
പാലക്കാട്: ജില്ലയിലെ സി പി എമ്മില്‍ രൂക്ഷമായ വിഭാഗീയത നിലനില്‍ക്കുന്നുവെന്ന് പാര്‍ട്ടി വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ തുറന്നു പറയുന്നു.വിപുലീകൃത കമ്മിറ്റിയില്‍ ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബുവാണ് വീഴ്ചകള്‍ ചൂണ്ടിക്കാട്ടുന്ന റിപ്പോര്‍ട്ട് അവതരിപ്പിച്ചത്.
പാര്‍ട്ടി നേതാക്കളില്‍ ചിലര്‍ റിയല്‍ എസ്റ്റേറ്റ് മാഫിയയായി മാറിയെന്നും ജില്ലാ സെക്രട്ടറി അവതരിപ്പിച്ച റിപ്പോര്‍ട്ടിലുണ്ട്.അട്ടപ്പാടിയിലെ അനധികൃത ഭൂമി ഇടപാടുകളില്‍ പാര്‍ട്ടി നേതാക്കള്‍ക്ക് വലിയ പങ്കുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സംശയനിഴലിലുള്ള നേതാക്കളുടെ സ്വത്ത് വിവരങ്ങള്‍ പരസ്യമായി പുറത്തുവിടണമെന്നും ആവശ്യപ്പെടുന്നുണ്ട്.
കോങ്ങാട്, തൃത്താല ഉള്‍പ്പെടെയുള്ള ചില മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് പരാജയത്തിന് കാരണം നേതാക്കള്‍ക്കിടയിലെ വിഭാഗീയതയാണെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും യോഗത്തില്‍ കുറ്റപ്പെടുത്തി.പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റ് വേണ്ടത്ര കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നില്ലെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.