Samskriti

ആലോചനാമൃതം: എളിമയുടെ തിളക്കം

Published by
അമ്പലപ്പുഴ രാജഗോപാല്‍

നാമെല്ലാം ഈ ലോകത്തില്‍ എത്രയോ നിസ്സാരന്മാരാണ്. വളരെ തുച്ഛമായ നമ്മുടെഅറിവില്‍ നിന്നുകൊണ്ട് നാം സഞ്ചരിയ്‌ക്കുന്ന ജീവിതപ്പാതയില്‍ നമുക്കുമുന്നേ സഞ്ചരിച്ച മഹാപ്രതിഭകളുടെ ആത്മബോധപരമായ ഉള്‍ക്കാഴ്‌ച്ചകള്‍ നാം പഠിച്ചുവെക്കണം; ഓരോ നിമിഷവുമെന്നപോലെ ഭാവിയിലും പ്രാവര്‍ത്തികമാക്കുവാന്‍.ലോകംകണ്ട മഹാപുരുഷന്മാര്‍ കാഴ്ചവെച്ച സ്വയംവിലയിരുത്തലുകള്‍ നമ്മെ ഇരുത്തിച്ചിന്തിപ്പിയ്‌ക്കുന്നവയാണ്.

ഒന്നുകൊണ്ടും അഹങ്കരിക്കുന്നവരായിരുന്നില്ല അവരാരും. എന്ന് മാത്രമല്ല, അവരെക്കുറിച്ച് ആരെന്തു പുകഴ്‌ത്തിയാലും അതിലൊന്നും ആവേശം കൊണ്ട് അവര്‍ ഭ്രമിച്ചുപോകുന്നവരുമായിരുന്നില്ല. ”മലകളിളകിലും മഹാജനാനാം മനമിളകാ” എന്നതുതന്നെ. ഏതുഭാഗത്തുനിന്നും ഏതുവിധേനയുള്ള പ്രശംസ കേട്ടാലും ഉള്‍ക്കാഴ്‌ച്ചയില്ലാതെ സ്വയം മറന്നുപോകുംവിധമുള്ള വിഭ്രമാവസ്ഥ അവരെ ബാധിക്കുമായിരുന്നില്ല.

ആത്മസംയമനത്തിന്റെ എന്നതുപോലെതന്നെ നിശിതമായ സ്വയംവീക്ഷണത്തിന്റെ ബൃഹത്ഗ്രന്ഥങ്ങളുമായിരുന്നു അവര്‍. താനെത്രയോ നിസ്സാരനാണ്!’ എന്ന ബോധമാണ് അവരെ ഉല്‍കൃഷ്ട വ്യക്തികളാക്കിയത്.

പരമമായ സത്യം എന്താണെന്ന് അവര്‍ക്കു നല്ല ബോധ്യമായിരുന്നു. ആ സത്യത്തിന്റെ മുന്നില്‍ താന്‍ തുലോംതുച്ഛനാണെന്ന സദാ ഉദ്ദീപ്തമായ ശാശ്വതബോധമാണ് അവരെ ഭരിച്ചിരുന്നത്. ആ എളിമയാണ്, മഹത്തായ ആ ലോകവീക്ഷണമാണ് ആ മഹാത്മാക്കളെ ലോകാരാധ്യരാക്കിയത്. ‘മഹാജ്ഞാനത്തിന്റെ പീഠം’തന്നെ കയ്യടക്കിയത് !

