Kerala

വിനയ് ഫോര്‍ട്ടിന് ഇത്ര നീണ്ട താടിയെന്തിനാണ്? കുഞ്ചാക്കോ ബോബന്റെ താടി പൊലീസ് സമ്മതിക്കില്ല;പൊലീസ് സിനിമകളില്‍ അബദ്ധങ്ങള്‍: ശ്രീലേഖ

കേരള പൊലീസിലെ ഉദ്യോഗസ്ഥര്‍ കഥാപാത്രങ്ങളായി വരുന്ന മലയാള സിനിമകളില്‍ നിറയെ പിഴവുകള്‍ ചൂണ്ടിക്കാട്ടി മുന്‍ ഡിജിപി ആര്‍. ശ്രീലേഖ

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കൊച്ചി: കേരള പൊലീസിലെ ഉദ്യോഗസ്ഥര്‍ കഥാപാത്രങ്ങളായി വരുന്ന മലയാള സിനിമകളില്‍ നിറയെ പിഴവുകള്‍ ചൂണ്ടിക്കാട്ടി മുന്‍ ഡിജിപി ആര്‍. ശ്രീലേഖ. ഒരു പൊലീസ് സിനമയെടുക്കുമ്പോള്‍ വസ്തുതാപരമായ തെറ്റുകള്‍ ഇല്ലാതിരിക്കാന്‍ സംവിധായകരും എഴുത്തുകാരും ശ്രദ്ധിക്കണമെന്ന ഉപദേശമാണ് നല്ലൊരു സിനിമാ പ്രേമി കൂടിയായ ആര്‍. ശ്രീലേഖ നല‍്കുന്നത്.

50 കോടി ക്ലബ്ബില്‍ കയറിയ പ്രഥമദൃഷ്ട്യാകുറ്റക്കാര്‍ എന്ന പൊലീസ് സിനിമയില്‍ നിറയെ പിഴവുകളുണ്ടെന്ന് ഉദാഹരണസംഹിതമാണ് ശ്രീലേഖ വിശദീകരിച്ചത്. ഈ സിനിമയില്‍ ശബരിമലയ്‌ക്ക് മാലയിട്ട വിനയ് ഫോര്‍ട്ട് എന്ന എസ് എച്ച് ഒയ്‌ക്ക് ഇത്രയും നീണ്ട താടി പാടില്ലായിരുന്നുവെന്നും ശബരിമലയ്‌ക്ക് പോകുന്ന പൊലീസുകാര്‍ക്ക് പരമാവധി 40 ദിവസമാണ് താടിവടിയ്‌ക്കാതിരിക്കാന്‍ അനുവാദം നല്‍കുകയുള്ളൂ. അതിനുള്ളില്‍ ഇത്രയും നീണ്ട താടി വളര്‍ന്നതില്‍ അപകാതയുണ്ടെന്നും ശ്രീലേഖ പറയുന്നു. ഇതുപോലെ ഉന്മാദം എന്ന സിനിമയില്‍ കുഞ്ചാക്കോബോബന്‍ നീണ്ട താടിവെച്ച പൊലീസ് ഓഫീസറായാണ് പ്രത്യക്ഷപ്പെടുന്നത്. താടിക്ക് ന്യായീകരണമായി കാണിച്ച കാരണം അച്ഛന്റെ കര്‍മ്മം ചെയ്യാന്‍ വേണ്ടിയാണ് താടി വളര്‍ത്തിയിരിക്കുന്നത് എന്നാണ്. പക്ഷെ ഒരിയ്‌ക്കലും കേരളപൊലീസില്‍ മേലുദ്യോഗസ്ഥര്‍ പിതാവിന്റെ കര്‍മ്മം ചെയ്യാന്‍ വേണ്ടി എന്ന ഒരുകാരണത്തിന്റെ പേരില്‍ താടിവളര്‍ത്താന്‍ ഒരു പൊലീസുകാരന് അനുവാദം കൊടുക്കാന്‍ സാധ്യതയില്ലെന്നും ശ്രീലേഖ പറയുന്നു.

എഎസ് ഐ ആയി സിദ്ധാര്‍ത്ഥ് ഭരത്, അലീന എന്ന പാര്‍വ്വതി തിരുവോത്തിന്റെ കാഥാപാത്രം, ഉണ്ണിമായ പ്രസാദ് അവതരിപ്പിക്കുന്ന ഒരു പൊലീസ് കഥാപാത്രം, ഡ്രൈവറായി ജോലി ചെയ്യുന്ന മാത്യു തോമസ് പിന്നാലെ ഉണ്ണിമായ അവതരിപ്പിക്കുന്ന മറ്റൊരു പൊലീസ് കഥാപാത്രം. എന്നിവരാണ് ഇതിലെ നാല്‍വര്‍ സംഘമായ പൊലീസുകാര്‍. ഡിവൈഎസ് പി ക്രൈംബ്രാഞ്ച് ഓഫീസറാണ് വിജയരാഘവന്‍. അലീനയുടെ ഭര്‍ത്താവായ പൊലീസുകാരന്‍ ആരാധിക്കുന്ന ഉദ്യോഗസ്ഥനാണ് വിജയരാഘവന്‍. ഭര്‍ത്താവ് മരിച്ചപ്പോള്‍ അതിന് പകരം ജോലിക്ക് കയറുകയാണ് അലീന എന്ന പാര്‍വ്വതി തിരുവോത്ത് അഭിനയിക്കുന്ന കഥാപാത്രം. ഡിവൈഎസ്പി വിജയരാഘവനും ഒരു ജൂനിയര്‍ പൊലീസ് ഓഫീസറും തമ്മിലുള്ള ഫൈറ്റും ഇതിലെ പ്രധാന ത്രെഡ് ആണ്.

