World

പൊതുസ്ഥലങ്ങളില്‍ മുഖം മറയ്‌ക്കരുത് ; സ്‌പെയിനില്‍ ബുര്‍ഖയ്‌ക്കും നിഖാബിനും നിരോധനം

Published by
ജന്മഭൂമി ഓണ്‍ലൈന്‍

മാഡ്രിഡ്: സ്‌പെയിനിലെ ലെയ്ഡ നഗരത്തില്‍ പൊതുസ്ഥലങ്ങളില്‍ മുഖം പൂര്‍ണമായി മറയ്‌ക്കുന്ന വസ്ത്രങ്ങള്‍ക്ക് വിലക്ക്. ബുര്‍ഖ, നിഖാബ് തുടങ്ങിയ മുഖാവരണങ്ങള്‍ക്കാണ് പുതിയ നഗരസഭാ ചട്ടത്തിലൂടെ നിയന്ത്രണം ഏര്‍പ്പെടുത്തിയത്. നിയമം ലംഘിക്കുന്നവര്‍ക്ക് 400 മുതല്‍ 750 യൂറോ വരെ പിഴ ചുമത്തും. ആരാധനാലയങ്ങള്‍, സാമൂഹികമായി മുഖം മറയ്‌ക്കുന്ന ഇടങ്ങള്‍, ആശുപത്രികള്‍ എന്നിവയ്‌ക്ക് ചട്ടത്തില്‍ ഇളവുണ്ട്.

2010 ല്‍ നഗരസഭ സമാനമായ നിരോധനം കൊണ്ടു വന്നിരുന്നു. മുസ്ലിം സംഘടനയുടെ നിയമപോരാട്ടത്തെ തുടര്‍ന്ന് 2013 ല്‍ സ്പാനിഷ് സുപ്രീം കോടതി നഗരസഭാ ഉത്തരവ് റദ്ദാക്കുകയായിരുന്നു.

അടിസ്ഥാന അവകാശമായ മതസ്വാതന്ത്ര്യത്തെ നിയന്ത്രിക്കാന്‍ നഗരസഭയ്‌ക്ക് നിയമാധികാരമില്ലെന്നായിരുന്നു സുപ്രീം കോടതി വിധിയുടെ നിലപാട്. എന്നാല്‍ നിയമപരമായ വെല്ലുവിളികള്‍ ഒഴിവാക്കുന്ന തരത്തിലാണ് പുതിയ ചട്ടം തയാറാക്കിയിരിക്കുന്നതെന്ന് നഗരസഭ വ്യക്തമാക്കി.

Recent Posts