Kerala

അട്ടിമറി ശ്രമങ്ങളെ അതിജീവിച്ച് നിയമസഭാ കൈയാങ്കളിക്കേസ് നവംബര്‍ മൂന്നിന് വിചാരണയ്‌ക്ക്

Published by
ജന്മഭൂമി ഓണ്‍ലൈന്‍

വിചാരണ നേരിടുന്നത് മുന്‍മന്ത്രിമാരും എംഎല്‍എമാരും
നിയമസഭാ സെക്രട്ടറി ഒന്നാം സാക്ഷി
സിപിഎമ്മിന് കനത്ത തിരിച്ചടി

തിരുവനന്തപുരം: ജനാധിപത്യ ശ്രീകോവിലായി വാഴ്‌ത്തപ്പെടുന്ന നിയമസഭയെ കളങ്കപ്പെടുത്തിയ കൈയാങ്കളിക്കേസ് അട്ടിമറിക്കാനുള്ള സിപിഎമ്മിന്റെ സകല നീക്കങ്ങളെയും അതിജീവിച്ച് നവംബര്‍ മൂന്നിനു കേസില്‍ വിചാരണ തുടങ്ങുന്നു. മ്യൂസിയം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ 11 വര്‍ഷത്തിനു ശേഷമാണ് വിചാരണ തുടങ്ങുന്നത്. ഒന്നാം സാക്ഷിയായ അന്നത്തെ നിയമസഭാ സെക്രട്ടറി പി.ഡി. ശാര്‍ങ്ഗധരനെ ആദ്യദിനം വിസ്തരിക്കും. മുന്‍മന്ത്രിമാരായ വി. ശിവന്‍കുട്ടി, കെ.ടി. ജലീല്‍, എല്‍ഡിഎഫ് കണ്‍വീനറും മന്ത്രിയുമായിരുന്ന ഇ.പി. ജയരാജന്‍, മുന്‍ എംഎല്‍എമാരായ കെ. അജിത്, കെ. കുഞ്ഞഹമ്മദ്, സി.കെ. സദാശിവന്‍ എന്നിവര്‍ വരുംദിവസങ്ങളില്‍ തിരുവനന്തപുരം സിജെഎം കോടതിയില്‍ വിചാരണ നേരിടേണ്ടി വരും.

കേരള നിയമസഭാ ചരിത്രത്തില്‍ ജനാധിപത്യത്തിന് ഏറ്റവും വലിയ നാണക്കേടുണ്ടാക്കിയ സംഭവമായിരുന്നു 2015ല്‍ നിയമസഭയില്‍ അരങ്ങേറിയ അക്രമങ്ങള്‍. ബാര്‍ കോഴ അഴിമതിയില്‍പ്പെട്ട ധനമന്ത്രിയായിരുന്ന കെ.എം. മാണിയെ ബജറ്റ് അവതരിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് അന്നത്തെ പ്രതിപക്ഷമായ എല്‍ഡിഎഫ് അംഗങ്ങള്‍ നിയമസഭയ്‌ക്കുള്ളില്‍ അഴിഞ്ഞാടുകയും സ്പീക്കറുടെ ഡയസില്‍ അതിക്രമിച്ചു കയറി കസേര, കമ്പ്യൂട്ടറുകള്‍, മൈക്ക്, ഇലക്ട്രോണിക് പാനലുകള്‍ എന്നിവ അടിച്ച് തകര്‍ക്കുകയും ചെയ്തിരുന്നു. സിപിഎം നേതൃത്വത്തില്‍ ഇടതു ജനപ്രതിനിധികള്‍ ഗുണ്ടകളെപ്പോലെ പെരുമാറി ജനാധിപത്യത്തിന് നാണക്കേടുണ്ടാക്കിയ അക്രമത്തിലൂടെ 2,20,093 രൂപയുടെ പൊതുമുതലാണ് നശിപ്പിക്കപ്പെട്ടത്.

