
ന്യൂദല്‍ഹി: ഇന്ത്യയിൽ ഒക്ടോബർ 1 മുതൽ വാട്‌സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോം വഴി സന്ദേശം അയക്കുന്നതിന് ചാര്‍ജ് ഈടാക്കുന്നു. ഇനി മുതൽ ഉപയോക്താക്കൾക്ക് അയക്കുന്ന പ്രധാന സന്ദേശങ്ങൾക്ക് കമ്പനികൾ പണം നൽകേണ്ടി വരും. സാധാരണക്കാരായ വാട്‌സ്ആപ്പ് ഉപയോക്താക്കളെ ഈ മാറ്റം ബാധിക്കില്ല. മറിച്ച് വാട്‌സ്ആപ്പിന്റെ ഔദ്യോഗിക ബിസിനസ് പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്ന വാണിജ്യ സ്ഥാപനങ്ങൾക്കാണ് ഇത് ബാധകമാകുന്നത്.
ഇതുവരെ ഉപഭോക്താക്കൾ സന്ദേശം അയച്ചാൽ 24 മണിക്കൂറിനുള്ളിൽ ബിസിനസ്സ് അക്കൗണ്ടുകൾക്ക് സൗജന്യമായി മറുപടി നൽകാനും ഓർഡർ അപ്‌ഡേറ്റുകൾ അയക്കാനും സാധിച്ചിരുന്നു. എന്നാൽ ഒക്ടോബർ 1 മുതൽ ഓർഡർ കൺഫർമേഷനുകൾ, ഡെലിവറി അപ്‌ഡേറ്റുകൾ തുടങ്ങിയ യൂട്ടിലിറ്റി സന്ദേശങ്ങൾക്ക് 24 മണിക്കൂർ പരിധിക്കുള്ളിലാണെങ്കിൽ പോലും മെറ്റ ഫീസ് ഈടാക്കും. ഓരോ ബിസിനസ്സ് ഫോൺ നമ്പറിലും പ്രതിമാസം ആദ്യത്തെ 1000 സർവീസ് റിപ്ലൈകൾ സൗജന്യമായി തുടരും. അതിനുശേഷമുള്ളവക്കായിരിക്കും നിരക്ക് ബാധകമാവുക.
ജിഎസ്ടി ഇല്ലാതെ, ഓരോ സന്ദേശത്തിനും 0.115 രൂപയാണ് മെറ്റ ഈടാക്കുക. 18 ശതമാനം ജിഎസ്ടി ഉൾപ്പെടെ ഇത് 0.136 രൂപയായി വരും. ഡെലിവറി ചെയ്യുന്ന ഓരോ യൂട്ടിലിറ്റി സന്ദേശത്തിനും ഈ നിരക്ക് ബാധകമായിരിക്കും. ഓരോ ബിസിനസ് ഫോൺ നമ്പറിനും പ്രതിമാസം ലഭിക്കുന്ന ആദ്യത്തെ 1,000 സർവീസ് മറുപടികൾ മാത്രമായിരിക്കും ഇനി സൗജന്യമായി ലഭിക്കുക.ഉദാഹരണത്തിന്, ഇന്ത്യയിലെ ഒരു ബിസിനസ് സ്ഥാപനം ഒരു മാസത്തിൽ 1,500 സർവീസ് മറുപടികൾ അയക്കുകയാണെങ്കിൽ, ആദ്യത്തെ 1,000 എണ്ണം സൗജന്യമായിരിക്കും. ശേഷിക്കുന്ന 500 എണ്ണത്തിന് പണം നൽകേണ്ടിവരും.
എന്നാൽ, ഫേസ്ബുക്ക് പേജുകളിലെ ക്ലിക്ക്-ടു-വാട്സാപ്പ് പരസ്യങ്ങൾ വഴിയോ കോൾ-ടു-ആക്ഷൻ ബട്ടണുകൾ വഴിയോ സന്ദേശങ്ങൾ സ്വീകരിക്കുന്ന ബിസിനസ് സ്ഥാപനങ്ങൾക്ക് നിലവിലുള്ള 72 മണിക്കൂർ സൗജന്യ സമയപരിധി മെറ്റ തുടരുന്നുണ്ട്. ഈ മൂന്ന് ദിവസങ്ങളിൽ, ഫീസ് നൽകാതെതന്നെ ബിസിനസ് സ്ഥാപനങ്ങൾക്ക് ഉപഭോക്താക്കൾക്ക് സന്ദേശങ്ങൾ അയക്കാം.