
കൊച്ചി : മുഖ്യമന്ത്രി വി.ഡി. സതീശനോട് ചോദ്യം ചോദിക്കുന്നതിൽ നിന്ന് മാധ്യമപ്രവർത്തകരെ വിലക്കി പോലീസ്. കൊച്ചിയിലെ മുഖ്യമന്ത്രിയുടെ പരിപാടി റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരെയാണ് അസിസ്റ്റന്റ് കമ്മിഷണർ പീറ്റർ കെ.ജെ തടഞ്ഞത്.മുഖ്യമന്ത്രിയുടെ ചാർട്ടേർഡ് വിമാനയാത്ര അജ്ഞാതനായ സ്പോൺസർ ചെയ്യപ്പെട്ടതാണെന്ന വാർത്ത വിവാദമായ പശ്ചാത്തലത്തിലാണ് അദ്ദേഹം ചോദ്യങ്ങളിൽനിന്ന് ഒഴിഞ്ഞുമാറുന്നത്.
മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കരുതെന്നും അദ്ദേഹത്തിന് മറുപടി പറയാൻ താത്പര്യമില്ലെന്നുമാണ് അസിസ്റ്റന്റ് കമ്മിഷണർ മാധ്യമപ്രവർത്തകരോട് പറഞ്ഞത്. ഇസഡ് പ്ലസ് സുരക്ഷയുള്ള ആളാണ് മുഖ്യമന്ത്രി. അതിനാൽ മാധ്യമപ്രവർത്തകർ അദ്ദേഹത്തിന്റെ സമീപത്തുനിന്ന് മാറിനിൽക്കണമെന്നും അസിസ്റ്റന്റ് കമ്മിഷണർ നിർദേശിച്ചു.
ചോദ്യങ്ങൾ വിലക്കാൻ മുകളിൽനിന്ന് നിർദേശം നൽകിയിട്ടുണ്ടോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, ‘നിങ്ങൾ എന്ത് വേണമെങ്കിൽ കൊടുത്തോളൂ, എന്നെ തൂക്കിക്കൊല്ലുകയൊന്നും ഇല്ലല്ലോ’ എന്നായിരുന്നു അസിസ്റ്റന്റ് കമ്മിഷണറുടെ മറുപടി.
കഴിഞ്ഞദിവസം മുഖ്യമന്ത്രി മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറിയിരുന്നു. ഇടുക്കി ജില്ലയിലെ ഭൂപ്രശ്‌നങ്ങൾ ചർച്ച ചെയ്യാൻ എത്തിയ മുഖ്യമന്ത്രി വി.ഡി സതീശൻ യോഗത്തിന് ശേഷം പുറത്തേക്ക് ഇറങ്ങവേ മാധ്യമപ്രവർത്തകർ വിവാദവിഷയത്തിൽ പ്രതികരണം ആരാഞ്ഞു. എന്നാൽ ‘ഞാൻ നിങ്ങളെ കാണുന്നില്ലെ’ന്നാണ് അദ്ദേഹം പറഞ്ഞത്. മാറിനിൽക്കണമെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് ആവശ്യപ്പെട്ടു. മാധ്യമ പ്രവർത്തകരെ മാറ്റാനായി പോലീസിനോടും അദ്ദേഹം നിർദേശിച്ചിരുന്നു.