Kerala

എം.എ കൃഷ്ണന്റെ നിര്യാണം ദേശീയപ്രസ്ഥാനങ്ങൾക്കും കേരളത്തിന്റെ സാംസ്‌കാരികരംഗത്തിനും തീരാനഷ്ടം: രാജീവ് ചന്ദ്രശേഖർ എംഎൽഎ

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തിരുവനന്തപുരം : മുതിർന്ന ആർഎസ്എസ് പ്രചാരകനും കേസരി മുൻ മുഖ്യപത്രാധിപരും തപസ്യ കലാസാഹിത്യവേദി, ബാലഗോകുലം തുടങ്ങിയ പ്രസ്ഥാനങ്ങളുടെ സ്ഥാപകനും വഴികാട്ടിയുമായിരുന്ന എം. എ. കൃഷ്ണൻ എന്ന എം. എ. സാറിന്റെ നിര്യാണത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ അനുശോചിച്ചു.

കേരളത്തിലെ ബാല്യങ്ങൾക്ക് ഉണ്ണിക്കണ്ണനെ പരിചയപ്പെടുത്തുന്നതിലും, അവരുടെ പ്രിയ കളിത്തോളമായി ഉണ്ണിക്കണ്ണനെ മാറ്റിയതിലും, ശ്രീകൃഷ്ണജയന്തി ശോഭായാത്രകൾ കേരളമാകെ ജനകീയമാക്കുന്നതിലും അദ്ദേഹത്തിന്റെ പങ്ക് നിർണായകമായിരുന്നു. അമൃതഭാരതി, ബാലസംസ്‌കാരകേന്ദ്രം, ബാലസാഹിതീ പ്രകാശൻ, അന്താരാഷ്‌ട്ര ശ്രീകൃഷ്ണകേന്ദ്രം, സൗരക്ഷിക തുടങ്ങിയ നിരവധി മുന്നേറ്റങ്ങൾക്കും അദ്ദേഹം നേതൃത്വം നൽകി.

1954ൽ ആർഎസ്എസ് പ്രചാരകനായ എം. എ. കൃഷ്ണൻ പ്രാന്ത ബൗദ്ധിക് പ്രമുഖ്, പ്രചാർ പ്രമുഖ് തുടങ്ങിയ ചുമതലകളും വഹിച്ചു. 1964ൽ കേസരി പത്രാധിപരായി മാധ്യമരംഗത്തും വ്യക്തിമുദ്ര പതിപ്പിച്ചു. ‘നിളയുടെ ഇതിഹാസം’ ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളിലൂടെ സാംസ്‌കാരികവും സാമൂഹികവുമായ വിഷയങ്ങളിൽ അദ്ദേഹം ശക്തമായ ഇടപെടലുകൾ നടത്തി. ജന്മാഷ്ടമി ശോഭായാത്രകൾ, ബാലഗോകുലത്തിന്റെ പ്രവർത്തനങ്ങൾ, തപസ്യയുടെ സാംസ്‌കാരിക മുന്നേറ്റങ്ങൾ എന്നിവയിലൂടെ അദ്ദേഹം സൃഷ്ടിച്ച സ്വാധീനം നിസ്തുലമാണ്.

97-ാം വയസ്സിൽ എം. എ. സാറിന്റെ വിയോഗം ദേശീയപ്രസ്ഥാനങ്ങൾക്കും കേരളത്തിന്റെ സാംസ്‌കാരിക-സാമൂഹിക ജീവിതത്തിനും തീരാനഷ്ടമാണ്. അദ്ദേഹത്തിന്റെ ജീവിതവും പ്രവർത്തനങ്ങളും വരുംതലമുറകൾക്ക് എന്നും പ്രചോദനമായിരിക്കുമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

Recent Posts