
തിരുവനന്തപുരം : കൗൺസിലർ ആ സുഗതൻ ജയിലിൽ നിന്ന് പുറത്തിറങ്ങി . കാപ്പ റദ്ദാക്കിയ ഉത്തരവുമായി സുഗതന്റെ ഭാര്യ ജയിലിൽ എത്തിയതിന് പിന്നാലെയാണ് സുഗതൻ പുറത്തിറങ്ങിയത് . കാവി ഷാൾ അണിയിച്ചാണ് ബിജെപി അംഗങ്ങൾ സുഗതനെ സ്വീകരിച്ചത് . ഭാരത് മാതാ കീ ജയ് വിളികളും മുഴങ്ങുന്നുണ്ടായിരുന്നു. ഒപ്പം നിന്ന സംഘടനയ്‌ക്കും പ്രവർത്തകർക്കും നന്ദി പറയുകയും ചെയ്തു.ആർ. സുഗതൻ.
നാലു മാസം ജയിലിലായിരുന്ന തന്റെ വാർഡും കുടുംബവും നോക്കിയത് പാർട്ടിയാണ്. പൊലീസുകാർ വിചാരിച്ചാൽ ഇത്രയും കാലം ജയിലിൽ കിടക്കാമെന്നതിന്റെ തെളിവാണ് താൻ. ജനങ്ങൾക്കു വേണ്ടി മാത്രമേ ഇടപെട്ടിട്ടുള്ളൂ. സംഘടനയ്‌ക്കു വേണ്ടിയും ജനങ്ങൾക്കും വേണ്ടിയാണ് ജയിലിൽ കിടന്നത്. ഇനിയും ജയിലിൽ കിടക്കാൻ തയാറാണ്.
സുഗതന് എതിരായ കാപ്പ കേസിലെ കരുതൽ തടങ്കൽ ഇന്ന് വൈകിട്ടോടെയാണ് ഹൈക്കോടതി റദ്ദാക്കിയത്. സുഗതന്റെ തടങ്കൽ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഭാര്യ ജി.ആർ. അശ്വതി സമർപ്പിച്ച ഹർജിയിലായിരുന്നു ജസ്റ്റിസുമാരായ അനിൽ കെ.നരേന്ദ്രൻ, എസ്.മുരളീകൃഷ്ണ എന്നിവരുടെ ബെഞ്ചിന്റെ ഉത്തരവ്.