
രാഷ്‌ട്രീയ സ്വയംസേവക സംഘത്തില്‍ ചുമതലകള്‍ വഹിച്ചുതുടങ്ങിയ കാലം മുതല്‍ കേട്ടുതുടങ്ങിയതാണ് എം.എ സാര്‍ എന്ന വ്യക്തിത്വത്തെപ്പറ്റി. പിന്നീട് 1974 ലെ പ്രഥമവര്‍ഷ സംഘശിക്ഷാ വര്‍ഗ്ഗിലാണ് അദ്ദേഹത്തെ നേരിട്ടു കാണുന്നത്. അടുത്തറിഞ്ഞു പെരുമാറിത്തുടങ്ങിയപ്പോഴാണ് വിസ്മയിപ്പിക്കുന്ന, ഞാനറിയാതെ എന്നെ സ്വാധീനിച്ച, എം.എ സാറെന്ന ആ വ്യക്തിത്വത്തിന്റെ മഹത്വം ഉള്‍ക്കൊള്ളാനായത്.
1970കളുടെ തുടക്കത്തില്‍ കേസരി വാരികയുടെ പത്രാധിപത്യം എം.എ. കൃഷ്ണന്‍ ഏറ്റെടുക്കുമ്പോള്‍ ‘ബാലഗോകുലം’ എന്നത് കേസരി വാരികയിലെ ബാലപംക്തി മാത്രമായിരുന്നു. എം.എ സാറിന്റെ ക്രാന്തദര്‍ശിത്വത്തിന്റെയും സമര്‍ത്ഥമായ ലോകസംഗ്രഹ പാടവത്തിന്റെയും ഫലമായിട്ടാണ് ‘ഏട്ടിലെ പശു’ആയിരുന്ന ബാലഗോകുലം ചലിക്കുന്ന ബാലപ്രസ്ഥാനമായി ജനമനസ്സുകളിലേക്ക് ഇറങ്ങിവന്നത്. വാരികയുടെ ഏടുകളില്‍ നിന്ന് ബൃഹത്തായ ബാലപ്രസ്ഥാനത്തിലേക്കുള്ള ബാലഗോകുലത്തിന്റെ വിജയകരമായ പ്രയാണം എം.എ സാര്‍ എന്ന മഹാമനീഷിയുടെ അപാരമായ രാജ്യതന്ത്രജ്ഞതയുടെ ഉദാഹരണമാണ്.
എം.എ കൃഷ്ണന്‍ തിരുവിതാംകൂറില്‍ നിന്ന് കോഴിക്കോട്ട് സാമൂതിരിയുടെ തട്ടകത്തേക്കു കുടിയേറിയ കാലത്ത് മലബാറിലെ ചെറുതും വലുതുമായ ഒട്ടുമിക്ക ഗ്രാമക്ഷേത്രങ്ങളും തകര്‍ന്നടിഞ്ഞു കിടക്കുകയായിരുന്നു. കമ്യൂണിസ്റ്റുകളും യുക്തിവാദികളും അഴിഞ്ഞാടുന്ന കാലം-മാപ്പിളലഹളയുടെ സ്മരണകള്‍ നിലനില്‍ക്കേ കേട്ട ശബരിമല തീവയ്‌പ്പ് സംഭവത്തില്‍ ഹിന്ദുക്കള്‍ അന്തംവിട്ടു നില്‍ക്കുന്ന കാലം-ജനാധിപത്യവും പൗരസ്വാതന്ത്ര്യവും ചവിട്ടിമെതിക്കപ്പെട്ട് ഏകാധിപത്യം അരങ്ങുവാഴുന്ന കാലം-ഇതായിരുന്നു 1970 കൡല ആദ്യ പകുതിയിലെ കേരളത്തിന്റെ അവസ്ഥ. ഇവിടുത്തെ ഹിന്ദു സമൂഹത്തിന് ആത്മവിശ്വാസം വീണ്ടെടുക്കേണ്ടത് അനിവാര്യമായിരുന്നു. ഇക്കാര്യം ഗൗരവമായി ചിന്തിക്കാന്‍ കെല്‍പ്പുള്ള ഏക സംഘടനയായി അന്നു കേരളത്തില്‍ ഉണ്ടായിരുന്നത് ആര്‍എസ്എസ് ആണ്.
