
ഹൈദരാബാദ്: ഹൈദരാബാദിലെ ഹോട്ടൽ മുറിയിൽ പി.ജി മെഡിക്കൽ വിദ്യാർത്ഥിനിയുടെ മൃതദേഹം ദുരൂഹ സാഹചര്യത്തിൽ കണ്ടെത്തി. മൃതദേഹം പാതി അഴുകിയ നിലയിൽ ആയിരുന്നു. തെലങ്കാന സംഗറെഡ്ഡി സ്വദേശിനിയായ കെ. ശ്രീജനയെ (27) യാണ് മിയാപൂരിലെ ഹോട്ടൽ മുറിയിലെ കട്ടിലിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ഹനംകൊണ്ടയിലെ മെഡിക്കൽ കോളേജിൽ പീഡിയാട്രിക്‌സ് വിഭാഗം പി.ജി വിദ്യാർത്ഥിനിയാണ് ശ്രീജന. സെപ്റ്റംബർ 30 നു ശേഷം മകളുമായി ഫോണിൽ ബന്ധപ്പെടാൻ കഴിയാത്തതിനെ തുടർന്ന് ബന്ധുക്കൾ പോലീസിൽ പരാതി നൽകുകയായിരുന്നു.
തുടർന്ന് പോലീസ് നടത്തിയ ലൊക്കേഷൻ പരിശോധനയിലാണ് പെൺകുട്ടി മിയാപൂരിലെ ഹോട്ടലിലുണ്ടെന്ന് കണ്ടെത്തിയത്. പോലീസെത്തി മുറി തുറന്നപ്പോഴാണ് മൃതദേഹം കണ്ടെത്തുന്നത്.സ്വർണ്ണമാല തിരികെ നൽകുന്നത് സംബന്ധിച്ച് സംസാരിക്കാനായി ആൺസുഹൃത്ത് വിളിച്ചതിനെ തുടർന്ന് സെപ്റ്റംബർ 30-നാണ് ശ്രീജന ഹൈദരാബാദിലെത്തിയത്. എന്നാൽ ഒക്ടോബർ ഒന്നിന് ഇയാൾ ഹോട്ടലിൽനിന്ന് ചെക്ക് ഔട്ട് ചെയ്ത് കടന്നുകളയുകയായിരുന്നു. മകളെ കൊലപ്പെടുത്തിയതാണെന്ന് ആരോപിച്ച് ശ്രീജനയുടെ പിതാവ് കെ. ഭൂമയ്യ രംഗത്തെത്തി.
പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കൊലപാതകക്കുറ്റത്തിന് കേസെടുത്തു. പ്രാഥമിക പരിശോധനയിൽ ശരീരത്തിൽ പരിക്കുകളൊന്നും കണ്ടെത്താനായിട്ടില്ല. മരണകാരണം വ്യക്തമാകാൻ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു. ഒളിവിൽ പോയ ആൺസുഹൃത്തിനായുള്ള അന്വേഷണം പോലീസ് ഊർജ്ജിതമാക്കിയിട്ടുണ്ട്. പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങളും പോലീസ് പരിശോധിച്ചുവരികയാണ്. എം.ബി.ബി.എസ് പഠനകാലം മുതൽ ശ്രീജനയ്‌ക്ക് ഇയാളുമായി പരിചയമുണ്ടായിരുന്നെന്നാണ് വിവരം.