
പഠിക്കുന്ന കാലത്ത് തിരുവനന്തപുരത്ത് പരമേശ്വര്‍ ജിയോടൊപ്പം സ്വയംസേവകനായ കാര്യകര്‍ത്താവാണ് നമ്മെ വിട്ടുപിരിഞ്ഞ എം.എ. സാറെന്ന് സീമാ ജാഗരണ്‍ മഞ്ച് ദേശീയ സംരക്ഷക് എ. ഗോപാലകൃഷ്ണന്‍. അദ്ദേഹത്തിന്റെ പഠന ശേഷം അല്‍പകാലം അദ്ധ്യാപകനായും പിന്നീട് അന്ത്യശ്വാസം വലിക്കുന്നത് വരെ പ്രചാരകായും പ്രവര്‍ത്തിച്ചു. അദ്ദേഹത്തിന്റെ സവിശേഷത ഭാവിയെ മുന്നില്‍ കണ്ടുകൊണ്ട് ഏതുവിധമായ പ്രവര്‍ത്തനം ക്രമപ്പെടുത്തണം എന്ന് എപ്പോഴും ചിന്തിച്ചുകൊണ്ടിരിക്കുന്ന വ്യക്തിയാണ്.
വളരെ പ്രായമായി കാര്യാലയത്തില്‍ ആരോഗ്യപരമായ കാരണങ്ങളാല്‍ വിശ്രമജീവിതം നയിക്കുന്ന സമയത്തും തുഞ്ചന്റെ പ്രതിമ തിരൂരില്‍ വയ്‌ക്കണം, അതിന് കേരളത്തില്‍ വലിയൊരു മൂവ്‌മെന്റ് വേണം എന്ന് ഈ അടുത്തകാലത്തും അദ്ദേഹം ഞങ്ങളോടെല്ലാം സംസാരിക്കാറുണ്ടായിരുന്നു. അതിന്റെ ഒരു ചെറിയ പ്രതീകമായിട്ടാണ് ഇടപ്പള്ളിയില്‍ അമൃതഭാരതി എന്ന് പറയുന്ന സ്വതന്ത്ര വിദ്യാഭ്യാസ പ്രസ്ഥാനത്തിന്റെ കാര്യാലയത്തില്‍ എം എ സാറിന്റെ നിര്‍ദേശം അനുസരിച്ച് തുഞ്ചത്തെഴുത്തച്ഛന്റെ പ്രതിമ സ്ഥാപിച്ചത്. അന്താരാഷ്‌ട്ര ശ്രീകൃഷ്ണകേന്ദ്രം എന്ന ഒരുവലിയ സ്വപ്‌നപദ്ധതിക്ക് അദ്ദേഹം കുറേക്കാലം ചുക്കാന്‍ പിടിച്ചിരുന്നു. പ്രായമായതിനുശേഷം പുതിയ തലമുറ ആ ചുമതലകള്‍ ഏറ്റെടുത്തു. അങ്ങനെ ഏതൊരു സമയത്തും സജീവമായി ഭാവിയെപറ്റി ചിന്തിച്ചു കൊണ്ടി രിക്കുന്ന ഒരു പ്രവര്‍ത്തകനായിരുന്നു. അദ്ദേഹത്തിന് ശ്രദ്ധാപൂര്‍വ്വമായ പ്രണാമം.
പ്രവര്‍ത്തനത്തില്‍ യുവാക്കളുടെ മനസിനുടമ: പി.ആര്‍. ശശിധരന്‍
എം.എ. സാറിന്റെ പ്രത്യേകത എന്തെന്നു വച്ചാല്‍ അദ്ദേഹം അനേകം പ്രസ്ഥാനങ്ങള്‍ക്ക് ജന്മം കൊടുത്തു എന്നതാണെന്ന് ആര്‍എസ്എസ് ദക്ഷിണ ക്ഷേത്രീയ കാര്യകാരി സദസ്യന്‍ പി.ആര്‍. ശശിധരന്‍. കോഴിക്കോട് കേസരി പത്രാധിപരായി ദീര്‍ഘകാലം പ്രവര്‍ത്തിച്ചു. കേസരിയില്‍ ഇരുന്നുകൊണ്ടുതന്നെ അക്കിത്തം, തിക്കോടിയന്‍, വി.എം. കൊറാത്ത് പോലുള്ള സാഹിത്യകാരന്മാരുമായി നിരന്തരബന്ധം ഉണ്ടായിരുന്നു. ആ ബന്ധമാണ് തപസ്യ കലാസാഹിത്യ പ്രസ്ഥാനം രൂപീകരണത്തിലേക്ക് നയിച്ചത്.