സംഘനേതൃനിരയില്‍ അന്നുണ്ടായിരുന്ന അഞ്ചു ”മഹാരഥന്മാ”-രായ ഭാസ്‌കര്‍ റാവുജി, പരമേശ്വര്‍ജി, മാധവ്ജി, എം.എ കൃഷ്ണന്‍, ഭാസ്‌കര്‍ജി എന്നിവരാണ് ആ ദൗത്യം ഏറ്റെടുത്ത് വിജയിപ്പിച്ചത്. കന്യാകുമാരി വിവേകാനന്ദ ശിലാസ്മാരക സ്ഥാപനം, അങ്ങാടിപ്പുറം തളി ക്ഷേത്ര സംരക്ഷണ പ്രക്ഷോഭ വിജയം, ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ ശോഭായാത്രകളുടെ തുടക്കം, ഭാരതീയ വിദ്യാനികേതന്‍ വിദ്യാലയങ്ങളുടെ വ്യാപകമായ പ്രവര്‍ത്തനാരംഭം, നിലയ്‌ക്കല്‍ പ്രക്ഷോഭ വിജയം, അവര്‍ണ്ണരായി ജനിച്ചവര്‍ക്കും പൂജാരികളാകാമെന്ന ‘പാലിയം വിളംബരം’ ഇതെല്ലാം മേല്‍പ്പറഞ്ഞ ‘പഞ്ചമഹാരഥ’ന്മാരുടെ പ്രവര്‍ത്തനഫലമായി നടന്ന കേരള നവോത്ഥാനത്തിന്റെ അടിസ്ഥാന ശിലാസ്ഥാപന കര്‍മ്മങ്ങളായിരുന്നു.
ബാലഗോകുലം എന്ന കൊച്ചുകുട്ടികളുടെ പ്രതിവാര കൂട്ടായ്‌മയെ തന്റെ ദീര്‍ഘദര്‍ശന സാമര്‍ത്ഥ്യത്താല്‍ ഒരു വലിയ സാംസ്‌കാരിക പരിവര്‍ത്തന ഉപകരണമാക്കി പരിണമിപ്പിച്ചുകൊണ്ട് സമൂഹത്തിലെ ആബാലവൃദ്ധം ജനങ്ങളെയും ആത്മവിശ്വാസത്തിന്റെ ഉത്തുംഗ ശൃംഗത്തിലേക്കു കൈപിടിച്ചുയര്‍ത്താന്‍ എംഎ സാറിനു സാധിച്ചു. അതിനായി സംഘതപസ്സിലൂടെ അദ്ദേഹം സ്‌നേഹം, അനുകമ്പ, ആത്മവിശ്വാസം, ഉള്‍ക്കരുത്ത് എന്നിവ നേരത്തെ തന്നെ നേടിയെടുത്തിരുന്നു. മുമ്പിലെത്തുന്ന ആരേയും ആകര്‍ഷിക്കാനും സ്‌നേഹം കൊണ്ട് അടയറവു പറയിക്കാനും തന്റെ ഏതാജ്ഞയും ശിരസ്സാവഹിക്കാന്‍ പ്രാപ്തരാക്കാനുമുള്ള അത്ഭുതവിദ്യ അദ്ദേഹത്തിനുണ്ടായിരുന്നു.
