
തിരുവല്ല: സൗദി അറേബ്യയിലെ തടങ്കല്‍പ്പാളയത്തില്‍ നിന്നു സഭയിലെ മൂന്നംഗങ്ങളെ മോചിപ്പിക്കാനുള്ള പരിശ്രമങ്ങള്‍ക്കു പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര സര്‍ക്കാരിനും മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭ ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തി.
കഴിഞ്ഞ ഒന്‍പതിനു പ്രധാനമന്ത്രി മോദിക്കെഴുതിയ കത്തില്‍, ഡാനിമോന്‍, ലിജു മാത്യു, മാത്യു ചെറിയാച്ചന്‍ എന്നിവരുടെ മോചനമുറപ്പാക്കാന്‍ പ്രധാനമന്ത്രിയും പ്രധാനമന്ത്രിയുടെ ഓഫീസിന്റെയും ആത്മാര്‍ത്ഥവും നിരന്തരവുമായ പരിശ്രമങ്ങള്‍ക്കു മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭാധ്യക്ഷന്‍ ഡോ. തിയോഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്തയാണ് നന്ദി അറിയിച്ചത്.
ഇതില്‍ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ‘സത്വര ഇടപെടലിനെയും സഹാനുഭൂതിയോടെയുള്ള പരിഗണനയെയും’ അങ്ങേയറ്റം വിലമതിക്കുന്നതായി മെത്രാപ്പോലീത്ത പറഞ്ഞു.
സൗദി അറേബ്യയിലെ ഭാരത എംബസിയുടെ ശ്രമങ്ങളെയും ഏകോപനത്തെയും പ്രശംസിച്ച അദ്ദേഹം, ഈ മോചനം തടവിലായിരുന്നവര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും വിശാല സമൂഹത്തിനും ‘വലിയ ആശ്വാസവും സന്തോഷവും’ നല്കിയതായും കൂട്ടിച്ചേര്‍ത്തു. മോചനം സാധ്യമാക്കുന്നതില്‍ പങ്കുവഹിച്ച എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തുകയും ഭാരത നയതന്ത്ര ശ്രമങ്ങളുടെ പങ്കിനെ കത്തില്‍ പ്രശംസിക്കുകയും ചെയ്തു. മൂന്ന് പേരുടെയും മോചനം അവരുടെ കുടുംബങ്ങള്‍ക്കും സഭാ സമൂഹത്തിനും വലിയ ആശ്വാസമേകിയതെന്ന് കത്തില്‍ പറയുന്നു.
പ്രധാനമന്ത്രിയുടെ ഇടപെടലിനും പിന്തുണയ്‌ക്കും നന്ദി അറിയിച്ച മെത്രാപ്പോലീത്ത, രാജ്യത്തിനും ജനങ്ങള്‍ക്കുമായുള്ള അദ്ദേഹത്തിന്റെ തുടര്‍ സേവനത്തിനായി പ്രാര്‍ത്ഥിക്കുകയും ചെയ്തു.
‘ബഹുമാനപ്പെട്ട പ്രധാനമന്ത്രി സര്‍, അങ്ങയുടെ വിലയേറിയ ഇടപെടലിനും പിന്തുണയ്‌ക്കുമുള്ള ഞങ്ങളുടെ ആഴമേറിയ നന്ദി ദയവായി സ്വീകരിച്ചാലുമെന്ന് കത്തില്‍ അറിയിച്ചു.
കത്തിന്റെ അവസാനം, ഡോ. തിയോഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത പ്രധാനമന്ത്രിക്ക് ആശംസകള്‍ നേര്‍ന്നു, രാജ്യത്തിനും ജനങ്ങള്‍ക്കുമായുള്ള അദ്ദേഹത്തിന്റെ സേവനത്തില്‍ സര്‍വശക്തനായ ദൈവം ‘ബുദ്ധിയും ശക്തിയും കൃപയും’ നല്കി അനുഗ്രഹിക്കട്ടെയെന്ന് പ്രാര്‍ത്ഥിച്ചു. ഡോ. തിയോഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്തയുടെ ഔദ്യോഗിക മുദ്രയും ഒപ്പുമുള്ള ഈ കത്ത് ന്യൂദല്‍ഹിയിലെ പ്രധാനമന്ത്രിയുടെ ഓഫീസിലേക്കാണ് അയച്ചത്.
സൗദി അറേബ്യയിലെ തടങ്കല്‍പ്പാളയത്തില്‍ നിന്നു സഭാംഗങ്ങളുടെ മോചനമുറപ്പാക്കുന്നതിനേകിയ സഹായത്തിനു മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭ രേഖപ്പെടുത്തിയ കൃതജ്ഞതയാണ് ഈ വാര്‍ത്താക്കുറിപ്പില്‍ പ്രതിഫലിക്കുന്നത്.