അടിയന്തരാവസ്ഥയുടെ ഇരുണ്ട നാളുകളിലാണ് തപസ്യ ജന്മമെടുത്തത്. ബാലഗോകുലത്തിന്റെ പ്രവര്‍ത്തനം അതിനു മുമ്പേ തുടങ്ങിയിരുന്നു. ഒന്ന് പലതാകുന്നു എന്നു പറയുന്നതുപോലെയാണ് ബാലഗോകുലം അദ്ദേഹം തുടങ്ങിയത്. തപസ്യ ആരംഭിച്ചശേഷം ബാലസാഹിത്യ പ്രസ്ഥാനം, കുട്ടികളുടെ അവകാശ പ്രസ്ഥാനമായ സൗരക്ഷിക ഇങ്ങനെ അനേകം പ്രസ്ഥാനങ്ങള്‍ തുടങ്ങി. അദ്ദേഹത്തിന്റെ അവസാന ആഗ്രഹത്തില്‍ ആരംഭിച്ച പ്രസ്ഥാനമാണ് അന്താരാഷ്‌ട്ര ശ്രീകൃഷ്ണകേന്ദ്രം. എപ്പോഴും അദ്ദേഹം പുതിയ പുതിയ പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം കൊടുക്കും. അതുകൊണ്ട് ധാരാളം ആള്‍ക്കാര്‍ പല പ്രവര്‍ത്തനങ്ങള്‍ക്കും പല മേഖലയിലുള്ള ആളുകളുമായി അദ്ദേഹത്തിന് സജീവമായിട്ടുള്ള ബന്ധം ഉണ്ടായിരുന്നു. പ്രായം 90കള്‍ കഴിഞ്ഞിട്ടുപോലും അദ്ദേഹത്തിന് യുവാക്കളുടെ മനസ് ആയിരുന്നു എന്നുവേണം പറയാനെന്നും ശശിധരന്‍ അനുസ്മരിച്ചു.
അത്ഭുതകരമായ പരിവര്‍ത്തനമുണ്ടാക്കി: സ്വാമി അനഘാമൃതാനന്ദപുരി
കേരളത്തിലെ സാംസ്‌കാരിക പാരമ്പര്യത്തില്‍ വളരെ വലിയ സംഭാവന നല്‍കിയിട്ടുള്ള വ്യക്തിത്വമാണ് എം.എ. കൃഷ്ണനെന്ന് മാതാ അമൃതാനന്ദമയി മഠത്തിലെ സ്വാമി അനഘാമൃതാനന്ദപുരി. നമ്മുടെ പൈതൃകത്തെയും പാരമ്പര്യത്തെയും മറന്നുപോകുന്ന ഒരവസ്ഥയില്‍ നിന്ന് മാറ്റി മുന്നോട്ടു നയിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു ബാലഗോകുലത്തിന്റെ രൂപീകരണം.
കേരളത്തിലെ ലക്ഷക്കണക്കിന് വീടുകളില്‍ ഭഗവാന്‍ ശ്രീകൃഷ്ണന്റെ സന്ദേശം അതിലുപരി ഓരോ അമ്മമാരും തങ്ങളുടെ മക്കളെ ഓരോ ഉണ്ണിക്കണ്ണന്മാരാക്കി മാറ്റിയെന്നത് അത്ഭുതകരമായ കാര്യമാണ്. പ്രശസ്തിയൊന്നും ആഗ്രഹിക്കാതെ പരിവര്‍ത്തനം എങ്ങനെ ചെയ്യാന്‍ സാധിക്കുമെന്ന് അദ്ദേഹം കാണിച്ചുതന്നുവെന്നും സ്വാമി അനുസ്മരിച്ചു.