ശബരിമല യുവതീ പ്രവേശനം സംബന്ധിച്ച് സുപ്രീം കോടതിയില്‍നിന്നു വിധി വന്നതിന്റെ അടുത്ത ദിവസങ്ങളില്‍ അതിനെതിരെ പന്തളത്തും തെക്കന്‍ കേരളത്തിന്റെ പല ഭാഗങ്ങളിലും നടന്ന പ്രതിഷേധ പ്രകടനങ്ങളിലെ വമ്പിച്ച സ്ത്രീ സാന്നിദ്ധ്യം ഏവരെയും അത്ഭുതപ്പെടുത്തിയിരുന്നു. സുപ്രീം കോടതി വിധിയെ തത്വത്തില്‍ അംഗീകരിച്ചു പ്രസ്താവന ഇറക്കിയവര്‍ പലരും അതു മാറ്റിപ്പറയാന്‍ നിര്‍ബന്ധിതരായി. അത്ര ശക്തമായിരുന്നു അന്ന് തെരുവിലിറങ്ങിയ അമ്മമാരുടെ കണ്ഠങ്ങളില്‍ നിന്നുതിര്‍ന്ന നാമജപത്തിന്റെ ഊര്‍ജ്ജം.
1979 ല്‍ എം.എ സാറിന്റെ നേതൃത്വത്തില്‍ നടന്ന ആദ്യ ‘ശോഭായാത്ര’ യില്‍ കൊളുത്തിയ കൊച്ചു കൈത്തിരിയാണ് 40 വര്‍ഷം പിന്നിട്ട് വന്‍ തീപ്പന്തമായി, പ്രതിഷേധ ജ്വാലയായി കേരളമാകെ ആളിപ്പടര്‍ന്നത്. അന്നുവരെ ശ്രീകൃഷ്ണ ജന്മാഷ്ടമി ഹിന്ദുക്കള്‍ ആഘോഷിച്ചിരുന്നത് ക്ഷേത്രങ്ങളില്‍ അര്‍ദ്ധരാത്രി കൃഷ്ണ പൂജ നടത്തിയായിരുന്നു. പകല്‍ വെളിച്ചത്തില്‍ ഒന്നിച്ചുവന്നു ശ്രീകൃഷ്ണ നാമജപത്തോടെ ഭജനകള്‍ പാടി ശോഭായാത്ര നടത്തുക എന്നത് അസാധ്യം എന്നു കരുതപ്പെട്ടിരുന്നു. 1979 ല്‍ കേരളത്തിലെ ഹിന്ദു മനസ്സില്‍ ഭഗവാന്‍ ശ്രീകൃഷ്ണന്റെ പേരില്‍ കൊളുത്തിവെച്ച ആത്മവിശ്വാസത്തിന്റെ ആ അഗ്നിയാണ് ഇന്ന് കേരളമാകെ ജ്വാലയായി പടരുന്നത്.
ബാലഗോകുലത്തിന്റെ പ്രതിവാര ക്ലാസുകളെ സമാന്തര വിദ്യാഭ്യാസ കേന്ദ്രങ്ങളാക്കി മാറ്റിയത് എംഎ സാറിന്റെ ദീര്‍ഘദൃഷ്ടിയുടെ ഫലമായിട്ടാണ്. ദേശീയ ബോധവും ആത്മാഭിമാനവും ഉളവാക്കുന്ന കഥാപഠനവും മലയാള ഭാഷാ പഠനവും ഇതിഹാസ-പുരാണപഠനവും തനതു മലയാള കവിതാപഠനവും ഗോകുലങ്ങളിലൂടെ നടത്തപ്പെട്ടു. അതിനുവേണ്ടി ബാലമിത്രങ്ങളെയും, അദ്ധ്യാപകരായ രക്ഷാധികാരിമാരെയും വ്യാപകമായി കേരളത്തിലെ ഗ്രാമങ്ങളില്‍ രംഗത്തിറക്കി. ഈയൊരു ലക്ഷ്യത്തിനായി കുഞ്ഞുണ്ണിമാസ്റ്റര്‍, സുഗതകുമാരി, അക്കിത്തം, എന്‍.