World

ഫ്ലൈദുബായ് വിമാനത്തിലെ അക്രമിയായ സഹപൈലറ്റിനെ വിട്ടയക്കാൻ ജീവനക്കാർ ആവശ്യപ്പെട്ടു: വാക്കേറ്റവും തർക്കവും, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യാത്രക്കാർ

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ദുബായ്: ഫ്ലൈദുബായ് വിമാനം തകർക്കാൻ ശ്രമിച്ച സഹ പൈലറ്റ് ഹമാം അൽ-ഹമ്മാമിയെ വിട്ടയക്കണമെന്ന് ചില ജീവനക്കാർ ആവശ്യപ്പെട്ടിരുന്നതായി യാത്രക്കാരുടെ വെളിപ്പെടുത്തൽ. എന്നാൽ ഇയാളെ ഒരു കാരണവശാവും വിട്ടയക്കില്ലെന്നും പൊലീസിന് മാത്രമെ കൈമാറൂവെന്ന നിലപാടിലായിരുന്നു യാത്രക്കാരെന്നും ഇവർ വ്യക്തമാക്കി. കെട്ടിയിട്ടിരുന്ന സഹ പൈലറ്റിനെ അഴിച്ചുവിടണമെന്ന് ചില ജീവനക്കാർ ആവശ്യപ്പെട്ടതായി യാത്രക്കാരനായ ത്സ്വിക മാനെസ് പറഞ്ഞു.തീവ്രവാദിയെ അഴിച്ചുവിടാനാണ് ജീവനക്കാർ ആവശ്യപ്പെട്ടത്.

എന്തുകൊണ്ടാണ് അവർ അത്തരമൊരു ആവശ്യം ഉന്നയിച്ചതെന്ന് മനസിലായില്ലെന്നും ഇതോടെ ജീവനക്കാരിൽ തങ്ങൾക്ക് സംശയം തോന്നിയെന്നും അദ്ദേഹം വ്യക്തമാക്കി. ‘നിങ്ങൾ ദൈവമല്ല, നിങ്ങൾക്ക് അവനെ കൊല്ലാൻ കഴിയില്ല’ എന്ന് ജീവനക്കാർ പറഞ്ഞതായും മാനെസ് പറഞ്ഞു.മറ്റൊരു യാത്രക്കാരനായ ഡാനിയൽ ഷ്ളിച്ചറും സമാനമായ ആരോപണം ഉന്നയിച്ചു.സഹ പൈലറ്റിനെ വിട്ടയക്കണമെന്ന ആവശ്യത്തെ തുടർന്ന് ജീവനക്കാരും യാത്രക്കാരും തമ്മിൽ വാക്കുതർക്കമുണ്ടായതായും അദ്ദേഹം പറഞ്ഞു.

സ്ഥിതിഗതികൾ നിയന്ത്രണത്തിലായതിന് പിന്നാലെ യാത്രക്കാരോട് സ്വന്തം സീറ്റുകളിലേയ്‌ക്ക് മടങ്ങാൻ കാബിൻ ജീവനക്കാർ ആവശ്യപ്പെട്ടതായും എന്നാൽ യാത്രക്കാർ അതിന് തയ്യാറായില്ലെന്നുമാണ് റിപ്പോർട്ട്.പൊലീസിന് മാത്രമെ കൈമാറുകയുള്ളൂവെന്ന് യാത്രക്കാർ പറയുന്നതിന്റെ വീഡിയോ ഇസ്രയേൽ മാദ്ധ്യമമായ ഐ24ന്യൂസ് പുറത്തുവിട്ടു.

45 സെക്കൻഡ് മാത്രം ദൈർഘ്യമുള്ള വീഡിയോയിൽ രക്തക്കറകളുള്ള വസ്ത്രങ്ങളുമായി സഹ പൈലറ്റ് മുട്ടുകുത്തിയിരിക്കുന്നത് കാണാം.പൊലീസിന് മാത്രം, പൊലീസിന് കൈമാറും എന്നിങ്ങനെ യാത്രക്കാർ ആവർത്തിച്ച് പറയുന്നതും വീഡിയോയിൽ കേൾക്കാം. ഇതോടെ ആക്രമണം ഗൂഢാലോചന ആണോയെന്നും വിമാനത്തിലെ ജീവനക്കാർക്കെതിരെ അന്വേഷണം വേണമെന്നും യാത്രക്കാർ ആവശ്യപെട്ടിട്ടുണ്ട്.

Recent Posts