
ലുധിയാന: പഞ്ചാബിലെ ജലന്ധറിലുള്ള ലവ്‌ലി പ്രൊഫഷണൽ യൂണിവേഴ്‌സിറ്റിയിൽ (എൽ.പി.യു.) വിദ്യാർഥികൾ നടത്തിയ പ്രതിഷേധവുമായി ബന്ധപ്പെട്ട് ഒരു മലയാളി വിദ്യാർഥി അറസ്റ്റിലെന്ന് റിപ്പോർട്ട്.വാഹനങ്ങൾ കത്തിച്ചതുമായി ബന്ധപ്പെട്ടാണ് അറസ്റ്റ് എന്നാണ് വിവരം. എന്നാൽ ഇതിനെ സ്ഥിരീകരിക്കുന്ന ഔദ്യോഗിക വിവരങ്ങളൊന്നും ഇതുവരെയും ലഭ്യമായിട്ടില്ല. കാമ്പസിൽ കുടുങ്ങിയിട്ടുള്ള മലയാളി വിദ്യാർഥികളെ നാട്ടിലെത്തിക്കാനുള്ള ശ്രമം തുടരുന്നതായി പഞ്ചാബിലെ ഓൾ ഇന്ത്യ മലയാളി അസോസിയേഷൻ (എഐഎംഎ) പ്രതിനിധി അറിയിച്ചു.
സംഘർഷത്തിനിടെ പരിക്കേറ്റ മലയാളി വിദ്യാർഥികൾക്ക് ആവശ്യമായ ചികിത്സയും സുരക്ഷയും ഉറപ്പാക്കാൻ എഐഎംഎ സജീവമായി ഇടപെടുന്നുണ്ടെന്ന് അസോസിയേഷന്റെ പഞ്ചാബിലെ എയ്‌മ പ്രതിനിധി പറഞ്ഞു. സംഘർഷത്തിനിടെ പരിക്കേറ്റ മലപ്പുറം സ്വദേശിയായ വിദ്യാർത്ഥിയെ ലുധിയാന ക്രിസ്ത്യൻ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം നാട്ടിലേക്കയച്ചതായും അദ്ദേഹം പറഞ്ഞു. ക്യാമ്പസിൽ കുടുങ്ങിയ 700-ഓളം വിദ്യാർത്ഥികളെ ബസുകളിലും മറ്റു വാഹനങ്ങളിലുമായി ചണ്ഡീഗഡ്, ഡൽഹി എന്നിവിടങ്ങളിലേക്ക് മാറ്റാനുള്ള ശ്രമങ്ങൾ എഐഎംഎ പ്രവർത്തകരുടെ നേതൃത്വത്തിൽ തുടരുകയാണ്.
അതേസമയം, പോലീസ് വാഹനത്തിന് തീയിട്ടെന്ന ആരോപണത്തിൽ ഒരു മലയാളി വിദ്യാർഥി അറസ്റ്റിലായതായി സൂചനയുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംഘർഷത്തെ തുടർന്ന് സർവ്വകലാശാല നിലവിൽ ദീർഘകാല അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിലൂടെ വിദ്യാർഥികള ക്യാമ്പസിൽ നിന്ന് ഒഴിപ്പിക്കാനാണ് അധികൃതരുടെ തീരുമാനം. നിലവിൽ കാമ്പസ് പൂർണമായും പോലീസിന്റെ നിയന്ത്രണത്തിലാണ്.