Kerala

വേമ്പനാട് കായലില്‍ കറുത്ത കക്കയ്‌ക്ക് പുതുജീവന്‍; വിത്ത് വിതച്ചതിന്റെ എട്ട് മടങ്ങോളം ഉത്പാദനം

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കൊച്ചി: ലഭ്യത കുറഞ്ഞുവരുന്ന വേമ്പനാട് കായലിലെ കറുത്ത കക്ക സമ്പത്തിന് പുത്തനുണര്‍വേകി സിഎംഎഫ്ആര്‍ഐ പദ്ധതി. കറുത്ത കക്കയുടെ ശോഷണം തടയുന്നതിനും ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നതിനുമായി ആരംഭിച്ച പദ്ധതിയില്‍ ആലപ്പുഴയിലെ വടക്കുംകരയില്‍ സിഎംഎഫ്ആര്‍ഐ ഒരു ഹെക്ടര്‍ വിസ്തൃതിയില്‍ അഞ്ച് ടണ്‍ കക്ക വിത്ത് നിക്ഷേപിച്ചിരുന്നു. ഒരു വര്‍ഷത്തിന് ശേഷം നടന്ന ഇതിന്റെ വിളവെടുപ്പിലാണ് മികച്ച ഉത്പാദനം ലഭിച്ചത്. വിളവെടുപ്പ് പൂര്‍ത്തിയാകുമ്പോള്‍, ഇവിടെ വിതച്ച അഞ്ച് ടണ്‍ വിത്തില്‍ നിന്ന് ഏകദേശം 40 ടണ്ണോളം കക്ക വിളവെടുക്കാന്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍.

രാജ്യത്ത് കറുത്ത കക്കയുടെ 80 ശതമാനവും വേമ്പനാട്ട് കായലിലാണ്. മേഖലയിലെ ആറായിരത്തിലധികം കുടുംബങ്ങളുടെ നേരിട്ടുള്ള ഉപജീവനമാര്‍ഗവും അതിലെറെ ആളുകള്‍ പരോക്ഷമായും ആശ്രയിക്കുന്ന കായല്‍ സമ്പത്താണിത്.
സിഎംഎഫ്ആര്‍ഐയുടെ കണക്കനുസരിച്ച് 2006ല്‍ 75,592 ടണ്ണായിരുന്ന കറുത്ത കക്ക ഉത്പാദനം 2024 ആയപ്പോഴേക്കും 45,601 ടണ്ണായി കുറഞ്ഞു. ഏകദേശം 40 ശതമാനത്തിന്റെ കുറവ്. ഈ സാഹചര്യത്തിലാണ് കക്ക പുനരുജ്ജീവന പദ്ധതി ആരംഭിച്ചത്. കേന്ദ്ര സര്‍ക്കാറിന്റെ ഷെഡ്യൂള്‍ഡ് കാസ്റ്റ് സബ് പ്ലാനില്‍ ഉള്‍പ്പെടുത്തി 100 ശതമാനം സബ്‌സിഡിയോടെ തൈക്കാട്ടുശ്ശേരി കറുത്ത കക്ക സഹകരണ സംഘത്തിന്റെ സഹകരണത്തോടെയാണ് സ്ഥലത്ത് പദ്ധതി നടപ്പിലാക്കിയത്.
കക്ക തീരെയില്ലാതിരുന്ന മേഖല ശാസ്ത്രീയമായി കണ്ടെത്തിയാണ് വിത്ത് വിതച്ചത്. 80 മുതല്‍ 90 ശതമാനം വരെ അതിജീവന നിരക്ക് രേഖപ്പെടുത്തിയ കക്കകള്‍ക്ക് മികച്ച വളര്‍ച്ചയും ലഭിച്ചു. വിളവെടുപ്പ് മേള സിഎംഎഫ്ആര്‍ഐ ഡയറക്ടര്‍ ഡോ. ഗ്രീന്‍സണ്‍ ജോര്‍ജ് ഉദ്ഘാടനം ചെയ്തു. കൃത്യമായ സാമ്പിളിങ് രീതികളും അനുയോജ്യമായ വിത്തുസാന്ദ്രതയും ഉറപ്പാക്കിയാണ് പദ്ധതി വിജയിപ്പിച്ചതെന്ന് പദ്ധതി കോ-ഓര്‍ഡിനേറ്ററും സിഎംഎഫ്ആര്‍ഐ സീനിയര്‍ സയന്റിസ്റ്റുമായ ഡോ. ആര്‍. വിദ്യ പറഞ്ഞു.