
തിരുവനന്തപുരം: കേരളപ്പിറവിയുടെ 70 -ാം വാര്‍ഷികത്തോടനുബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ ഫെസ്റ്റിവല്‍ കേരള എന്നപേരില്‍ രാജ്യത്തെ വിവിധയിടങ്ങളില്‍ പ്രത്യേക പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍. കേരളത്തിന്റെ പ്രത്യേകതകളെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ എത്തിക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കേരളത്തിന്റെ തനതായ കലാരൂപങ്ങള്‍ ഈ പരിപാടിയില്‍ പ്രദര്‍ശിപ്പിക്കും. വ്യവസായ നിക്ഷേപ താത്പര്യം മുന്‍നിര്‍ത്തിയുള്ള ചര്‍ച്ചകള്‍ നടത്തും. കേരളത്തിന്റെ ടൂറിസം സാധ്യതകളും കേരളത്തിലുള്ള നിക്ഷേപ സാധ്യതകളും മുന്നോട്ടുവച്ചുള്ള വ്യവസായ നിക്ഷേപക മീറ്റുകള്‍ ഇതിന്റെ ഭാഗമായി നടത്തും. ആദ്യഘട്ടത്തില്‍ ഇന്ത്യയിലെ പ്രധാന നഗരങ്ങളിലാകും ഫെസ്റ്റിവല്‍ കേരള നടത്തുക. രാജ്യത്തിന് പുറത്തേക്ക് വേണമോ എന്നുള്ള കാര്യം രണ്ടാംഘട്ടത്തില്‍ പരിശോധിക്കും. ദല്‍ഹി, മുംബൈ, ബാംഗളുരു, ചെന്നൈ, കൊല്‍ക്കത്ത ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലാണ് ഇപ്പോള്‍ ഫെസ്റ്റിവല്‍ കേരള നടത്തുന്നത്. രാജ്യത്തിന്റെയും ലോകത്തിന്റെയും മുന്നില്‍ കേരളത്തെ കൂടുതല്‍ അവതരിപ്പിക്കാനും, കൂടുതല്‍ നിക്ഷേപ സാധ്യതകളും, കൂടുതല്‍ ടൂറിസ്റ്റുകള്‍ കേരളത്തിലേക്ക് വരുന്നതിനും പ്രയോജനകരമായ തരത്തിലുള്ള വലിയ ക്യാമ്പയിനാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്.