Editorial

കൃഷ്ണകാലം…

Published by
എഡിറ്റോറിയൽ ഡെസ്ക്

ഒരു കാലം മറയുന്നു. മറവുത്തോട്ടത്തില്‍ അയ്യപ്പന്‍ കൃഷ്ണന്‍ എന്ന കാലം. ഭഗവാന്‍ കൃഷ്ണനെ കേരളത്തിന്റെ കളിക്കൂട്ടുകാരനാക്കിയ സംഘടനാ കാലം…. കലിയുഗത്തില്‍ ദ്വാപരത്തെ കുടിയിരുത്തിയ സര്‍ഗാത്മക കാലം…

പ്രബുദ്ധകേരളത്തിന്റെ പുറംപൂച്ചുകള്‍ക്കുമേല്‍ ഗ്രാമനന്മയുടെ സര്‍ഗപ്രവാഹം ഭഗീരഥ തപസ്സു കൊണ്ട് സാധ്യമാക്കിയ നിസ്സംഗമായ സംഘടനാപര്‍വമാണത്. നാഗപുരിയില്‍ നിന്ന് ഉറന്നൊഴുകിയ സംഘജീവിതത്തെ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തുകയായിരുന്നു എം.എ. കൃഷ്ണനെന്ന എം.എ. സാറിന്റെ ജീവിതം. ഒരുവരും കാണാതെ കുളിര്‍മ്മയുള്ള കാറ്റായി നിറഞ്ഞവന്‍…മധുരമായ ഒരു മുരളീധാര … പരമാര്‍ത്ഥത്തില്‍ ഗംഗയും നിളയും രണ്ടല്ലെന്ന്, ഹിമാലയവും സഹ്യനും വേറെയല്ലെന്ന്, ശിവജിയും പഴശ്ശിയും ഭിന്നരല്ലെന്ന് തിരിച്ചറിഞ്ഞ വ്യക്തിത്വം.

കേരളത്തിന്റെ സിരകളില്‍ ത്രസിക്കുന്ന ഭാരതീയ വികാരത്തെ ജനകീയമായി ആവിഷ്‌കരിച്ച ജീവിതം. മണ്ണും മനസ്സും നഷ്ടമാകുന്നതിനെക്കുറിച്ച് ആകുലചിത്തനായ ഒരാള്‍. അമ്പാടിക്കണ്ണന്റെ ജീവിതത്തിലേക്ക് ഒരു തലമുറയെ ആകര്‍ഷിക്കുകയും കേരളമാകെ ഒരു വൃന്ദാവനമായിത്തീരണമെന്ന് സ്വപ്നം കാണുകയും ചെയ്ത ഒരാള്‍… നിലയ്‌ക്കുന്നത് കണ്ണന്‍ കളിയാടിയ യമുനയുടെ ഒഴുക്കാണ്. കരുണ വഴിഞ്ഞൊഴുകിയ ഓടക്കുഴല്‍പ്പാട്ടാണ്.

വണ്ടിച്ചെക്കുകളും കള്ളനാണയങ്ങളും മലയാള സാഹിത്യത്തില്‍ പെരുകുന്നതിന് എത്രയോ മുമ്പ് തുടങ്ങിയതാണ് എം.എ. കൃഷ്ണന്റെ സര്‍ഗാത്മകജീവിതം. അദ്ദേഹത്തിന്റെ തെളിഞ്ഞ ചിന്തയും ഭാവിയിലേക്കുള്ള വീക്ഷണവും പ്രായോഗികമായ കര്‍മ്മപദ്ധതിയും തിരിച്ചറിഞ്ഞവര്‍ അദ്ദേഹത്തിന്റെ ആരാധകരായി. ചെറിയ കുട്ടികള്‍ മുതല്‍ മഹാകവികള്‍ വരെ അക്കൂട്ടത്തില്‍പെടും. വര്‍ഗീയമെന്നും ഫാസിസ്റ്റെന്നുമൊക്കെ അധിക്ഷേപിച്ച് ആര്‍എസ്എസ് പ്രവര്‍ത്തനത്തെ തീണ്ടാപ്പാട് അകലെ നിര്‍ത്തണമെന്ന് ബുദ്ധിജീവികള്‍ ശാഠ്യം പിടിച്ച അതേ കാലത്ത് ബാലഗോകുലമായും തപസ്യയായുമൊക്കെ അദ്ദേഹം കേരളത്തിന്റെ മണ്ണും മനസ്സും കീഴടക്കി.

