
ആലുവ: ഭാരതീയ വിചാരകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരത്ത് സംഘടിപ്പിച്ച അന്താരാഷ്‌ട്ര ഭഗവദ്ഗീതാ സെമിനാറിന്റെ രജത ജൂബിലിയോടനുബന്ധിച്ച് ഒരു വര്‍ഷത്തെ ആഘോഷപരിപാടികള്‍ നടന്നുവരികയാണ്. ഇതിന്റെ ഭാഗമായുള്ള ആലോചനാ യോഗം ഇന്ന് ഭാരതീയ വിചാര കേന്ദ്രത്തിന്റെയും ഗീതാസ്വാധ്യായ സമിതിയുടെയും സംയുക്താഭിമുഖ്യത്തില്‍ ആലുവയില്‍ ചേരും.
ആര്‍എസ്എസ് കാര്യാലയമായ കേശവസ്മൃതിയില്‍ രാവിലെ 10 മുതല്‍ 1.30 വരെയാണ് യോഗം. ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ ആര്‍. സഞ്ജയന്‍, അധ്യക്ഷന്‍ പ്രൊഫ. സി.വി. ജയമണി, ജനറല്‍ സെക്രട്ടറി ഡോ. എന്‍. സന്തോഷ് കുമാര്‍, സംഘാടക സമിതി കണ്‍വീനര്‍ രാമന്‍ കീഴന തുടങ്ങിയവര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കും. എല്ലാ ജില്ലകളിലും ഭഗവദ്ഗീതാ സംഗമങ്ങളും ജനുവരിയില്‍ തിരുവനന്തപുരത്ത് വെച്ച് അന്തര്‍ദേശീയ ഭഗവദ്ഗീതാ സെമിനാറും എന്ന ലക്ഷ്യത്തോടെ പരിപാടികള്‍ ആസൂത്രണം ചെയ്യും. യുവജന പങ്കാളിത്തം ഉറപ്പാക്കാനും കാലിക വിഷയങ്ങളിലൂന്നിയ ചര്‍ച്ചകള്‍ക്ക് വേദിയൊരുക്കാനുമാണ് സംഘാടകര്‍ ലക്ഷ്യമിടുന്നത്.
ഭഗവദ്ഗീതാ സന്ദേശ പ്രചാരണത്തിനായി 25 വര്‍ഷം മുന്‍പ് പി. പരമേശ്വരന്റെ നേതൃത്വത്തിലാണ് തിരുവനന്തപുരത്ത് അന്താരാഷ്‌ട്ര ഭഗവദ്ഗീതാ സെമിനാറിന് തുടക്കമിട്ടത്. ആഘോഷപരിപാടികളുടെ സമാപനത്തോടനുബന്ധിച്ച് 2027 ജനുവരി 2, 3 തീയതികളില്‍ തിരുവനന്തപുരത്ത് വെച്ച് വിപുലമായ രീതിയില്‍ അന്താരാഷ്‌ട്ര ഗീതാ സെമിനാര്‍ സംഘടിപ്പിക്കും. പരമേശ്വര്‍ജിയുടെ ജന്മശതാബ്ദി വര്‍ഷത്തിലാണ് സെമിനാര്‍ എന്നതാണ് മറ്റൊരു പ്രത്യേകത.