India

എസ്‌സി സർട്ടിഫിക്കറ്റിൽ ഒരാൾ ഏത് മതാചാരമാണ് പിന്തുടരുന്നത് എന്നത് മാത്രമാണ് പരിഗണിക്കേണ്ടത്, അല്ലാതെ നിറവും മുടിയും അല്ല: മദ്രാസ് ഹൈക്കോടതി

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ചെന്നൈ: ഒരാളുടെ ചർമ്മത്തിന്റെ വെളുത്ത നിറം, ഉയരം, ചുരുണ്ട മുടി തുടങ്ങിയ ശാരീരിക സവിശേഷതകൾ വച്ച് മാത്രം അവരുടെ മതമോ ജാതിയോ നിർണ്ണയിക്കാനാകില്ലെന്ന് മദ്രാസ് ഹൈക്കോടതി. നരവംശശാസ്ത്രജ്ഞരുടെ ശാസ്ത്രീയമായ പരിശോധനകളോ തെളിവുകളോ ഇല്ലാതെ ഇത്തരം കാര്യങ്ങൾ വച്ച് കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റിന്റെ സാധുത ചോദ്യം ചെയ്യാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി.കേസിൽ ഹർജിക്കാരന്റെ ഭാഗം വിശദമായി കേൾക്കാനും 8 ആഴ്ചയ്‌ക്കുള്ളിൽ വിഷയം പുനഃപരിശോധിച്ച് പുതിയ ഉത്തരവിറക്കാനും ജില്ലാ വിജിലൻസ് സമിതിയോട് ഹൈക്കോടതി നിർദ്ദേശിച്ചു.

ഡെപ്യൂട്ടി കമ്മീഷണറായി വിരമിക്കാനിരുന്ന ഉദ്യോഗസ്ഥന്റെ പട്ടികജാതി സർട്ടിഫിക്കറ്റ് റദ്ദാക്കിയ ജില്ലാതല വിജിലൻസ് കമ്മിറ്റിയുടെ ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് ഹൈക്കോടതിയുടെ സുപ്രധാന നിരീക്ഷണം.ചെന്നൈ ജി.എസ്.ടി ജനറൽ കമ്മീഷണറേറ്റിൽ അസിസ്റ്റന്റ് കമ്മീഷണറായ എം. രവികുമാർ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ഭരത ചക്രവർത്തിയുടെ വിധിയുണ്ടായത്. ഹിന്ദു ആദി ദ്രാവിഡ സമുദായത്തിൽപ്പെട്ട രവികുമാറിന്റെ പിതാവ് പിന്നീട് ക്രിസ്തുമതം സ്വീകരിച്ചിരുന്നു.

എന്നാൽ പിന്നീട് ആര്യസമാജം വഴി രവികുമാറും പിതാവും വീണ്ടും ഹിന്ദുമതത്തിലേക്ക് മടങ്ങിയെത്തി. തുടർന്ന് ലഭിച്ച സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹം ജോലിയിൽ പ്രവേശിച്ചത്. എന്നാൽ വിരമിക്കുന്നതിന് തൊട്ടുമുമ്പ് സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് കാട്ടി വിജിലൻസ് സമിതി റദ്ദാക്കുകയായിരുന്നു.ഹർജിക്കാരനും കുടുംബവും വെളുത്ത നിറമുള്ളവരും ഉയരമുള്ളവരുമാണെന്നും, ഇംഗ്ലീഷും തമിഴും സംസാരിക്കുന്നവരാണെന്നും ചൂണ്ടിക്കാട്ടിയാണ് വിജിലൻസ് കമ്മിറ്റി സർട്ടിഫിക്കറ്റ് തള്ളിയത്.

എന്നാൽ കുടുംബം പൂർണ്ണമായും ഹിന്ദു ആചാരപ്രകാരമാണ് ജീവിക്കുന്നതെന്നും മക്കളുടെ വിവാഹം അടക്കം ഹിന്ദു ആചാരപ്രകാരമാണ് നടന്നതെന്നും ഹർജിക്കാരൻ ചൂണ്ടിക്കാട്ടി. ഒരാൾ ഏത് മതാചാരമാണ് പിന്തുടരുന്നത് എന്നത് മാത്രമാണ് പരിഗണിക്കേണ്ടതെന്നും, വെളുത്ത നിറവും ചുരുണ്ട മുടിയും ഉയരവും ഉള്ളതുകൊണ്ട് ഒരാൾ ക്രിസ്തുമത വിശ്വാസിയാണെന്ന് അനുമാനിക്കുന്നത് നിയമപരമായി നിലനിൽക്കില്ലെന്നും കോടതി വിലയിരുത്തി.

Recent Posts