
പാലക്കാട്: കൊഴിഞ്ഞാമ്പാറയില്‍ സ്വന്തം കുട്ടികളെ കുളിമുറിയിലെ വാട്ടര്‍ ടാങ്കിലിട്ട് കൊലപ്പെടുത്തിയ സംഭവത്തില്‍ അമ്മ നിവേദ്യയുടെ അറസ്റ്റ് രേഖപ്പെടുത്തി. പ്രാഥമിക ചോദ്യം ചെയ്യലിനു ശേഷം കോടതിയില്‍ ഹാജരാക്കും. അഞ്ച് വയസ്സുകാരി ജെനിഫര്‍, മൂന്നു വയസ്സുകാരനായ റോബിന്‍ എന്നിവരെയാണ് ടാങ്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ചോദ്യം ചെയ്യലില്‍ താനാണ് കൊലപാതകം നടത്തിയതെന്ന് അമ്മ നിവേദ്യ സമ്മതിച്ചിരുന്നു.
കുട്ടികളെ കൊലപ്പെടുത്തിയത് മോഡലിംഗ് പഠിക്കാനും സ്വാതന്ത്ര്യമായി ജീവിക്കാനും വേണ്ടിയാണെന്നാണ് നിവേദ്യയുടെ ആദ്യ മൊഴി. എന്നാല്‍ മക്കളെ കൊലപ്പെടുത്തിയ ശേഷം സ്വതന്ത്രമായി ജീവിക്കാമെന്ന് നിവേദ്യ കരുതിയെന്നത് പൂര്‍ണ്ണമായും പൊലീസ് ഉള്‍ക്കൊണ്ടിട്ടില്ല. മറ്റു ചില പ്രശ്‌നങ്ങളും പൊലീസിന്‌റെ അന്വേഷണ പരിധിയിലുണ്ട്.
അതേസമയം എന്താണ് കൊലപാതകത്തിന് കാരണമെന്ന് അറിയണമെന്ന് കുട്ടികളുടെ പിതാവ് ജോണ്‍ കുമാര്‍ പറഞ്ഞു. നിവേദ്യയുടെ ഫോണ്‍ പരിശോധിച്ചാല്‍ അറിയാനാകുമെന്നാണ് അദ്‌ദേഹത്തിന്‌റെ വിശ്വാസം.
കുട്ടികളുടെ മരണത്തില്‍ ആദ്യമേ സംശയം തോന്നിയിരുന്നെന്ന് ബന്ധുക്കള്‍ പറഞ്ഞു. കുട്ടികള്‍ ടാങ്കില്‍ നീന്തി കളിക്കാറുണ്ട്. രണ്ടുപേരും ഒരേ സമയം മരിച്ചുവെന്നതും സംശയമുണര്‍ത്തിയെന്ന് ബന്ധുക്കള്‍ പറഞ്ഞു.