മികച്ച മാതൃകാ പൊതുപ്രവര്‍ത്തകന്‍: പി.എസ്. ശ്രീധരന്‍പിള്ള
കേരളത്തിലെ സംഘപ്രസ്ഥാനത്തിന്റെ ചരിത്രത്തില്‍ അവിസ്മരണീയ നാമധേയമായ എം.എ. കൃഷ്ണന്റെ നിര്യാണത്തോടെ ഒരു മികച്ച മാതൃകാ പൊതുപ്രവര്‍ത്തകനെയാണ് കേരള സമൂഹത്തിന് നഷ്ടപ്പെട്ടതെന്ന് മുന്‍ ഗോവ ഗവര്‍ണര്‍ അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള അനുശോചനസന്ദേശത്തില്‍ പറഞ്ഞു. ജീവിതം പൂര്‍ണമായും രാഷ്‌ട്രത്തിനുവേണ്ടി സമര്‍പ്പിക്കുകയും അതിനായുള്ള കണ്ഠകാകീര്‍ണമായ മാര്‍ഗങ്ങളെ പുഞ്ചിരിച്ചുകൊണ്ട് സ്വീകരിച്ച് വിജയിക്കുകയും ചെയ്ത മഹാനായിരുന്നു എം.എ. കൃഷ്ണന്‍.
കേസരി വാരികയുടെ മികച്ച പത്രാധിപരും ബാലഗോകുലം, തപസ്യ, ബാലസംസ്‌കാരകേന്ദ്രം എന്നീ പ്രസ്ഥാനങ്ങളുടെ സ്ഥാപകനേതാക്കളിലൊരാളുമായി എം.എ. സാര്‍ പ്രവര്‍ത്തിച്ചഘട്ടത്തില്‍ അദ്ദേഹവുമായി അടുത്ത് ഇടപഴകി പ്രവര്‍ത്തിക്കാന്‍ എനിക്ക് കഴിഞ്ഞിട്ടുണ്ട്. ഈ മഹാത്മാവിന്റെ വേര്‍പാടില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുകയും ആത്മശാന്തിക്കായി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നുവെന്ന് അദ്ദേഹം അനുശോചന കുറിപ്പില്‍ പറഞ്ഞു.
ഈശ്വരീയകാര്യത്തിനായി ജനിച്ചയാള്‍: ടി.കെ. മോഹന്‍ കുമാര്‍
ഭഗവാന്‍ ശ്രീകൃഷ്ണന്റെ അനുഗ്രഹത്തോടെ ഈശ്വരീയ കാര്യം ചെയ്യാന്‍ അവതരിച്ചയാളാണ് എം.എ. സാര്‍ എന്ന് ബാലഗോകുലം ആദ്യ സംസ്ഥാന സംഘടനാ കാര്യദര്‍ശി ടി.കെ. മോഹന്‍ കുമാര്‍. ബാലഗോകുലം എന്ന പുതിയ പ്രസ്ഥാനം തുടങ്ങാന്‍ അവതരിച്ചയാള്‍. പുതിയ പ്രസ്ഥാനം എങ്ങനെ പ്രവര്‍ത്തിക്കണമെന്നും ഏത് രീതിയില്‍ മുന്നോട്ടു പോകണമെന്നും എം.എ. സാര്‍ ഞങ്ങളെയൊക്കെ പഠിപ്പിച്ചു.
ഏത് തലമുറയ്‌ക്കും പ്രാപ്യനായിരുന്ന വ്യക്തിത്വം: അഡ്വ. അനില്‍ വിളയില്‍
ഭാരതത്തിലെ ബാലൃ-കൗമാരങ്ങള്‍ക്ക് ശരിയായ മാര്‍ഗദര്‍ശനം നല്‍കിയ ശ്രീകൃഷ്ണ സമാന വ്യക്തിത്വമായിരുന്നു എം.എ. സാറെന്ന് വിഎച്ച്പി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. അനില്‍ വിളയില്‍. മുന്‍ മാതൃകകള്‍ ഇല്ലാതിരുന്ന കാലത്ത് കുട്ടികളെ സംഘടിപ്പിച്ച് അവര്‍ക്ക് യഥാര്‍ത്ഥ ദിശാബോധം നല്‍കാന്‍ സാധിച്ചത് അദ്ദേഹത്തിന്റെ ദീര്‍ഘവീക്ഷണത്തിന്റെ ഭാഗമാണ്.
ഏത് തലമുറക്കും പ്രാപ്യനായിരുന്ന എംഎ സാറിന്റെ കഴിവും പ്രാപ്തിയും മലയാളികള്‍ എക്കാലവും കൃതജ്ഞതാപൂര്‍വ്വം ഓര്‍ക്കുമെന്നും അദ്ദേഹം അനുസ്മരിച്ചു.
