
മൂന്ന് പതിറ്റാണ്ടുകൾക്ക് മുൻപ് പാതിവഴിയിൽ മുടങ്ങിയ മലയാള സിനിമ ‘അന്ന’യ്‌ക്ക് പുതിയ തുടക്കം. ചിത്രത്തിന്റെ നിർമാണാവകാശം ടോമിച്ചൻ മുളകുപാടത്തിന്റെ ഉടമസ്ഥതയിലുള്ള മുളകുപാടം ഫിലിംസ് സ്വന്തമാക്കി. കാലാനുസൃതമായ മാറ്റങ്ങളോടെ ചിത്രം പുതിയ തലമുറയ്‌ക്കായി അവതരിപ്പിക്കാനാണ് തീരുമാനം.
മോഹൻലാലിന്റെ ‘പുലിമുരുകൻ’ റിലീസ് ചെയ്ത് പത്ത് വർഷം പൂർത്തിയാകുന്ന വേളയിലാണ് ടോമിച്ചൻ മുളകുപാടം ‘അന്ന’യുടെ പുനരുജ്ജീവനം പ്രഖ്യാപിച്ചത്. 90-കളിൽ ആരംഭിച്ചെങ്കിലും പല കാരണങ്ങളാൽ പൂർത്തിയാക്കാൻ കഴിയാതെ പോയ ചിത്രമാണ് ‘അന്ന’.
അരവിന്ദ് സ്വാമിയും ശ്രീദേവിയും പ്രധാന വേഷങ്ങളിൽ എത്തേണ്ടിയിരുന്ന ചിത്രമായിരുന്നു ‘അന്ന’. ജോഷിയായിരുന്നു സംവിധായകൻ. ഡേറ്റുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും മറ്റ് സാങ്കേതിക കാരണങ്ങളുമാണ് ചിത്രം പാതിവഴിയിൽ മുടങ്ങാൻ കാരണമായതെന്നാണ് റിപ്പോർട്ട്.
അടുത്തിടെ ‘ബെത്ലഹേം കുടുംബ യൂണിറ്റ്’ എന്ന ചിത്രത്തിലൂടെ ‘അന്ന’ വീണ്ടും സിനിമാപ്രേമികൾക്കിടയിൽ ചർച്ചയായി. ‘അന്ന’യ്‌ക്കായി ഔസേപ്പച്ചൻ സംഗീതം നൽകിയതും യേശുദാസ് ആലപിച്ചതുമായ ‘യവനകഥയിലെ ഇടയകന്യകേ’ എന്ന ഗാനവും പുതിയ തലമുറയ്‌ക്കിടയിൽ ശ്രദ്ധ നേടിയിരുന്നു. ഇതോടെയാണ് പഴയ ചിത്രത്തെക്കുറിച്ചുള്ള അന്വേഷണങ്ങളും ചർച്ചകളും വീണ്ടും സജീവമായത്.
ഇതിനെ തുടർന്നാണ് ടോമിച്ചൻ മുളകുപാടം ചിത്രത്തിന്റെ കുടുംബത്തെ സമീപിച്ച് തിരക്കഥയുടെ അവകാശം സ്വന്തമാക്കിയത്. പുതിയ എഴുത്തുകാരുടെ സഹായത്തോടെ ‘അന്ന’യുടെ കഥയും അതിനോടൊപ്പമുള്ള ഓർമകളും പുതിയ തലമുറയിലേക്ക് എത്തിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം അറിയിച്ചു.
എന്നാൽ പുതിയ ചിത്രത്തിലെ സംവിധായകനും താരങ്ങളും ആരൊക്കെയായിരിക്കും എന്ന കാര്യത്തിൽ ഇപ്പോൾ പ്രഖ്യാപനം ഉണ്ടായിട്ടില്ല. ഇതുസംബന്ധിച്ച വിവരങ്ങൾ പിന്നീട് പുറത്തുവിടുമെന്ന് ടോമിച്ചൻ മുളകുപാടം വ്യക്തമാക്കി