
ദുബായ്: ഫ്ലൈദുബായ് വിമാനത്തിലുണ്ടായ അടിയന്തര സാഹചര്യത്തിൽ ഭാരത പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെയും യാത്രക്കാരുടെയും ധീരതയെ പ്രശംസിച്ച് പ്രധാനമന്ത്രി മോദിയും നെതന്യാഹുവും.
ഫ്ലൈ ദുബായ് വിമാന ദുരന്തം തടഞ്ഞ ഭാരത പൈലറ്റ് സ്മിത് മച്ചാറിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഗുരുതരമായി പരിക്കേറ്റിട്ടും മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാനായി അദ്ദേഹം അപാരമായ ധൈര്യവും നിശ്ചയദാർഢ്യവുമാണ് പ്രകടിപ്പിച്ചത്. അദ്ദേഹത്തിന്റെ ധീരത നൂറുകണക്കിന് ആളുകളുടെ ജീവൻ രക്ഷിക്കുകയും വലിയ ദുരന്തത്തെ തടയുകയും ചെയ്തു. ഭാരതം നിങ്ങളെയോർക്ക് അഭിമാനിക്കുന്നു, അതിവേഗം സുഖംപ്രാപിക്കട്ടെയെന്നും ശക്തിക്കും ആരോഗ്യത്തിനുമായി പ്രാർഥിക്കുന്നുവെന്നും അദ്ദേഹം എക്‌സിൽ കുറിച്ചു.
നെതന്യാഹു
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്‌സിൽ കുറിച്ച സന്ദേശത്തിൽ നെതന്യാഹു ക്യാപ്റ്റൻ സ്മിത് മച്ഛാറിനെ ‘യഥാർത്ഥ നായകൻ’ എന്നാണ് വിശേഷിപ്പിച്ചത്. അദ്ദേഹം എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് ആശംസിക്കുകയും ചെയ്തു. സൈപ്രസിലെ ഇസ്രായേൽ അംബാസഡർ റൂവൻ അസറും ക്യാപ്റ്റൻ മച്ഛാറിന്റെ ധീരതയെ പ്രശംസിച്ചു. പരിചയസമ്പന്നനായ ഭാരത പൈലറ്റിന്റെയും യാത്രക്കാരുടെയും ധൈര്യമാണ് 180 ആളുകളുടെ ജീവൻ രക്ഷിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. ഭീകരവാദത്തിനെതിരെ ലോകരാഷ്‌ട്രങ്ങൾ ഒന്നിച്ചു നിൽക്കണമെന്നും അദ്ദേഹം ആഹ്വനം ചെയ്തു.
വിമാനത്തിന്റെ കോക്പിറ്റിൽ സഹപൈലറ്റിന്റെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റിട്ടും ക്യാപ്റ്റൻ സ്മിത് മച്ചാർ കോക്പിറ്റ് വാതിൽ തുറക്കുകയും, യാത്രക്കാരുടെയും പ്ലംബറായ മറ്റൊരു യാത്രക്കാരന്റെയും സഹായത്തോടെ അക്രമിയെ കീഴ്പെടുത്തുകയും ചെയ്യുകയായിരുന്നു.
പിന്നീട് സൗദി അറേബ്യയിലെ തബൂക്കിൽ അടിയന്തരമായി വിമാനം ഇറക്കി. സംഭവത്തെത്തുടർന്ന്, ഇസ്രയേലിലേക്കും തിരിച്ചുമുള്ള എല്ലാ സർവീസുകളും താത്കാലികമായി നിർത്തിവെക്കുന്നതായി ഫ്ലൈദുബായ് പ്രഖ്യാപിച്ചു. സമഗ്രമായ ഔദ്യോഗിക അന്വേഷണം പുരോഗമിക്കുകയാണ്.
ഭാരത പൈലറ്റ് സ്മിത് മച്ചാര്‍
ഫ്ലൈദുബായ് വിമാനത്തിന്റെ കോക്ക്പിറ്റിൽ വെച്ച് സഹപൈലറ്റിന്റെ ആക്രമണത്തിന് ഇരയായത് സ്മിത് മച്ചാർ എന്ന ഭാരത പൈലറ്റ് പൈലറ്റാണ്. ഫ്ലൈദുബായ് ഫ്ലൈറ്റ് FZ1073-ന്റെ കോക്ക്പിറ്റിൽ പൈലറ്റുമാർ തമ്മിലുണ്ടായ കടുത്ത സംഘർഷത്തെ തുടർന്ന് രക്തത്തിൽ കുളിച്ച നിലയിലായ പൈലറ്റ്, സൗദി അറേബ്യയിലെ തബൂക്ക് വിമാനത്താവളത്തിൽ അടിയന്തര ലാൻഡിംഗ് നടത്തി.
സ്പേസ് ജെറ്റ് മുൻ പൈലറ്റായ സ്മിത് മച്ചാർ, 2022 ജൂണിലാണ് ഡയറക്ട്-എൻട്രി ക്യാപ്റ്റനായി ഫ്ലൈദുബായിൽ ചേർന്നത്. അദ്ദേഹത്തിന്റെ ലിങ്ക്ഡ്ഇൻ പ്രൊഫൈൽ പ്രകാരം, അദ്ദേഹത്തിന് 13 വർഷത്തിലേറെത്തെ വാണിജ്യ വിമാന പറക്കൽ പരിചയമുണ്ട്. കൂടാതെ ബോയിങ് 737 (B737-800, B737 MAX 8/9 ഉൾപ്പെടെ) വിമാനങ്ങളിൽ ഏകദേശം 9,750 മണിക്കൂർ പറക്കൽ പരിചയവും അദ്ദേഹത്തിനുണ്ട്.
ഫ്ലൈദുബായിൽ ചേരുന്നതിന് മുൻപ് സ്പേസ് ജെറ്റിൽ 11 വർഷത്തിലേറെ അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. അവിടെ സീനിയർ കമാൻഡറായും പിന്നീട് ലൈൻ ട്രെയിനിങ് ക്യാപ്റ്റനായും അദ്ദേഹം പ്രവർത്തിച്ചു. സ്പൈസ് ജെറ്റിലായിരുന്ന കാലത്ത് പൈലറ്റ്-ഇൻ-കമാൻഡ് ആയിട്ടുള്ള 6,400 മണിക്കൂർ ഉൾപ്പെടെ 9,500-ലധികം മണിക്കൂറുകൾ അദ്ദേഹം പറന്നിട്ടുണ്ടെന്ന് അദ്ദേഹത്തിന്റെ പ്രൊഫൈൽ വ്യക്തമാക്കുന്നു. കൂടാതെ ലൈൻ ട്രെയിനിങ്, പൈലറ്റ് പരിശോധനകൾ, മെന്ററിംഗ് എന്നിവയും അദ്ദേഹം നടത്തിയിട്ടുണ്ട്. ക്രൂ റിസോഴ്സ് മാനേജ്മെന്റ്, ഫ്ലൈറ്റ് സ്റ്റാൻഡേർഡ്സ്, കംപ്ലയൻസ്, ബോയിങ് 737 പ്രവർത്തനങ്ങൾ എന്നിവയിൽ അദ്ദേഹത്തിന് വലിയ വൈദഗ്ധ്യമുണ്ട്.