കെ.പി. കേശവമേനോനും വി.ടി. ഭട്ടതിരിപ്പാടും തിക്കോടിയനും പി. കുഞ്ഞിരാമന്‍ നായരും കുഞ്ഞുണ്ണി മാഷും മഹാകവി അക്കിത്തവും എന്‍.എന്‍. കക്കാടും സുകുമാര്‍ അഴീക്കോടും എം.വി. ദേവനും പ്രൊഫ. തുറവൂര്‍ വിശ്വംഭരനും പി. നാരായണക്കുറുപ്പും വിഷ്ണുനാരായണന്‍ നമ്പൂതിരിയും അയ്യപ്പപ്പണിക്കരും കാവാലവും തുടങ്ങി മലയാള സാഹിത്യത്തിലെ തറവാടികളെല്ലാം ഈ സാംസ്‌കാരിക വിപ്ലവത്തെ കൈ കൊടുത്ത് അനുമോദിക്കുകയും ഒപ്പം കൂടുകയും ചെയ്തു. കലയും നാടകവും കമ്യൂണിസ്റ്റുകള്‍ക്ക് വളമായി എന്ന് കൊട്ടിഘോഷിക്കുന്ന അതേ കേരളത്തില്‍ ഇത്രയധികം കലാകാരന്മാരെ സര്‍ഗാത്മകദേശീയതയുടെ വിശുദ്ധധാരയിലേക്ക് പ്രവഹിപ്പിച്ചത് ആ നിശ്ശബ്ദ തപസ്സാണ്.

കേരളത്തിന്റെ ചരിത്രത്തിന് നേര്‍വഴികാട്ടിയ ഈ സാംസ്‌കാരിക വിപ്ലവങ്ങള്‍ക്ക് കൃഷ്ണായനം എന്ന് ഒറ്റപ്പേരിട്ട് വിളിച്ചാലും തെറ്റില്ല. പത്രാധിപരായും സാമൂഹ്യപരിഷ്‌കര്‍ത്താവായും ബാലഗോകുലം മാര്‍ഗദര്‍ശിയായും തപസ്യക്ക് പിന്നിലെ തപസ്സായും നിറഞ്ഞ ആ ജീവിതം ഒരു വലിയ മുന്നേറ്റമാണ്. കാലത്തെയും കാലാവസ്ഥയെയും അതിശയിപ്പിച്ച മുന്നേറ്റം. പുരോഗമനത്തിന്റെ മൂടുപടമണിഞ്ഞ്, വികസനത്തിന്റെ വായ്‌ത്താരി മുഴക്കി കടന്നുവരികയും ആധിപത്യം ചെലുത്തുകയും ചെയ്ത ഇസങ്ങള്‍ ചോര്‍ത്തിക്കളഞ്ഞത് കേരളത്തിന്റെ സാംസ്‌കാരിക ജീവിതത്തെയാണ്. ഈ തിരിച്ചറിവാണ് തീര്‍ത്തും സര്‍ഗാത്മകമായ നവോത്ഥാനത്തിന് പാത വെട്ടിത്തുറക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത്.

കുഴിച്ചുമൂടപ്പെട്ട ചരിത്രാവശിഷ്ടങ്ങള്‍ തേടിയലയുകയും അവയെ കണ്ടെടുത്ത് ഇതാ പൗരാണിക കേരളം എന്ന അറിവ് പുതുതലമുറയ്‌ക്ക് പകരുകയും ചെയ്തത് ആ ഉദ്യമത്തിന്റെ ഫലമായിരുന്നു. പഴശ്ശിസ്മൃതിയില്‍ കേരളത്തെ ജ്വലിപ്പിച്ചുനിര്‍ത്തിയത്, ടിപ്പുവിന്റെ തേരോടിയ വഴികളില്‍ തകര്‍ന്നുകിടന്ന ക്ഷേത്രങ്ങളിലൂടെ അവയുടെ സംസ്‌കൃതിയെ തൊട്ടുണര്‍ത്തി നാടിന് പകര്‍ന്നത്, ചൂഷണത്തിനിരയായി കേരളത്തിന്റെ പച്ചപ്പ് ഇല്ലാതാകുന്നതിനെതിരെ വനപര്‍വങ്ങളിലൂടെ പുതിയ മേലാട ചാര്‍ത്താന്‍ പരിശ്രമിച്ചത്…. അങ്ങനെയങ്ങനെ പല കൈവഴികളിലൂടെ ഒരു മഹാപ്രവാഹം.

നിളായനങ്ങളിലൂടെ, കന്യാകുമാരിയെയും ഗോകര്‍ണത്തെയും കൂട്ടിയിണക്കിയ തീര്‍ത്ഥയാത്രകളിലൂടെ കേരളത്തെ കണ്ടെത്താനുള്ള നിത്യപ്രവാസത്തിന്റെ പേരായിരുന്നു എം.എ. കൃഷ്ണന്‍ എന്നത്….. വരും കാലങ്ങളെ കേരളത്തനിമയോടിണക്കിച്ചേര്‍ത്ത സഫല തപസ്…

പ്രിയപ്പെട്ട എം.എ. സാറിന് ഹൃദയാഞ്ജലി ….