
മുംബൈ: ഫ്ലൈ ദുബായ് വിമാനം തകർക്കാനുള്ള സഹപൈലറ്റിന്റെ ശ്രമത്തെ ജീവൻ പണയം വെച്ച് ചെറുത്ത് തോൽപ്പിച്ച ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിന് ആദരമർപ്പിച്ച് ഇസ്രായേൽ. മുംബൈ നഗരത്തിൽ സ്മിത് മച്ചാറിന്റെ ചിത്രം സഹിതം കൂറ്റൻ ഹോർഡിംഗുകളാണ് മുംബൈയിലെ ഇസ്രായേൽ കോൺസുലേറ്റ് ജനറൽ സ്ഥാപിച്ചിരിക്കുന്നത്.182 യാത്രക്കാരുടെ ജീവൻ രക്ഷിച്ച ക്യാപ്റ്റൻ സ്മിതിനോടുള്ള ആദരസൂചകമായാണ് ഈ നടപടി.
“ഇന്ത്യയ്‌ക്ക് പുതിയൊരു നായകനുണ്ട്, അദ്ദേഹത്തിന്റെ പേര് ഇസ്രായേൽ ഒരിക്കലും മറക്കില്ല: ക്യാപ്റ്റൻ സ്മിത് മച്ചാർ! നന്ദി ക്യാപ്റ്റൻ സ്മിത്, വേഗത്തിൽ സുഖം പ്രാപിക്കട്ടെ. താങ്കളെ സ്വാഗതം ചെയ്യാൻ ഇസ്രായേൽ കാത്തിരിക്കുന്നു” എന്ന് മുംബൈയിലെ ഇസ്രായേൽ കോൺസൽ ജനറൽ യാനിവ് റെവാച്ച് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ കുറിച്ചു.
നൂറുകണക്കിന് ജീവനുകൾ രക്ഷിച്ചതിന് നന്ദി അറിയിക്കുന്ന സന്ദേശവും വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന ആശംസയും അടങ്ങിയതാണ് മുംബൈ നഗരത്തിൽ പ്രത്യക്ഷപ്പെട്ട ബോർഡുകൾ. നിലവിൽ അബുദാബിയിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സ്മിത് മച്ചാറിനെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും മറ്റ് അന്താരാഷ്‌ട്ര നേതാക്കളും നേരിട്ട് വിളിച്ച് പ്രശംസിച്ചിരുന്നു.