കര്‍മപഥത്തിലെ ഋഷിവര്യന്‍: ഐ.എസ്. കുണ്ടൂര്‍
സാംസ്‌കാരിക നായകന്റെ പദവിയോ ബുദ്ധിജീവിയുടെ പരിവേഷമോ തേടാതെ, സാധാരണ മനുഷ്യനായി ജീവിച്ച അദ്ദേഹം അസാധാരണമായ വ്യക്തിപ്രഭാവവും യുക്തിബോധവും അചഞ്ചലമായ ഇച്ഛാശക്തിയും കൊണ്ട് സ്വയം മെനഞ്ഞ കര്‍മ്മപഥത്തിലൂടെ സഞ്ചരിച്ച ഋഷിവര്യനായിരുന്നു എം.എ. സാറെന്ന് ഗാനരചയിതാവും തപസ്യ കലാസാഹിത്യവേദി സംസ്ഥാന ഉപാധ്യക്ഷനുമായ ഐ.എസ്. കുണ്ടൂര്‍. രാഷ്‌ട്രീയമായും ആശയപരമായും തികച്ചും എതിര്‍ചേരിയില്‍ നിന്നിരുന്ന പ്രഗല്‍ഭരെപ്പോലും തന്റെ വ്യക്തിത്വ ത്തിന്റെ കാന്തികവലയത്തിലേക്ക് ആകര്‍ഷിക്കാനും, സ്വന്തം നിലപാടുകളില്‍ ഉറച്ചുനിന്നുകൊണ്ടുതന്നെ അവരുടെ ആദരവ് നേടിയെടുക്കാനും അദ്ദേഹത്തിന് കഴിഞ്ഞു. കാലത്തെ കാലേകൂട്ടി കണ്ട ജ്ഞാനഗോപുരമായിരുന്നു അദ്ദേഹം.
95 ാം ജന്മദിനത്തിന്റെ ഭാഗമായി എറണാകുളം ഭാസ്‌കരീയത്തില്‍ സംഘടിപ്പിച്ച ‘സാന്ദ്രസൗഹൃദം’ പരിപാടിയില്‍ വിശിഷ്ട വ്യക്തികള്‍ക്കൊപ്പം വേദി പങ്കിടാന്‍ എനിക്കും അവസരം ലഭിച്ചു. അന്ന് ഉദ്ഘാടകനായ ഗുരു ശ്രേഷ്ഠന്‍ എം. കെ. സാനു മാസ്റ്റര്‍ പറഞ്ഞ ”സത്കര്‍മ്മംകൊണ്ട് ഈശ്വരപ്രീതി ലഭിച്ച വ്യക്തിയാണ് എം.എ. കൃഷ്ണന്‍” എന്ന വാക്കുകള്‍ ഇന്നും എന്റെ കാതില്‍ മുഴങ്ങുന്നു.
വിടവാങ്ങിയത് പി.ഇ.ബി. മേനോന്റെ ഒന്നാം ശ്രാദ്ധദിനത്തില്‍
ആര്‍എസ്എസ് പ്രാന്തസംഘചാലകായിരുന്ന പി.ഇ.ബി. മേനോന്റെ ഒന്നാം ശ്രാദ്ധദിനമായ അശ്വതി നാളില്‍ തന്നെയായിരുന്നു എം.എ. സാറിന്റെ വിടവാങ്ങലും. ഇരുവരും ഒരേമനസോടെ ബാലഗോകുലത്തിന്റെ ഉള്‍പ്പെടെ നിരവധി പ്രവര്‍ത്തനങ്ങളിലാണ് ഏര്‍പ്പെട്ടിരുന്നത്. ആ മനപ്പൊരുത്തമായിരിക്കും പി.ഇ.ബി. മേനോന്‍ അന്തരിച്ച അതേ നാളില്‍ തന്നെ എം.എ. സാറും വിട്ടുപിരിഞ്ഞതെന്നാണ് വിലയിരുത്തപ്പെടുന്നത്.
പി.ഇ.ബി. മേനോന്റെ ശ്രാദ്ധദിന ചടങ്ങുകള്‍ ഇന്നലെ ആലുവയിലെ വീട്ടില്‍ നടന്നിരുന്നു. എ. ഗോപാലകൃഷ്ണന്‍, വി.കെ. വിശ്വനാഥന്‍ ഉള്‍പ്പെടെയുള്ള സംഘത്തിന്റെ മുതിര്‍ന്ന കാര്യകര്‍ത്താക്കള്‍ പങ്കെടുത്തിരുന്നു.