‍ പുഴയുടെ സമീപം വഴിയോരവിശ്രമ കേന്ദ്രത്തിനോട് ചേര്‍ന്ന് റവന്യൂവകുപ്പിന്റെ ഭൂമിയിലാണ് കെട്ടിടം നിര്‍മ്മിച്ചത്. ഇപ്പോള്‍ ഈ ഓഫീസ് സമൂഹവിരുദ്ധരുടേയും നാടോടികളുടേയും താവളമായി മാറി. ദിനംപ്രതി നാടോടി കൂട്ടങ്ങള്‍ ഈ പ്രദേശത്ത് വന്നുപോകുന്നു. ഇരുപതില്‍പരം കുട്ടികള്‍ അടങ്ങുന്ന നാടോടികളാണ് പ്രദേശത്ത് തമ്പടിച്ചിട്ടുള്ളത്. ഇവര്‍ പകല്‍ സമയങ്ങളില്‍ മറ്റു പ്രദേശങ്ങള്‍ ചുറ്റിക്കറങ്ങുകയും രാത്രി സമയങ്ങളില്‍ കള്ളുകുടിച്ച് തമ്മില്‍ തല്ലുകയും ബഹളം വയ്‌ക്കുകയും ചെയ്യുന്നത് കാരണം സമീപപ്രദേശത്ത് താമസിക്കുന്നവര്‍ക്ക് ഏറെ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നതായി പരാതി ഉയരുന്നു.

കഴിഞ്ഞദിവസം നാടോടികള്‍ കള്ളുകുടിച്ച് തമ്മില്‍ തല്ലി നാട്ടുകാരെ അസഭ്യം പറയുകയും പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തതായി നാട്ടുകാര്‍ പറയുന്നു. വിവരമറിഞ്ഞ് വാടാനപ്പള്ളി പോലീസ് സ്ഥലത്തെത്തുകയും മേല്‍ നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. പ്രദേശത്ത് നാടോടികള്‍ തമ്പടിക്കുന്നത് നാട്ടുകാര്‍ക്കും പ്രദേശവാസികള്‍ക്കും ഏറെ ഭീഷണിയാണ്. ഉദ്ഘാടനം കഴിഞ്ഞിട്ടും പ്രവര്‍ത്തനരഹിതമായി കിടക്കുന്ന വില്ലേജ് ഓഫീസ് കെട്ടിടമാണ് നാടോടികള്‍ താവളമായി മാറ്റിയത്.

അടിയന്തരമായി വില്ലേജ് ഓഫീസ് കെട്ടിടം പ്രവര്‍ത്തനസജ്ജമാക്കണമെന്നും വില്ലേജ് ഓഫീസ് കെട്ടിടം ചുറ്റുമതില്‍കെട്ടി സംരക്ഷിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.

Published by
മുകുന്ദൻ തേർളി

Recent Posts