എന്‍ കക്കാട് മുതലായ മഹാമനീഷികളെ അദ്ദേഹം കൂടെക്കൂട്ടി. ഇടതുപക്ഷമെന്നു മുദ്രകുത്തപ്പെട്ട കവികള്‍, സാഹിത്യകാരന്മാര്‍, പ്രഗത്ഭരായ അദ്ധ്യാപകര്‍ എന്നിവരെ സമ്പര്‍ക്കം ചെയ്ത് ഈ നവോത്ഥാന പ്രക്രിയയില്‍ പങ്കാളികളാക്കി. ബാലഗോകുലം പ്രതിവാര ക്ലാസുകളുടെ പാഠ്യ പദ്ധതി തയ്യാറാക്കുന്നതിലും കുട്ടികള്‍ക്ക് വായിച്ചാസ്വദിക്കാനുള്ള കുട്ടിക്കവിതകള്‍, കടംകഥകള്‍, പഴഞ്ചൊല്ലുകള്‍ എന്നിവ ശേഖരിച്ചു സമാഹരിക്കുന്നതിനും, സ്വയം രചിക്കുന്നതിനും അവര്‍ സഹകരിച്ചു.
സാധാരണക്കാരായ പ്രവര്‍ത്തകരെ ഗോകുല പരിപാടികളിലൂടെ പ്രശസ്തരാക്കാനും, പ്രശസ്തവ്യക്തികളെ ഈ പ്രവര്‍ത്തനവുമായി അടുപ്പിക്കാനും ശ്രമിച്ച എംഎ സാര്‍ സ്വയം പ്രശസ്തിയില്‍ നിന്ന് മാറിനില്‍ക്കാനാണ് ആഗ്രഹിച്ചത്.
വര്‍ഷങ്ങള്‍ക്കു ശേഷം തിരിഞ്ഞുനോക്കുമ്പോള്‍ ഒരു സാധാരണ ഗ്രാമവിദ്യാലയത്തിലെ അദ്ധ്യാപകനായി കഴിഞ്ഞ എന്നെ മാനസികമായും ബൗദ്ധികമായും സാംസ്‌കാരികമായും ഉയര്‍ത്തിയെടുത്ത എംഎ സാറിന്റെ ശില്‍പചാതുര്യത്തെ അത്യന്തം ആദരവോടെ മാത്രമേ കാണാനാവൂ. ഒന്നും അദ്ദേഹം പ്രത്യേകം പഠിപ്പിച്ചില്ല, എന്നാല്‍ കൂടെ നടന്നു പലതും പഠിച്ചു. എല്ലാം നന്മയുടെ പാഠങ്ങളായിരുന്നു. ”എല്ലാവരിലും നന്മയുടെ അംശമുണ്ട്. അതു വളര്‍ത്തിയെടുക്കണം” എന്നതായിരുന്നു അതില്‍ പ്രധാനം. ”ഒന്നും അസാധ്യമെന്നു കരുതരുത്; പ്രയത്‌നിച്ചു വിജയിപ്പിക്കണം”, ”അറിവു നിരന്തരമായി നേടിക്കൊണ്ടിരിക്കണം” മുതലായ നിരവധി പാഠങ്ങള്‍ എംഎ സാറിന്റെ കാല്‍ക്കല്‍ ഇരുന്നു സ്വായത്തമാക്കാന്‍ കഴിഞ്ഞു എന്നതാണ് എനിക്ക് കിട്ടിയ അനുഗ്രഹം. കുറഞ്ഞ സമയമെങ്കിലും കൂടെ കഴിയാനവസരം കിട്ടിയ ഏതൊരാള്‍ക്കും ഈയൊരനുഭവം തന്നെയാവും പറയാനുണ്ടാവുക.
സി. ശ്രീധരന്‍ അത്തോളി (ബാലഗോകുലം മുന്‍ സംസ്ഥാന അധ്യക്ഷന്‍)