ലോകമെങ്ങുമറിയപ്പെടുന്ന മഹാജ്ഞാനിയായിരുന്നു ജഗദ് ഗുരു ശ്രീശങ്കരാചാര്യര്‍. വേദാന്ത സത്യങ്ങളെ പ്രചരിപ്പിക്കുന്നതില്‍ അദ്ദേഹം അദ്വിതീയനായിരുന്നു. ആദിശങ്കരാചാര്യര്‍ എന്നറിയപ്പെടുന്ന അദ്ദേഹം കൊച്ചുപ്രായത്തില്‍ത്തന്നെ അറിവിന്റെ ഒരു മഹാഗോപുരമായിരുന്നു. അദ്ദേഹത്തിന്റെ വാക്കുകള്‍ ലോകമെങ്ങും ശ്രദ്ധാപൂര്‍വ്വം കേട്ടിരുന്നു. ഒരുദിവസം ശ്രീശങ്കരന്‍ സമുദ്രതീരത്തിരുന്ന് ശിഷ്യഗണങ്ങളെ പഠിപ്പിക്കുകയായിരുന്നു. ഗുരുവിന്റെ ഉപദേശങ്ങളെല്ലാം കേട്ടശേഷം ഒരു ശിഷ്യന്‍ അദ്ദേഹത്തോട് ആദരപുരസ്സരം ഇങ്ങനെ പറഞ്ഞു: ‘ഗുരോ, അങ്ങ് മഹാജ്ഞാനിയും സര്‍വ്വ ശാസ്ത്രപാരംഗതനുമാണ്. വാസ്തവത്തില്‍ ഇന്നീ ഭൂമിയില്‍ അങ്ങയെപ്പോലെ ജ്ഞാനിയായി മറ്റൊരാളില്ല. അവിടുത്തെ ജ്ഞാനം പൂര്‍ണ്ണമാണ്!’ ശിഷ്യന്റെ സ്‌നേഹസമ്പൂര്‍ണ്ണമായ ഈ വാക്കുകള്‍ കേട്ട് ശങ്കരാചാര്യസ്വാമികള്‍ എപ്പോഴും കൊണ്ടുനടക്കുന്ന തന്റെ കൈവശമുള്ള ദണ്ഡ് സമുദ്രജലത്തില്‍ മുക്കിയെടുത്തിട്ട് പറഞ്ഞു: ‘നോക്കൂ, ഈ ദണ്ഡിന്റെ അഗ്രഭാഗം കാണുക, ഇത് സമുദ്രജലത്തില്‍ മുക്കിയെടുത്തെങ്കിലും കുറച്ചുവെള്ളത്തുള്ളികള്‍മാത്രം അതോടൊപ്പമുണ്ട്; ‘ജ്ഞാനം’ സമുദ്രം പോലെ വിശാലവും അഗാധവുമാണ്. ഞാന്‍ ആ അഗാധ ജ്ഞാനത്തില്‍ നിന്ന് ‘കുറച്ചു’കാര്യങ്ങള്‍ പഠിച്ചിരിയ്‌ക്കുന്നു. പല ജന്മങ്ങള്‍ കൊണ്ടുപോലും സമ്പൂര്‍ണ്ണജ്ഞാനം നേടാനാവില്ലതന്നെ!’

ലോകം ആരാധിക്കുന്ന മഹാഗുരുവിന്റെ ലേശവും അഹങ്കാരമില്ലായ്‌മയില്‍ ശിഷ്യര്‍ അത്ഭുതാദരങ്ങളോടെ കൈകൂപ്പിനിന്നു. ഒപ്പം അവരുടെ ഉള്ളിലേക്ക് സ്വയംഒന്നുകൂടി ഇറങ്ങിച്ചെല്ലുവാനും കഴിഞ്ഞു. നാം ആരെന്നും, എന്തെന്നും ,എത്രത്തോളമെന്നും നാംതന്നെ അറിയുമ്പോഴാണ് നമുക്ക് നമ്മളിലെ നിസ്സാരത്വം മനസ്സിലാകുന്നതുംമറ്റുള്ളവര്‍ നമ്മെ വിലയിരുത്തുന്നതും. അത് ഒരിക്കലുംമറന്നുകൂടാത്തതാണ്. ജീവിതത്തില്‍ വലിപ്പം എളിമയുടെ തിളക്കമാണ്.എളിമയെ പഠിക്കുക. അവിടെയാണ് മഹത്വത്തിന്റെ ബാലപാഠം ഉദയംചെയ്യുന്നത്. എന്നാല്‍ ഈ എളിമ മറ്റുള്ളവരുടെ മുന്നില്‍ കാണിക്കാനുള്ള വെറും പ്രകടനമാകരുത്. അത്തരം പ്രഹസനങ്ങള്‍ക്കു യഥാര്‍ത്ഥ എളിമയുടെ തിളക്കം ഉണ്ടാവുകയുമില്ല.

Recent Posts