നവംബര്‍ മൂന്നിന് സാക്ഷി വിസ്താരം തുടങ്ങുന്ന കേസ് വേഗത്തില്‍ തീര്‍പ്പാക്കുന്നതിനായി അഡ്വ. കെ. സന്തോഷ് കുമാറിനെ സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചു. നവംബര്‍ മൂന്നിനു തിരുവനന്തപുരം സിജെഎം കോടതിയില്‍ ആരംഭിക്കുന്ന വിചാരണയില്‍ ഒന്നാം സാക്ഷിയായ അന്നത്തെ നിയമസഭാ സെക്രട്ടറി പി.ഡി. ശാര്‍ങ്ഗധരന്‍, സഭയിലെ ദൃശ്യങ്ങള്‍ അടങ്ങിയ ഡിജിറ്റല്‍ വീഡിയോ റിക്കാര്‍ഡ് ചെയ്ത എന്‍ജിനീയര്‍ എന്നിവരെയാണ് വിസ്തരിക്കുക.

കേസ് അട്ടിമറിക്കാനുള്ള സിപിഎം നീക്കംകോടതികള്‍ തള്ളി

നിരവധി അട്ടിമറി ശ്രമങ്ങളെ അതിജീവിച്ചാണ് കേസ് വിചാരണയ്‌ക്കെത്തുന്നത്. നിയമസഭയുടെ പവിത്രതയെയും ജനാധിപത്യ മൂല്യങ്ങളെയും തല്ലിത്തകര്‍ത്ത ഇടത് ജനപ്രതിനിധികള്‍ നിയമത്തിന്റെ മുന്നില്‍ വിചാരണ നേരിടേണ്ടി വരുന്നു എന്നത് നീതിപീഠത്തിന്റെ ശക്തമായ ഇടപെടലുകളുടെ തെളിവാണ്. കേസ് പിന്‍വലിച്ച് നേതാക്കളെ വിചാരണയില്‍ നിന്ന് രക്ഷിക്കാന്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ പരമാവധി ശ്രമിച്ചിരുന്നു.

2018ല്‍ കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ വിചാരണക്കോടതിയെ സമീപിച്ചെങ്കിലും കോടതി തള്ളി. തുടര്‍ന്ന് ഹൈക്കോടതിയെ സമീപിച്ചെങ്കിലും ജസ്റ്റിസ് വി.ജി. അരുണ്‍ (2021 മാര്‍ച്ച് 12), ജസ്റ്റിസ് സിയാദ് റഹ്‌മാന്‍ (2022 സപ്തംബര്‍ 2) എന്നിവരുടെ ബെഞ്ചുകള്‍ ഹര്‍ജികള്‍ തള്ളുകയായിരുന്നു. സഭയ്‌ക്കുള്ളിലെ അക്രമം ജനപ്രതിനിധികളുടെ പ്രത്യേക അവകാശമല്ലെന്നും ഇവര്‍ ക്രിമിനല്‍ വിചാരണ നേരിടണമെന്നും ഹൈക്കോടതി വിധിച്ചു. തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചു. എന്നാല്‍ 2021 ജൂലൈ 28ന് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് ഉള്‍പ്പെട്ട സുപ്രീം കോടതി ബെഞ്ച്, നിയമസഭയിലെ പ്രത്യേക അവകാശങ്ങള്‍ ക്രിമിനല്‍ നടപടികളില്‍ നിന്ന് രക്ഷപ്പെടാനുള്ള കവാടമല്ല എന്ന് അസന്ദിഗ്‌ദ്ധമായി വ്യക്തമാക്കി. ജനാധിപത്യത്തെ അവഹേളിച്ച ഭരണകക്ഷിയിലെ പ്രമുഖ നേതാക്കളുടെ രാഷ്‌ട്രീയ ഭാവി നിര്‍ണയിക്കുന്ന വിചാരണയിലേക്കാണ് കേരളം ഉറ്റുനോക്കുന്നത്.

 

Recent Posts