പ്രഥമദൃഷ്ട്യാ കുറ്റക്കാരില്‍ ഒരു മരണം മറച്ചുവെയ്‌ക്കാന്‍ ശ്രമിക്കുന്ന  പൊലീസ് സംഘത്തെ കാണിക്കുന്നുണ്ട്. ഒരു വാഹനപരിശോധനയില്‍ പിടികൂടിയ ആളെ സ്റ്റേഷനിലേക്ക് കൊണ്ടുവരുന്നു. ഇയാള്‍ നേരത്തെ കൊലപാതകം ചെയ്ത ആളാണ്. ഇപ്പോള്‍ ഒരു സ്ത്രീയെ കൊന്ന് ശവശരീരം ഡിക്കിയില്‍ വെച്ചിട്ടുമുണ്ട്. ഇയാളെ വാഹനപരിശോധനയില്‍ വേണ്ട രേഖകളില്ലാത്തതിനാല്‍ പിടികൂടി സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നു. ഈ പ്രതിയുടെ കയ്യില്‍ തോക്കുണ്ട്. പൊലീസ് സ്റ്റേഷനില്‍ വെച്ചുണ്ടാകുന്ന പിടിവലിയില്‍ ഈ തോക്കില്‍ നിന്നും വെടിപൊട്ടുകയും ഈ പ്രതിയായ ആള്‍ തന്നെ കൊല്ലപ്പെടുകയും ചെയ്യുന്നു. സ്റ്റേഷനിലെ നാല് പൊലീസ് ഉദ്യോഗസ്ഥര്‍ ഈ സംഭവം മറച്ചുവെയ്‌ക്കാന്‍ ശ്രമിക്കുന്നത് സിനിമയിലെ ഒരു പ്രധാനഭാഗമാണ്. പക്ഷെ കേരളത്തിലെ ഒരു പൊലീസ് സ്റ്റേഷനിലും ഇങ്ങിനെ വെടിപൊട്ടിയാല്‍ അത് മറച്ചുവെയ്‌ക്കുക എന്നത് അസാധ്യമാണെന്ന് ശ്രീലേഖ നിരീക്ഷിക്കുന്നു. വെടികൊണ്ട് മരിച്ചയാളുടെ മരണം മറച്ചുവെച്ചതുകൊണ്ട് ഈ നാല് പൊലീസുദ്യോഗസ്ഥര്‍ക്കും ഒരു ഗുണവും ഉണ്ടാകില്ല. അതുകൊണ്ട് തന്നെ യുക്തിസഹമായി നോക്കിയാല്‍ അവര്‍ക്ക് ആ സംഭവം മറച്ചുവെയ്‌ക്കേണ്ട കാര്യവുമില്ല.ഈ പ്രതിയുടെ മരണം അപകടത്തില്‍ സംഭവിക്കുന്നതാണ്. അതുകൊണ്ട് തന്നെ മരിച്ചയാളുടെ ശവശരീരം മറച്ചവെയ്‌ക്കാന്‍ ഇവര്‍ ശ്രമിക്കേണ്ട കാര്യമില്ല. അതേ സമയം മോഹന്‍ലാലിന്റെ തുടരും എന്ന സിനിമയിലെ പൊലീസ് ഓഫീസര്‍ മോഹന്‍ലാലിന്റെ മകനെ കൊന്ന ശേഷം അവന്റെ ശവശരീരം മറച്ചുവെയ്‌ക്കാന്‍ ശ്രമിക്കുന്നുണ്ട്. അത് ആ കഥയില്‍ ചേര്‍ന്നുപോകുന്ന ഒന്നാണ്. -ശ്രീലേഖ ചൂണ്ടിക്കാട്ടി.

അതുപോലെ വാഹന പരിശോധനയില്‍ ചില രേഖകളുടെ പോരായ്‌മ കാരണം വണ്ടി പിടിക്കുന്നുവെങ്കിലും ഈ പിടിച്ച വാഹനം അവര്‍ പരിശോധിക്കുന്നില്ല. പ്രതിയായ ആളുടെ ഈ വാഹനം ഡ്രൈവറായ എഎസ് ഐ ആണ് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നത്. എന്നാല്‍ കൊണ്ടുിപോകുന്നതിന് മുന്‍പ് ആ വാഹനം പരിശോധിച്ചില്ല. സ്റ്റേഷനില്‍ എത്തിയിട്ടും പരിശോധിച്ചില്ല. സാധാരണ ഒരു വാഹനം പൊലീസ് പിടിച്ചാല്‍ അത് ഉടനെ പരിശോധിക്കണമെന്നുണ്ട്. അങ്ങിനെ ചെയ്യാതിരുന്നത് സിനിമയിലെ ഒരു വലിയ പിഴവായി ഞാന്‍ പറയും.ഈ വാഹനത്തിന്റെ ഡിക്കിയില്‍ സ്ത്രീയുടെ ശവശരീരം ഉള്ളതിനാല്‍ കഥയുടെ ഒഴുക്കിന് വേണ്ടിയായിരിക്കാം വാഹന പരിശോധന കഥയില്‍ നീട്ടിക്കൊണ്ടുപോകുന്നത്. പക്ഷെ കേരളത്തിലെ പൊലീസ് സ്റ്റേഷനില്‍ ഇങ്ങിനെ വാഹനം പരിശോധിക്കാത്ത സാഹചര്യം ഒരിക്കലും ഉണ്ടാവില്ല. – ശ്രീലേഖ പറയുന്നു.

 

Recent Posts